ഇന്‍സ്ട്രമെന്റേഷന്‍ ലിമിറ്റഡ് പാലക്കാട് യൂനിറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കും

തിരുവനന്തപുരം: കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഇന്‍സ്ട്രമെന്റേഷന്‍ ലിമിറ്റഡ് കേന്ദ്രസര്‍ക്കാര്‍ അടച്ചുപൂട്ടുമ്പോള്‍ അതിന്റെ ഭാഗമായ പാലക്കാട് യൂനിറ്റ് കേരള സര്‍ക്കാര്‍ ഏറ്റെടുക്കും. ഏറ്റെടുക്കല്‍ പ്രക്രിയ ഉഭയസമ്മത പ്രകാരം പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ ചര്‍ച്ചകള്‍ക്കായി ഒരു ഉദ്യോഗസ്ഥസംഘത്തെ നിയോഗിക്കണമെന്ന് കേന്ദ്ര ഘനവ്യവസായ- പൊതുസംരംഭക വകുപ്പുമന്ത്രി അനന്ത് ഗംഗാറാം ഗീതേയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. പാലക്കാട്ടെ സ്ഥാപനം കേരളത്തിനു കൈമാറുന്നതിന്റെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ കേരള സര്‍ക്കാര്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര ഔദ്യോഗികസമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ സമിതിയുമായി ചര്‍ച്ച ചെയ്ത് ഇരുവര്‍ക്കും സ്വീകാര്യമായ സ്ഥാപനകൈമാറ്റം സാധ്യമാക്കാനാണ് കേന്ദ്രസമിതിയെ നിയോഗിക്കണമെന്ന് കേന്ദ്രമന്ത്രിക്കുള്ള കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.
കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഇന്‍സ്ട്രമെന്റേഷന്‍ ലിമിറ്റഡ് പാലക്കാട് യൂനിറ്റ് 1974ല്‍ കഞ്ചിക്കോട് ആരംഭിച്ചതു മുതല്‍ ലാഭത്തിലായിരുന്നു. എന്നാല്‍, രാജസ്ഥാനിലെ കോട്ടയിലുള്ള മാതൃസ്ഥാപനം നഷ്ടത്തിലായതിനാല്‍ സ്ഥാപനം മൊത്തത്തി ല്‍ അടച്ചുപൂട്ടാനായി കേന്ദ്രനീക്കം.
ജപ്പാന്റെ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉല്‍പാദനം ആരംഭിക്കുകയും പിന്നീട് സാങ്കേതികവിദ്യയില്‍ സ്വയംപര്യാപ്തത കൈവരിക്കുകയും ചെയ്ത ഈ സ്ഥാപനത്തിന്റെ പാലക്കാട് യൂനിറ്റ് ബഹുരാഷ്ട്ര കമ്പനികളോട് ലോകകമ്പോളത്തില്‍ മല്‍സരിച്ചു വിജയം കൈവരിച്ചു. ഈ സ്ഥാപനം പൂട്ടിപ്പോവാതിരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടത്. കേന്ദ്രം അതിനോട് ഗുണപരമായി പ്രതികരിച്ചു. ഇതേത്തുടര്‍ന്നാണ് പാലക്കാട് യൂനിറ്റ് കേരളസര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് തത്വത്തില്‍ അംഗീകാരമായത്.
Next Story

RELATED STORIES

Share it