Articles

വനിതാ മതിലേ നിന്റെ കള്ളക്കടക്കണ്ണില്‍...

വര്‍ഷം മുഴുവന്‍ ജനങ്ങള്‍ ഓര്‍ക്കുന്ന എന്തെങ്കിലും ജനുവരി 1നു സംഘടിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ ആദ്യം ചിന്തിച്ചിരുന്നത്. അപ്പോഴല്ലേ ശബരിമലയും സുപ്രിംകോടതിയും അയ്യപ്പഭക്തരുടെ സംഘടിത മുന്നേറ്റവും മറ്റും സ്ഥിതി മാറ്റിമറിച്ചത്.

വനിതാ മതിലേ നിന്റെ കള്ളക്കടക്കണ്ണില്‍...
X

പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ പുതുമയുള്ള എന്തെങ്കിലും അവതരിപ്പിച്ചാലേ ആ വര്‍ഷം ഐശ്വര്യമുള്ളതാവൂ. വര്‍ഷം മുഴുവന്‍ ജനങ്ങള്‍ ഓര്‍ക്കുന്ന എന്തെങ്കിലും ജനുവരി 1നു സംഘടിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ ആദ്യം ചിന്തിച്ചിരുന്നത്. അപ്പോഴല്ലേ ശബരിമലയും സുപ്രിംകോടതിയും അയ്യപ്പഭക്തരുടെ സംഘടിത മുന്നേറ്റവും മറ്റും സ്ഥിതി മാറ്റിമറിച്ചത്.

കറുപ്പുടുത്ത 50 കഴിഞ്ഞ മഹാവനിതകളെ പോലും പമ്പയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന കാവിപ്പടയിലെ അരുമഭടന്‍മാരുടെ നിശ്ചയദാര്‍ഢ്യം കണ്ട് ഭീതി തീരെയില്ലാത്ത മാര്‍ക്‌സിന്റെ ഇടതുപക്ഷമാണെങ്കിലും പിണറായി സര്‍ക്കാര്‍ ഞെട്ടി. കേരളം മുഴുവന്‍ കുതിരവട്ടം ആശുപത്രിയുടെയോ ഊളമ്പാറയുടെയോ മാതൃകയിലാക്കാനാണ് ശ്രമമെന്ന് നിര്‍മലാനന്ദഗിരിയും സുനില്‍ പി ഇളയിടവും തൊള്ള തുറന്നു പറഞ്ഞപ്പോഴാണ് പിണറായിയുടെ തലയില്‍ ന്യൂട്ടന്റെ ആപ്പിള്‍ പതുക്കെ പതിച്ചത്. അതിന്റെ ഫലമാണ് കൂട്ടരേ പുതുവര്‍ഷദിനത്തിലെ വനിതാ മതില്‍.

നവോത്ഥാനത്തെ സംരക്ഷിച്ച് ശ്രീനാരായണഗുരു, അയ്യങ്കാളി, സഹോദരന്‍ അയ്യപ്പന്‍, ചട്ടമ്പിസ്വാമികള്‍, വി ടി ഭട്ടതിരിപ്പാട് തുടങ്ങിയവരുടെ സ്ഥാനങ്ങള്‍ക്ക് സ്ഥലഭ്രംശവും മാനഭ്രംശവും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തുകയാണ് വനിതാ മതിലിന്റെ ലക്ഷ്യം. അപ്പോള്‍ ചെന്നിത്തല എന്ന പ്രതിപക്ഷ മഹാഗുരു ഇങ്ങനെ ചോദിക്കും: സ്ത്രീകളുടെ മതില്‍ സംഘടിപ്പിക്കുന്നത് പുരുഷന്‍മാരെ ശത്രുക്കളാക്കാനല്ലേ? ഇതുകൊണ്ടൊക്കെ കെ അജിത, ശാരദക്കുട്ടി തുടങ്ങിയ വനിതാ കോമരങ്ങള്‍ക്ക് ശബരിമല കയറാനാവുമെന്ന് താങ്കള്‍ വിചാരിക്കുന്നുണ്ടോ? ഇത്തരം ബാലിശമായ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ പിണറായിക്കോ കടകംപള്ളിക്കോ സമയമില്ല എന്ന കാര്യമെങ്കിലും ചെന്നി ചിന്തിക്കുന്നില്ല എന്നതു കഷ്ടം തന്നെ.

