kozhikode local

ഉച്ചഭക്ഷണത്തിലും പാല്‍വിതരണത്തിലും ക്രമക്കേട് : പ്രധാനാധ്യാപകനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു



കുന്ദമംഗലം: ഉച്ചഭക്ഷണത്തിലും പാല്‍ വിതരണത്തിലും ക്രമക്കേട് നടത്തിയ പ്രധാന അധ്യാപകനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. പറമ്പില്‍കടവ് എംഎഎം യുപി സ്‌കൂളിലെ പ്രധാന അധ്യാപകന്‍ കെ സി ദേവാനന്ദന്‍ നായരെയാണ് 15 ദിവസത്തേക്കു സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തത്. സ്‌കൂളില്‍ ആഴ്ചയില്‍ വിതരണം ചെയ്യുന്ന പാലിലും ഉച്ചഭക്ഷണത്തിലും ക്രമക്കേട് നടന്നതായി കാണിച്ച് നൗഷാദ് എന്ന രക്ഷിതാവ് ജില്ലാ കലക്ടര്‍, കുന്നമംഗലം എഇഒ എന്നിവര്‍ക്കും പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ സ്‌കൂളിലെത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് എഇഒയുടെ അധ്യക്ഷതയില്‍ പ്രധാനധ്യാപകന്‍, പിടി എ പ്രസിഡണ്ട് സന്തോഷ് കുമാര്‍, വൈസ് പ്രസിഡണ്ട് സലിം മൂഴിക്കല്‍, എംപിടിഎ പ്രസിഡന്റ് സാബിറ, പരാതിക്കാരന്‍ നൗഷാദ് എന്നിവര്‍ യോഗം ചേര്‍ന്നു. 2016 ഡിസംബര്‍ മുതല്‍ വിതരണം ചെയ്ത പാലിന്റെ അളവിലും അനുവദിച്ച തുകയിലും ഉള്ള വൈരുധ്യം രക്ഷിതാക്കള്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ പ്രധാന അധ്യാപകന്റെ മറുപടി വസ്തുതക്ക് നിരക്കാത്തതായിരുന്നു. എന്‍എംപി ഫോറം പൂരിപ്പിക്കുമ്പോള്‍ തെറ്റ് പറ്റിയതാണെന്നും ബില്ലും വൗച്ചറും തിരുത്തലോടു കൂടിയാണ് തന്നതെന്നും പാലിനുള്ള തുക മാത്രമാണ് ക്ലെയിം ചെയ്തിട്ടുള്ളുവെന്നുമുള്ള പ്രധാന അധ്യാപകന്റെ വിശദീകരണം സത്യമല്ലെന്ന് യോഗം വിലയിരുത്തി. ടി പി ഹേമന്ദ് കുമാറിന്റെ നേതൃത്വത്തിലെത്തിയ ഉദ്യോഗസ്ഥര്‍ സ്‌കൂള്‍ രേഖകള്‍ പരിശോധിക്കാനെത്തിയപ്പോള്‍ പരാതികളുമായി നിരവധി പേര്‍ അധ്യാപകനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it