palakkad local

അനധികൃത മദ്യവില്‍പനശാലകളും മൊബൈല്‍ ബാറുകളും സജീവം



കൊല്ലങ്കോട്: പരിശോധനകളില്ലാത്തതിനാല്‍ ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലും മലയോര പ്രദേശങ്ങളിലും അനധികൃത മദ്യവില്‍പനശാലകളും മൊബൈല്‍ ബാറുകളും സജീവമാവുന്നു. നീണ്ട ഇടവേളക്ക് ശേഷമാണ് കൊല്ലങ്കോട്, എലവഞ്ചേരി, മുതലമട, വടവന്നൂര്‍ പഞ്ചായത്തുകളില്‍ ഗ്രാമപ്രദേശങ്ങളിലെ ചെറുകവലകള്‍ കേന്ദ്രീകരിച്ചും മലയോര മേഖലകളില്‍ തോട്ടങ്ങള്‍ കേന്ദ്രീകരിച്ചുമാണ് അനധികൃത മദ്യവില്‍പന കൊഴുക്കുന്നത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിദേശമദ്യഷാപ്പുകള്‍ നെന്മാറ, കൊല്ലങ്കോട്,ചിറ്റൂര്‍, എന്നിവിടങ്ങളില്‍ നിര്‍ത്തിയതോടെയാണ് വാറ്റുചാരായവും അനധികൃത മദ്യ വില്‍പനയും തിരിച്ചു വന്നിരിക്കുന്നത്. കൊല്ലങ്കോട് തന്നെ പ്രവര്‍ത്തിക്കുന്ന അഞ്ച് അംഗസംഘം ആയിരം രൂപ വീതം മുതല്‍ മുടക്കി അയ്യായിരം രൂപക്ക് സര്‍ക്കാര്‍ മദ്യ വില്‍പനകേന്ദ്രത്തില്‍ നിന്നും ചെറു ബോട്ടിലുകള്‍ വാങ്ങി ആവശ്യക്കാര്‍ക്ക് കൂടിയ വിലക്ക് മദ്യം വില്‍ക്കുന്നുണ്ട്. വിറ്റ് കിട്ടുന്ന തുക മുടക്കു മുതലില്‍ നിന്നും അവരവര്‍ എടുത്ത ശേഷം ലാഭം കിട്ടിയ തുകക്ക് വീണ്ടും മദ്യക്കുപ്പികള്‍ വാങ്ങി വില്പന നടത്തുകയാണ്. പട്ടണത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുതല്‍ കെട്ടിടം പണിക്ക് പോകുന്നവര്‍ വരെ ഇവരുടെ സ്ഥിരം കസ്റ്റമര്‍മാരാണ്. മൊബൈല്‍ ഫോണില്‍ വിളിച്ചാല്‍ മതി ഇവര്‍ മദ്യം എത്തിച്ചു കൊടുക്കുമെന്നും പറഞ്ഞ രൂപ കിട്ടുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു.  ഇത്തരം വില്‍പനക്കാര്‍ സജീവമായി മദ്യ വില്‍പന നടത്തുമ്പോഴും വിവരം ലഭിച്ചാല്‍ മാത്രം പരിശോധന നടത്തുകയല്ലാതെ കാര്യമായ പരിശോധനകളോ രാത്രി കാലപരിശോധനകള്‍ക്കോ എക്‌സൈസ് വകുപ്പ് തയ്യാറാവുന്നില്ല.  മതിയായ ഉദ്യോഗസ്ഥരില്ല എന്ന കാരണം പറഞ്ഞാണ് ഇവര്‍ പരിശോധന നടത്താതിരിക്കുന്നത്.  ഒരു കാലത്ത് തമിഴ്‌നാട്ടില്‍ നിന്നു കേരളത്തിലേക്ക് സ്പിരിറ്റൊഴുകിയ വാളയാര്‍ ,ഗോപാലപുരം, മീനാക്ഷിപുരം, ഗോവിന്ദപുരം ചെക് പോസ്റ്റുകളില്‍ കഴിഞ്ഞ ആറ് വര്‍ഷമായി പിടികൂടിയത് ചെറിയ അളവില്‍ ഒന്നോ രണ്ടോ തവണ മാത്രമാണ്. എന്നാല്‍ ആഡംബര വാഹനങ്ങളില്‍ ഇപ്പോഴും സ്പിരിറ്റ് കടത്ത് സജീവമാണെന്നാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ലഭിക്കുന്ന രഹസ്യ വിവരം.  കഴിഞ്ഞ സര്‍ക്കാരിന്റെ  കാലം മുതല്‍ സ്പിരിറ്റ് കടത്തുന്ന വാഹനം തടയാനോ പിടിക്കാനോ പാടില്ലെന്നു  മുകളില്‍ നിന്നുള്ള രഹസ്യ നിര്‍ദേശം ഇപ്പോഴും തുടരുന്നതായി സൂചനയുണ്ട്. എലവഞ്ചേരി പഞ്ചായത്തിലെ കരിങ്കുളം കുംബളക്കോട്  തുടങ്ങുന്ന സ്ഥലങ്ങള്‍ നെന്മാറ റെയിഞ്ചിന്റെ കീഴിലാണെന്നും ഇവിടെ വാഹനം ഇല്ലാത്ത കാരണത്താല്‍ ഉദ്യോഗസ്ഥരുടെ പരിശോധന കാര്യക്ഷമമല്ലെന്നും മനസ്സിലാക്കിയാണ് അനധിക മദ്യ വില്‍പനയും വ്യാജവാറ്റ് ചാരായ വില്‍പനയും ഈ പ്രദേശങ്ങളില്‍ തകൃതിയില്‍ നടക്കുന്നത്. രാവിലെ ആറു മണിക്ക് തുടങ്ങുന്ന മദ്യ വില്‍പന രാത്രി ആവശ്യക്കാര്‍ക്ക് മതിയാകും വരെ തുടരുകയാണ്.
Next Story

RELATED STORIES

Share it