palakkad local

ആര്‍ബിസി കനാല്‍ സംരക്ഷണ സമിതിയും വോട്ടെടുപ്പില്‍ സജീവം

പാലക്കാട്: തിരഞ്ഞെടുപ്പില്‍ ചിറ്റൂര്‍ മേഖലയിലെ വടകരപ്പതി, എരുത്തേമ്പതി, കൊഴിഞ്ഞാംപാറ പഞ്ചായത്തുകളില്‍ ആര്‍ബിസി സംരക്ഷ സമിതി സജീവമായത് മുന്നണികള്‍ക്ക് തലവേദനയാകാന്‍ സാധ്യത. മൂന്ന് പഞ്ചായത്തുകളിലായി 20 വാര്‍ഡുകളിലാണ് മല്‍സരിക്കുന്നത്.
വടകരപ്പതി17,എരുത്തേമ്പതി5, കൊഴിഞ്ഞാംപാറ-2 എന്നിവിടങ്ങളിലാണ് മല്‍സര രംഗത്തുള്ളത്. കൂടാതെ മൂന്ന് പഞ്ചായത്തുകളിലായുള്ള രണ്ട് ബ്ലോക്ക് പഞ്ചായത്തുകളിലും ഈ മേഖലയിലെ രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും മല്‍സര രംഗത്തുണ്ട്. എല്ലാ ബൂത്തുകളിലും വോട്ടര്‍മാരെ ആകര്‍ഷിക്കാനായി പ്രത്യേകം ബൂത്തുകള്‍ കെട്ടിയാണ് വോട്ടെടുപ്പ് ദിവസവും ആര്‍ബിസി മുന്നണി സജീവമായത്.
ആര്‍ ബിസി കനാലിന് സമീപമുള്ള ഒരു കുടുംബത്തിന്റെയും വോട്ടുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കില്ലെന്ന് ആര്‍ബിസി മുന്നണിക്ക് നേതൃത്വം നല്‍കുന്ന ഫാദര്‍ ആല്‍ബര്‍ട്ട് ആനന്ദ് ബൂത്തുകള്‍ സന്ദര്‍ശിച്ച ശേഷം തേജസ് പ്രതിനിധിയോട് പറഞ്ഞു. വടകരപ്പതിയില്‍ മുന്നണി അധികാരത്തില്‍ വരുമെന്നും ആല്‍ബര്‍ട്ട് ആനന്ദ് അവകാശപ്പെട്ടു.
വടകരപ്പതിയില്‍ ആകെ 17വാര്‍ഡുകളാണ് ഉള്ളത്. ഇതില്‍ 13 സീറ്റില്‍ മല്‍സരിക്കുന്ന ആര്‍ബിസിക്കാര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഉറക്കം കെടുത്തിയെന്നു പറയാവുന്ന സ്ഥിതിയാണ്. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതല്‍ നോട്ട വോട്ടുകള്‍ ഉണ്ടായതും ആലത്തൂര്‍ ലോക്‌സഭ മണ്ഡലത്തിലെ ചിറ്റൂര്‍ നിയോജക മണ്ഡലത്തിലാണ്. ലോക്‌സഭയില്‍ ആകെ 20600 നോട്ടയാണ് ഉണ്ടായത്. ചിറ്റൂര്‍ നിയോജക മണ്ഡലത്തില്‍ 10600 നോട്ടയാണ് ഉണ്ടായത്.
കുടിവെള്ള പ്രശ്‌നം ഏറ്റവും രൂക്ഷമായ വടകരപ്പതിയില്‍ 6000നോട്ടയാണ് രേഖപ്പെടുത്തിയത്. ഈ പഞ്ചായത്തില്‍ ഇപ്പോളാകെ 12600 വോട്ടര്‍മാരാണ് ഉള്ളത്. ഇതും മേഖലയിലെ പഞ്ചായത്തുകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഭീഷണിയായിട്ടുണ്ട്. വോട്ടെണ്ണി കഴിഞ്ഞാലെ മൂന്ന് പഞ്ചായത്തുകളിലും ആര് അധികാരത്തില്‍ വരും എന്ന് പറയാനാവുവെന്ന സ്ഥിതിയാണുള്ളത്. ആര്‍ബിസി മുന്നണിയുടെ എല്ലാ സ്ഥാനാര്‍ഥികളുംവാട്ടര്‍ ടാപ്പ് ചിഹ്നത്തിലാണ് മല്‍സരിച്ചത്.
മേഖലയിലെ ഭൂരിഭാഗം വീടുകള്‍ക്ക് മുന്നിലും മുന്നണിയുടെ പതാകകളും കെട്ടിതുക്കിയിരുന്നു. വലതു കനാലിനെ വേലന്താവളം വരെ നീട്ടി ഈ പ്രദേശത്തെ കുടി വെള്ളത്തിനും കൃഷി ആവശ്യത്തിനും വേണ്ടിയുള്ള വെള്ളം യഥേഷ്ടം ലഭിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നാണ് തിരഞ്ഞടുപ്പ് വാഗ്ദാനമായി വോട്ടര്‍മാര്‍ക്കിടയില്‍ ഇവര്‍ പറയുന്നത്. വെള്ളമില്ലാതെ വരണ്ടു കിടക്കുന്ന കൃഷി ഭൂമിയെ കാര്‍ഷിക ഭൂമിയാക്കി മാറ്റം വരുത്തുമെന്നും അവര്‍ പ്രഖ്യാപിക്കുന്നു.
Next Story

RELATED STORIES

Share it