ernakulam local

എടത്തല പോലിസ് മര്‍ദ്ദനം; കുറ്റക്കാരെ സര്‍വീസില്‍ നിന്ന് പിരിച്ച് വിടണം:എസ്ഡിപിഐ

കൊച്ചി: ആലുവ എടത്തലയില്‍ പോലിസ് മര്‍ദനക്കേസില്‍ പ്രതികളായ പോലിസുകാരെ സര്‍വീസില്‍ നിന്നും പിരിച്ച് വിടണമെന്ന് എസ്ഡിപി ഐ ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്തലി പറഞ്ഞു.
നാല് പോലിസുകാര്‍ ചേര്‍ന്ന് അതിക്രൂരമായ നരനായാട്ടാണ് നോമ്പ് തുറക്കാനായി പോയ ഉസ്മാന്‍ എന്ന ചെറുപ്പക്കാരന്റെമേല്‍ നടത്തിയത്. നിസാര സംഭവത്തിന്റെ പേരില്‍ നടുറോഡിലും പോലിസ് സ്‌റ്റേഷനിലുമായി നടന്ന മര്‍ദ്ദനത്തില്‍ ഉസ്മാന്റെ താടിയെല്ല് തകരുകയും മൂക്കില്‍ നിന്ന് ചോര വന്ന് അത്യാസന്ന നിലയിലാവുകയും  ചെയ്തു.
ഗുരുതരാവസ്ഥയയിലായ ചെറുപ്പക്കാരനെ ആശുപത്രിയില്‍ കൊണ്ടുപോയത് തന്നെ നാട്ടുകാരുടെ ഇടപെടലിന് ശേഷമാണ്. എടത്തലയിലേത് ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തിലെ മിക്കവാറും പോലിസ് സ്‌റ്റേഷനിലേയും അവസ്ഥയാണ് ഓരോ ദിവസവും ജനങ്ങള്‍ കണ്ട് കൊണ്ടിരിക്കുന്നത്.
ഗുണ്ടകള്‍ അക്രമിക്കും പോലെ നിരപരാധിയെ ക്രൂരമായി തല്ലിച്ചതക്കാന്‍ പോലിസിന് ധൈര്യം ലഭിക്കുന്നത് പിണറായി വിജയന്റെ അഭ്യന്തരനയം തന്നെയാണ്. ഗുരുതരമായി പരിക്കേറ്റ ഉസ്മാന് പരിക്കില്ലെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരേ കേസെടുക്കണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു.
നേരത്തെ വരാപ്പുഴ ശ്രീജിത് സംഭവത്തിലും യാതൊരു പരിക്കുമില്ലെന്ന് പറവൂര്‍ താലൂക്ക്  ആശുപത്രിയിലെ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു.  ഇത്തരം കേസുകളിലെല്ലാം പോലിസും ഡോക്ടര്‍മാരും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട് നിലനില്‍ക്കുന്നുണ്ട്.
എടത്തല സംഭവത്തില്‍ എടപ്പാള്‍ മോഡലില്‍ വാദിയെ പ്രതിയാക്കാനാണ് പോലിസിപ്പോള്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് ഉസ്മാനെതിരേ പോലിസ് കേസെടുത്തിരിക്കുന്നത്. ഉസ്മാന്‍ രക്ഷപ്പെട്ടത് നാട്ടുകാരുടെ സന്ദര്‍ഭോജിതമായ ഇടപെടല്‍ മൂലമാണ്.
അല്ലെങ്കില്‍ വരാപ്പുഴയിലെ ശ്രീജിത്തിനെപ്പോലെ പോലിസ് കസ്റ്റഡിയില്‍ ഉസ്മാന്‍ കൊല്ലപ്പെടുമായിരുന്നു. അടിക്കടിയുണ്ടാവുന്ന വീഴ്ചകളില്‍ നടപടിയെടുക്കാത്തതാണ് വീണ്ടും വീണ്ടും നെറികേട് ചെയ്യാന്‍ പോലിസിനെ പ്രേരിപ്പിക്കുന്നത്.
വരാപ്പുഴ ശ്രീജിത്തിന്റെ ഉരുട്ടിക്കൊലയിലും കോട്ടയം കെവിന്റെ മുക്കിക്കൊലയിലും ഉന്നതരെ രക്ഷപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. സര്‍ക്കാറിന്റെ പോലിസ് നയം തിരുത്തുകയും പിണറായി വിജയന്‍ അഭ്യന്തര വകുപ്പ് ഒഴിയാന്‍ തയ്യാറാവണമെന്നും വി കെ ഷൗക്കത്തലി ആവശ്യപ്പെട്ടു.
കുറ്റക്കാര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് എസ്ഡിപിഐ ഉള്‍പ്പെടെയുള്ള സംഘടനകളുടെ നേതൃത്വത്തില്‍ എടത്തല പോലിസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഷൗക്കത്ത് അലി, ജില്ലാ സെക്രട്ടറി സുല്‍ഫിക്കര്‍ അലി, ആലുവ മണ്ഡലം പ്രസിഡന്റ് ഷിജു ബക്കര്‍, ജില്ലാ കമ്മിറ്റിയംഗം റഷീദ് എടയപ്പുറം, മണ്ഡലം സെക്രട്ടറി ഷിഹാബ് ശ്രീമൂലനഗരം, എസ്ഡിറ്റിയു ജില്ലാ പ്രസിഡന്റ് ഫസല്‍ റഹ്്മാന്‍  നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it