വനിതാ മതില്‍ ഗിന്നസ് ബുക്കില്‍ ഇടം തേടുമെന്ന കാര്യത്തില്‍ സംശയമില്ല. കാരണം, മുന്‍നിരയില്‍ വെള്ളാപ്പള്ളി കാരണവരുണ്ട്. ഗുരുവിന്റെ സാന്നിധ്യം പൂര്‍ണമായി ഇല്ലെങ്കിലും എസ്എന്‍ഡിപിയുണ്ട്. നവോത്ഥാനം കൊണ്ട് ഭ്രാന്തന്‍മാരെ കെട്ടുകെട്ടിച്ച പരശ്ശതം കീഴാള സംഘടനകളുമുണ്ട്. എന്നാല്‍, വെള്ളാപ്പള്ളിയുടെ പുന്നാരമോന്‍ തുഷാരന്‍ മറുപക്ഷത്താണ്. ഈ ഇരട്ടത്താപ്പ് വേണോ എന്നു തുഷാരന്‍ ചോദിക്കുന്നുണ്ടത്രേ.

നവോത്ഥാന മതിലിന്റെ ഒരുക്കങ്ങള്‍ വീക്ഷിച്ച് ബിബിസി സംഘം തിരിച്ചുപോയി സ്‌റ്റോറി കാച്ചിയത് കഴിഞ്ഞ ദിവസമാണല്ലോ! പണ്ട് വിരൂപരാജനെയും റാണിയെയും തിരഞ്ഞെടുക്കാനുള്ള മല്‍സരത്തിനാണ് ബിബിസി സംഘം ഇത്ര തയ്യാറെടുപ്പോടെ കേരളത്തിലെത്തിയത്. അന്ന് നാരദശിരോമണി സാക്ഷാല്‍ രാമദാസ് വൈദ്യരായിരുന്നു സൗന്ദര്യമത്സരത്തിനെതിരേ സാമൂതിരിയുടെ നഗരത്തില്‍ വിരൂപരാജ-റാണി മല്‍സരം സംഘടിപ്പിച്ചത്. ബിബിസിയുടെ അനുഗ്രഹം കൊണ്ട് സംഗതി ലോക സൂപ്പര്‍ ഹിറ്റായി.

ഇതൊക്കെ ശരി തന്നെ. എങ്കിലും വനിതാ മതില്‍ വര്‍ഗീയ മതിലാണെന്ന കാര്യത്തില്‍ പുത്തന്‍ ഖദര്‍ കീറി ധരിച്ച് വോട്ട് ചോദിക്കുന്ന കാംഗ്രസ്സിന് സംശയമൊന്നുമില്ല. കാവിപ്പടയ്ക്കും അതില്‍ സംശയമുണ്ടാവാനിടയില്ല. കാംഗ്രസ്സുകാരുടെ വല്യമൂത്താപ്പ പറയുന്നത് ഇപ്രകാരമാണ്: ഇതുപോലൊരു മതില്‍ ജര്‍മനിയില്‍ ഉണ്ടായിരുന്നു. മ്മളെ കൂട്ടക്കാര് അതു പൊളിച്ചപ്പോഴാണ് അവിടെ കമ്മ്യൂണിസം ഒലിച്ചുപോയത്. ഈ വര്‍ഗീയ മതിലോടെ കമ്മ്യൂണിസം ഇവിടെയും ഒലിച്ചുപോവും.

വനിതാ മതിലിനെ പൊളിക്കാന്‍ മഹാ അയ്യപ്പജ്യോതി വരുന്നുണ്ട്. അതില്‍ വനിതകളും അസാരമുണ്ടത്രേ. മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെയാണ് കലാപരിപാടി. ബിബിസിക്കാര്‍ അതു കണ്ടില്ലെന്നു നടിക്കുന്നത് എന്തുകൊണ്ടാണെന്ന് ഗവേഷണം നടത്തിയാല്‍ പൊള്ളുന്ന ചില സത്യങ്ങള്‍ പുറത്തുവരും. ഒന്നാമത് കമ്മ്യൂണിസം വിദേശ പ്രത്യയശാസ്ത്രമാണ്. മാര്‍ക്‌സാണെങ്കില്‍ 40 കൊല്ലം ലണ്ടന്‍ ലൈബ്രറിയില്‍ പുസ്തകങ്ങള്‍ കരണ്ടുതിന്നിട്ടാണ് മൂലധനം എന്ന കിതാബ് ഉണ്ടാക്കിയത്. അതിനാല്‍, ബ്രിട്ടിഷ് ബിബിസിക്ക് പാശ്ചാത്യ മാതൃകയിലുള്ള വനിതാ മതിലിനോട് പ്രിയമേറും. പൗരസ്ത്യ അയ്യപ്പജ്യോതിയോട് അവര്‍ക്ക് പുച്ഛം തോന്നാന്‍ വേറെ കാരണം അന്വേഷിക്കേണ്ടതില്ല.

