thiruvananthapuram local

ഉദ്യോഗസ്ഥരുടെ വിദേശയാത്ര: ഭരണസമിതിയില്‍ അഭിപ്രായഭിന്നത

തിരുവനന്തപുരം: നഗരസഭയിലെ  എട്ട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ ഒരാഴ്ചത്തെ അവധിയില്‍ തായ്‌ലന്റിലേക്ക് പോയ സംഭവത്തില്‍ നഗരസഭ ഭരണസമിതിയില്‍ രണ്ട് അഭിപ്രായം. നവംബര്‍ 24ന് അവധിയില്‍ പോയ ജീവനക്കാര്‍ 29ന് ജോലിയില്‍ പ്രവേശിച്ചെങ്കിലും വിഷയം ഇപ്പോഴും സജീവചര്‍ച്ചകളിലാണ്.  ഉേദ്യാഗസ്ഥ ര്‍ക്കെതിരേ ശക്തമായ നടപടി ആവശ്യപ്പെട്ട് ഭരണപക്ഷത്തെ മുതിര്‍ന്ന അംഗം രംഗത്തുണ്ട്.
തന്റെ അധികാരപരിധിയി ല്‍ ഉള്‍പ്പെടുന്ന വിഷയമായതിനാല്‍ അനാസ്ഥകാട്ടിയ ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്ന നിലപാടിലാണ്. അതേസമയം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഉദേ്യാഗസ്ഥരുടെ ഭാഗത്ത് നിന്ന് അത്ര വലിയ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ഭരണനേതൃത്വത്തിന്റെ വിലയിരുത്തല്‍.
എന്നാല്‍ ഉദ്യോഗസ്ഥരെ ആരോഗ്യവിഭാഗം വിടാതെ പിടികൂടിയതോടെ കഴിഞ്ഞ ദിവസം ഹെല്‍ത്ത് ഓഫിസറോട് സെക്രട്ടറി വിശദീകരണം തേടി. ഉദ്യോഗസ്ഥരുടെ അവധിയും അനുബന്ധകാര്യങ്ങളും ഓഫിസ് പരമായ വിഷയമെന്നതിനപ്പുറം പരസ്പരം പടവെട്ടാനുള്ള ആയുധമാക്കിയതോടെയാണ് സംഭവം കൂടുതല്‍ വിവാദമായത്.
വിദേശയാത്രയ്ക്കായി അവധി നല്‍കണമെന്ന് കാണിച്ച് ഉദ്യോഗസ്ഥര്‍ ഹെല്‍ത്ത് ഓഫിസര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. കാഷ്വല്‍ ലീവ് അനുവദിക്കാന്‍ ഹെല്‍ത്ത് ഓഫിസര്‍ക്ക് അധികാരമുണ്ടെങ്കിലും വിദേശയാത്രയ്ക്ക് അനുമതി നല്‍കേണ്ടത് അഡിഷണല്‍ സെക്രട്ടറിയാണ്.
ചട്ടപ്രകാരം ജീവനക്കാരുടെ അപേക്ഷ ഹെല്‍ത്ത് ഓഫിസര്‍ അഡിഷണല്‍ സെക്രട്ടറിക്ക് കൈമാറി അനുമതി വാങ്ങണമെന്നിരിക്കെ ഹെല്‍ത്ത് ഓഫിസര്‍ യാത്രയ്ക്കുള്ള അനുമതി നല്‍കുകയായിരുന്നു. ഓഫിസ് നടപടിക്രമങ്ങളില്‍ സംഭവിച്ച വീഴ്ചയാണ് ഒരു ഇടവേളയ്ക്ക് ശേഷം ഭരണസമിതിയിലെ രണ്ട് പ്രബല വിഭാഗങ്ങളുടെ ഏറ്റുമുട്ടലിന് വഴിയൊരുക്കിയിരിക്കുന്നത്.
ജീവനക്കാരുടെ അപേക്ഷ അഡിഷണല്‍ സെക്രട്ടറിക്ക് എന്തുകൊണ്ട് കൈമാറിയില്ല എന്ന ചോദ്യത്തിനാണ് ഹെല്‍ത്ത് ഓഫിസര്‍ മറുപടി നല്‍കേണ്ടത്.  എന്നാല്‍ നിസാരപ്രശ്‌നങ്ങള്‍ പെരുപ്പിച്ച് കാട്ടി ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കേണ്ടതില്ലെന്ന് ഭരണനേതൃത്വത്തിലുള്ളവര്‍ പറയുന്നു.
ഓഫിസ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്താതെ കൃത്യസമയത്തിനുള്ളില്‍ ഉദ്യോഗസ്ഥര്‍ ജോലിയില്‍ പ്രവേശിച്ചതോടെ പ്രശ്‌നം അവസാനിച്ചെന്നും ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു. വിഷയം വിവാദമായ സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് താക്കീത് നല്‍കുന്നതിലൂടെ പ്രശ്‌നം പരിഹരിക്കാനാണ് സാധ്യത. ഭരണപക്ഷത്തെ ഭിന്നസ്വരം മുതലാക്കാന്‍ ബിജെപിയും യുഡിഎഫും രംഗത്തുണ്ട്.
Next Story

RELATED STORIES

Share it