Editorial

ഉമ്മന്‍ചാണ്ടിയുടെ പുതിയ ദൗത്യം

ദീര്‍ഘകാലമായി കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടെങ്കിലും ഉമ്മന്‍ചാണ്ടി കേരളത്തിന്റെ പരിമിതവൃത്തത്തില്‍ ഒതുങ്ങിനില്‍ക്കാനാണു താല്‍പര്യപ്പെട്ടത്. അദ്ദേഹത്തിന്റെ ഏറ്റവും അടുപ്പമുള്ള സഹപ്രവര്‍ത്തകരായ എ കെ ആന്റണിയും വയലാര്‍ രവിയും ഒക്കെ ദേശീയ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടു പതിറ്റാണ്ടുകളായി. ഉമ്മന്‍ചാണ്ടിക്കുശേഷം കോണ്‍ഗ്രസ് നേതൃത്വത്തിലെത്തിയ കെ സി വേണുഗോപാല്‍ മുതല്‍ പി സി വിഷ്ണുനാഥ് വരെ പുതുതലമുറയിലെ നിരവധി നേതാക്കളും തങ്ങളുടെ പ്രവര്‍ത്തനമേഖല ദേശീയതലത്തില്‍ വിപുലപ്പെടുത്തി. പക്ഷേ, ഇതൊക്കെയായിട്ടും ഉമ്മന്‍ചാണ്ടി പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് ആയി കോട്ടയത്തും കേരളത്തിലുമായി കഴിഞ്ഞുകൂടുകയായിരുന്നു.
അസാധാരണമായ നേതൃശേഷിയുള്ള ഒരു പൊതുപ്രവര്‍ത്തകനാണ് ഉമ്മന്‍ചാണ്ടി എന്ന് എത്രയോ കാലമായി അദ്ദേഹം തെളിയിച്ചുകഴിഞ്ഞതാണ്. പൊതുപ്രവര്‍ത്തനരംഗത്ത് ഒരു ഉമ്മന്‍ചാണ്ടി ശൈലി തന്നെ അദ്ദേഹം രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്. പൊതുജനങ്ങളുമായി നിരന്തരമായി സമ്പര്‍ക്കം പുലര്‍ത്തുകയും അവരില്‍ ഒരാളായി എളിമയോടെ കഴിഞ്ഞുകൂടുകയും ചെയ്യുക എന്നതാണ് ആ ശൈലി. മുഖ്യമന്ത്രിപദവിയില്‍ ഇരിക്കുമ്പോള്‍ അതു പലതരത്തിലുള്ള കുഴപ്പങ്ങള്‍ക്കും തമാശകള്‍ക്കും വഴിവച്ചു എന്നത് വേറെക്കാര്യം. സോളാര്‍ കറക്കുകമ്പനി മുഖ്യമന്ത്രിയുടെ ഓഫിസ് തന്നെ തങ്ങളുടെ തട്ടിപ്പുപ്രവര്‍ത്തനങ്ങളുടെ മുഖ്യ വേദിയാക്കി മാറ്റിയത് ഉദാഹരണം. മറ്റൊരവസരത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഒഴിഞ്ഞുകിടക്കുന്ന കസേരയില്‍ ഏതോ വഴിപോക്കന്‍ കയറിയിരുന്നത് വേറൊരു തമാശ.
പക്ഷേ, ഭരണത്തിനു പുറത്തുനില്‍ക്കുന്ന ഒരു രാഷ്ട്രീയകക്ഷിയെ സംബന്ധിച്ചിടത്തോളം പൊതുപ്രവര്‍ത്തനത്തിലെ ഈ ഗാന്ധിയന്‍ ശൈലി വളരെ പ്രധാനമാണ്. ഇന്ത്യയിലെ ജനങ്ങള്‍ ഇന്നും ദേശീയപ്രസ്ഥാനത്തിന്റെ പൊതുപ്രവര്‍ത്തനരീതികളുടെ ഓര്‍മകള്‍ മനസ്സില്‍ സൂക്ഷിക്കുന്നവരാണ്. തീവണ്ടിയില്‍ മൂന്നാം ക്ലാസില്‍ സഞ്ചരിക്കുകയും ദരിദ്രനാരായണന്മാരായ ഗ്രാമീണരുടെ ഒറ്റമുണ്ടുകൊണ്ട് ശരീരം മറയ്ക്കുകയും ചെയ്ത ഗാന്ധിജിയുടെ രീതി അതിന് ഉദാഹരണമാണ്. ഗാന്ധിജി ബോധപൂര്‍വം തിരഞ്ഞെടുത്ത ഒരു ജീവിതശൈലിയായിരുന്നു അത്. ഇന്നും ലാളിത്യം പൊതുജീവിതത്തില്‍ വലിയ ബഹുമാനത്തോടെ സ്വീകരിക്കപ്പെടുന്ന ഒരു ഗുണവിശേഷമാണ്. കോണ്‍ഗ്രസ്സില്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വം അത്തരമൊരു ശൈലിയുടെ പ്രഭാവംകൂടി ചൂണ്ടിക്കാണിക്കും.
അതിനുമപ്പുറം, പ്രാദേശിക കക്ഷികളുമായും വ്യത്യസ്ത താല്‍പര്യ ഗ്രൂപ്പുകളുമായും ബന്ധങ്ങള്‍ സ്ഥാപിക്കാനും പലപ്പോഴും പരസ്പരം പോരാടുന്ന ഈ കൂട്ടരെയെല്ലാം ഒന്നിപ്പിച്ചു കൊണ്ടുപോവാനുമുള്ള ഉമ്മന്‍ചാണ്ടിയുടെ കഴിവ് ഇന്ന് കോണ്‍ഗ്രസ്സിന് അത്യാവശ്യമാണ്. കേരളത്തില്‍ മുന്നണിരാഷ്ട്രീയം ഏറ്റവും ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോയ നേതാക്കളില്‍ അഗ്രഗണ്യനാണ് ഉമ്മന്‍ചാണ്ടി. 2019ലെ തിരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ ഒരു വിശാല മുന്നണിയാണ് ബിജെപിയെ തറപറ്റിക്കാന്‍ ഏറ്റവും അനിവാര്യമായ സംഗതി. അത്തരമൊരു സംവിധാനത്തിനു രൂപംകൊടുക്കുന്നതില്‍ സുപ്രധാനമായ പങ്കാളിത്തം വഹിക്കാന്‍ ഉമ്മന്‍ചാണ്ടിക്കു കഴിയും എന്നാണു പ്രതീക്ഷിക്കേണ്ടത്.
Next Story

RELATED STORIES

Share it