പല മഹതികളും മതിലിന്റെ മണ്ണും കല്ലുമാവുമെങ്കിലും നടി മഞ്ജു വാര്യരെ അതിനു കിട്ടില്ല. സിനിമയാണ് എന്റെ തട്ടകം. രാഷ്ട്രീയത്തിന്റെ അതിപ്രസരമുള്ള മതില്‍ അതു നവോത്ഥാന മതിലായും അധോഗതി മതിലായാലും ഞാനില്ലേ. ഇത് സത്യം സത്യം സത്യം.

അപ്പോള്‍ ചില ഇടതുപക്ഷ തീവ്രവാദികള്‍ ഇങ്ങനെ ചോദിച്ചുവത്രേ. പിന്നെ എന്തിനാണ് നേരത്തേ വേഷം കെട്ടാമെന്ന് മഞ്ജു മോള്‍ പെരുമ്പറ കൊട്ടിയത്? വനിതാ മതിലേ, നിന്റെ കള്ളക്കടക്കണ്ണില്‍ എന്ന പാട്ട് ഹിറ്റാക്കിയതെന്തിന്? മഞ്ജു മോഹിനിയാട്ടമാടി ഇപ്രകാരം പറഞ്ഞുവെന്ന് കോരന്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ സാക്ഷ്യപ്പെടുത്തുന്നു: അത് സര്‍ക്കാരിന്റെ മതിലായിരുന്നുവല്ലോ. ഇപ്പോഴത് രാഷ്ട്രീയ മതിലായല്ലോ. ഈ വക ഏനാന്തചോദ്യം ചോദിച്ചാല്‍ ഞാന്‍ സിനിമാഭിനയം നിര്‍ത്തും. അതു കേട്ടപ്പോള്‍ ഇടതു തീവ്രവാദികള്‍ പതുക്കെ വലിഞ്ഞ് തെയ്യം കാണാന്‍ പോയി.

എന്‍എസ്എസ് പെരുന്ന സുകുമാരന്‍ നായരാണ് ഈ ദുര്‍ഗ്രഹ അത്യാധുനിക നാടകത്തിലെ യഥാര്‍ഥ താരം. വനിതാ മതില്‍ കണ്ടാല്‍ മന്നത്ത് പത്മനാഭന്‍ ജീവനൊടുക്കുമായിരുന്നു എന്ന് നായര്‍ക്ക് ഉറപ്പുണ്ട്. ഗുരുവായൂര്‍ സത്യഗ്രഹകാലത്തെ പി കൃഷ്ണപിള്ളയുടെയോ ആധുനികനായ സുനില്‍ പി ഇളയിടത്തിന്റെയോ നായര്‍ പ്രയോഗവുമായി മേല്‍പ്പറഞ്ഞതിനൊന്നും ബന്ധമില്ലെന്നുകൂടി പറയാന്‍ ഈ അവസരം വിനിയോഗിക്കുന്നു.

ഇതിനിടെ ജീവിതം മടുത്ത കോരന്‍ എന്ന നിരീശ്വരവാദിയായ മാധ്യമപ്രവര്‍ത്തകന്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കി എന്നത് വാര്‍ത്തയേയല്ല. കാരണം കോരന്‍ അയപ്പഭക്തനായിരുന്നു എന്നു വിശ്വാസ സംരക്ഷണവേദി കണ്ടുപിടിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ ശബരിമല നയത്തില്‍ പ്രതിഷേധിച്ചാണ് വേദിയുടെ സത്യഗ്രഹപ്പന്തലിനടുത്ത് കോരന്‍ ജീവനൊടുക്കിയതെന്ന് കണ്ടുപിടിച്ചല്ലോ. അതില്‍ പ്രതിഷേധിച്ച് ഈ നിമിഷം ഇതാ വേദി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നു എന്നതാണ് ബ്രേക്കിങ് ന്യൂസ്. പാല്‍, പത്രം, പഴംനുറുക്ക്, പെരുങ്കായം എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി എന്ന് ബിബിസിയെ അറിയിക്കുന്നതില്‍ പെരുത്ത് സന്തോഷവുമുണ്ട്.

ശബരിമല ശാസ്താ കീ ജയ്!

വനിതാ മതില്‍ മൂര്‍ദാബാദ്!



Next Story

RELATED STORIES

Share it