palakkad local

ഈസ്റ്റ് ഒറ്റപ്പാലം, കണ്ണിയംപുറം പാലം നവീകരണത്തിന് വഴിതെളിയുന്നു

ഒറ്റപ്പാലം: ഈസ്റ്റ് ഒറ്റപ്പാലം, കണ്ണിയംപുറം പാലങ്ങളുടെ നവീകരണത്തിന് വീണ്ടും വഴിതെളിയുന്നു. നഗരത്തിലെ പ്രവേശന കവാടങ്ങളായ രണ്ടുപാലങ്ങളുടെയും രൂപകല്‍പന തയ്യാറാക്കുന്നതിന്റെ മുന്നോടിയായി പിഡബ്ല്യുഡി ബ്രിഡ്ജസ് ഡിസൈന്‍ വിഭാഗം പാലങ്ങള്‍ സന്ദര്‍ശിച്ചു. ഡിസൈന്‍ വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ അനിതാ കുമാരിയും സംഘവുമാണ് പാലങ്ങള്‍ സന്ദര്‍ശിച്ചത്. രണ്ട് മാസത്തിനകം രൂപരേഖ തയ്യാറാക്കി സമര്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. 25 കോടിയാണ് പാലം നിര്‍മാണത്തിന് ബജറ്റില്‍ തുക വകയിരുത്തിയിരുന്നത്. അതേ സമയം പാലം വീതികൂട്ടി നവീകരിക്കുകയാണോ അതല്ല, പുതിയ പാലം നിര്‍മിക്കുകയാണോ വേണ്ടതെന്ന അവ്യക്തത നിലനില്‍ക്കുന്നുണ്ട്. പഴക്കമുള്ള രണ്ട് പാലങ്ങളും വീതിയില്ലാത്തതു കാരണം രണ്ട് വലിയ വാഹനങ്ങള്‍ക്ക് ഒരേ സമയം കടന്നുപോവാന്‍ കഴിയാറില്ല. ഇതുകാരണം രൂക്ഷമായ ഗതാഗതകുരുക്കാണ് നഗര പ്രവേശ കവാടത്തില്‍ തന്നെ ഉണ്ടാകാറുള്ളത്. കണ്ണിയംപുറം പാലത്തിന്റെ കൈവരിയും പാര്‍ശ്വഭിത്തിയും തകര്‍ന്ന നിലയിലാണ്. കണ്ണിയംപുറം പാലം പുനര്‍നിര്‍മിക്കാന്‍ ധാരണയായിട്ടുണ്ടെങ്കിലും ഈസ്റ്റ് ഒറ്റപ്പാലം പാലത്തിന്റെ കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. പാലത്തിന് ഇരുവശത്തും രാഷ്ട്രീയ പാര്‍ട്ടികളുടെ സ്മാരകങ്ങള്‍ നില്‍ക്കുന്നതിനാല്‍ പാലം വീതി കൂട്ടി പുനര്‍നിര്‍മിക്കുന്നതിന് സ്ഥലമേറ്റെടുക്കല്‍ വേണ്ടിവരും.

Next Story

RELATED STORIES

Share it