സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുക വിമന്‍ ഇന്ത്യ മൂവ്‌മെന്റ് കാംപയ്‌ന് ഇന്ന് ബംഗളൂരുവില്‍ തുടക്കം


ബംഗളൂരു: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുക, സുരക്ഷയ്ക്കായി നമുക്ക് പൊരുതാം എന്ന് പ്രമേയത്തില്‍ വിമന്‍ ഇന്ത്യ മൂവ്‌മെന്റ്(വിം) സംഘടിപ്പിക്കുന്ന കാംപയ്‌ന്റെ ഉദ്ഘാടനം ഇന്ന് ബംഗളൂരുവില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബംഗളൂരുവിലെ ജയമഹല്‍ പാലനാ ഭനവനിലാണ് ഉദ്ഘാടന പരിപാടി. 2019 മാര്‍ച്ച് 8നാണ് കാംപയ്ന്‍ സമാപിക്കുക.
ബലാല്‍സംഗം, ഗാര്‍ഹിക അതിക്രമങ്ങള്‍, പീഡനം, കൊലപാതകം, ലൈംഗിക പീഡനം, സാമൂഹിക ബഹിഷ്‌കരണം, മാനസിക പീഡനം തുടങ്ങി സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതായി വിം ദേശീയ പ്രസിഡന്റ് യാസ്മിന്‍ ഫാറൂഖി പറഞ്ഞു. പുരോഗമനപരമായി ചിന്തിക്കുന്ന സ്ത്രീകളുടെ എതിര്‍ശബ്ദങ്ങള്‍ നിശ്ശബ്ദമാക്കാനുള്ള ശ്രമത്തിലാണ് ഭരണകൂടം. സ്ത്രീകള്‍ക്കും ദലിതുകള്‍ക്കുമെതിരായ വിവേചനം നിര്‍ബാധം തുടരുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കിടെ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ വലിയ വര്‍ധനവുണ്ടായതായി നാഷനല്‍ െ്രെകം റെക്കോഡ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നതായി വിം ദേശീയ ജനറല്‍ സെക്രട്ടറി ഷാഹിദ തസ്‌നീം പറഞ്ഞു. ഈ സാഹചര്യത്തിലാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരേ കാംപയ്ന്‍ സംഘടിപ്പിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
മെഹ്‌റുന്നീസ ബീഗം(രാജസ്ഥാന്‍), സൂഫിയ ഫര്‍വീന്‍(പശ്ചിമ ബംഗാള്‍), നജിമ(തമിഴ്‌നാട്), റൈഹാനത്ത്(കേരള), ആയിഷ ബാജ്‌പെ(കര്‍ണാടക) എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top