- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വളര്‍ച്ചാനിരക്കിന്‍മേല്‍ ട്രപ്പീസ് കളി
നീതി ആയോഗ് എന്നറിയപ്പെടുന്ന, ആസൂത്രണത്തിന് ചരമഗീതം പാടുന്ന സംഘടനയെയും സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷനെയുമാണ് ഈ അലക്കുപണി ഏല്‍പ്പിച്ചിരിക്കുന്നത്.
ടി ജി ജേക്കബ്
അധികാരത്തില്‍ വരുന്നതിനു മുമ്പുണ്ടായിരുന്ന സമ്പദ്ഘടനയുടെ പൊതുസൂചികകളെ ഡ്രൈക്ലീന്‍ ചെയ്യുന്ന പണിയിലാണിപ്പോള്‍ കേന്ദ്രസര്‍ക്കാര്‍. നീതി ആയോഗ് എന്നറിയപ്പെടുന്ന, ആസൂത്രണത്തിന് ചരമഗീതം പാടുന്ന സംഘടനയെയും സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷനെയുമാണ് ഈ അലക്കുപണി ഏല്‍പ്പിച്ചിരിക്കുന്നത്. അവര്‍ ഈ പണി പാടുപെട്ട് ചെയ്ത് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. അതനുസരിച്ച്, ഇതിനു മുമ്പുണ്ടായിരുന്ന കോണ്‍ഗ്രസ്‌കാലത്തെ ദേശീയ വരുമാന വളര്‍ച്ചാനിരക്കുകള്‍ ശരിയല്ലായിരുന്നെന്നും അത് കണക്കുകൂട്ടിയത് ഒട്ടും ശരിയായ രീതിയിലല്ലായിരുന്നെന്നും യഥാര്‍ഥ നിരക്കുകള്‍ പ്രസിദ്ധീകരിച്ചതിനേക്കാള്‍ കുറവാണെന്നുമാണ് ഇപ്പോള്‍ നാം വിശ്വസിക്കേണ്ടത്. ഈ പുതിയ കണ്ടുപിടിത്തങ്ങളനുസരിച്ച് മോദിസര്‍ക്കാരിന്റെ കാലത്തെ ദേശീയ വരുമാനത്തേക്കാള്‍ കുറവോ സമമോ ആയിരുന്നു അക്കാലത്തെ ദേശീയവരുമാനം എന്നാണ്. ഈ സര്‍ക്കാര്‍ സത്യത്തില്‍ വിശ്വസിക്കുന്നുവെന്നും അതിനു വേണ്ടിയാണ് രാജ്യത്തിന്റെ ദേശീയ വരുമാനനിരക്കുകള്‍ തന്നെ സത്യാധിഷ്ഠിതമാക്കുന്നതെന്നും കൂടി നമ്മെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. മാത്രമല്ല, ആഗോള മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് ഈ പുതിയ വളര്‍ച്ചാനിരക്കുകള്‍ കണക്കുകൂട്ടിയതെന്നും ഏറ്റവും കേമന്മാരായ കണക്കന്‍മാര്‍ ഈ വന്‍ അധ്വാനത്തെ അഭിനന്ദിക്കുന്നുവെന്നും കൂടി പറഞ്ഞൊപ്പിച്ചിട്ടുണ്ട്.
ദേശീയ വരുമാനവും അതുപോലുള്ള മറ്റ് അനുബന്ധ സാമ്പത്തിക സൂചികകളും സാധാരണജനങ്ങള്‍ക്കു പൂര്‍ണമായും മനസ്സിലാക്കാന്‍ കുറച്ചു ബുദ്ധിമുട്ടാണ്. സാങ്കേതികത്വമാണ് ഇതിനെയൊക്കെ അവര്‍ക്ക് ദുരൂഹമാക്കുന്നത്. എല്ലാ മേഖലകളുടെയും ആള്‍ക്കാരുടെയും വരുമാനങ്ങള്‍ ഒരുമിച്ചുകൂട്ടുന്നതല്ലല്ലോ മൊത്തം ദേശീയവരുമാനം. ഉന്നതവിദ്യാഭ്യാസം ലഭിച്ച ഒരാള്‍ക്കുപോലും മനസ്സിലാക്കാന്‍ കുറച്ചു പ്രയാസമാണ് ഈ സൂചികകളുടെ സാങ്കേതികത്വവും നൂലാമാലകളും. ഏതെങ്കിലും ഒരു ചരക്ക് അതിന്റെ അന്തിമരൂപത്തില്‍ വിപണിയില്‍ വരുമ്പോള്‍ അതിന്റെ മൂല്യത്തില്‍ മറ്റു നിരവധി മൂല്യങ്ങള്‍ അടങ്ങിയിരിക്കുന്നുണ്ട്. അവയെല്ലാം ഓരോ ഘട്ടത്തിലും വരുമാനം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. എല്ലാംകൂടി അന്തിമ ഉല്‍പന്നവുമായി കൂട്ടുകയാണെങ്കില്‍ കിട്ടുന്നത് പല മൂല്യങ്ങളുടെയും ഡ്യൂപ്ലിക്കേഷനാണ്. ഈ ഡ്യൂപ്ലിക്കേഷന്‍ പൂര്‍ണമായി ഒഴിവാക്കിയാലേ യാഥാര്‍ഥ്യത്തിനു ചേരുന്ന കണക്കുകള്‍ കിട്ടുകയുള്ളൂ. ഇതിനു വേണ്ടി പല മാര്‍ഗങ്ങളും സ്റ്റാറ്റിസ്റ്റിക്‌സില്‍ വളര്‍ത്തിയെടുത്തിട്ടുണ്ട്. എന്നിരുന്നാലും ഇതിലെല്ലാം തെറ്റുകള്‍ കടന്നുകൂടാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നു. അതുകൊണ്ടാണ് പറയുന്നത്, ഈമാതിരിയുള്ള കണക്കുകള്‍ ഒരിക്കലും പൂര്‍ണമായും ശരിയാവില്ല എന്ന്; ശരിയുടെ അടുത്തെവിടെയെങ്കിലും എത്താനേ കഴിയൂവെന്ന്. തെറ്റുകള്‍ക്കുള്ള അലവന്‍സ് (ഇറര്‍ മാര്‍ജിന്‍) ഈ തരത്തിലുള്ള കണക്കുകളുടെ ഭാഗമാണ്. അതായത്, ഈ കണക്കുകള്‍ക്ക് ഒരിക്കലും നൂറുശതമാനം കൃത്യത ഉണ്ടാവില്ല. അനുമാന സ്വഭാവം ഇവയുടെ പൊതുവിശേഷണമാണ്. അതേസമയം തന്നെ ഈ കണക്കുകള്‍ സമ്പദ്ഘടനയെ മൊത്തമായി വിഭാവന ചെയ്യാനും സാമ്പത്തികനയങ്ങള്‍ രൂപീകരിക്കാനും ഏകോപിപ്പിക്കാനും ആവശ്യവുമാണ്. അതുകൊണ്ടുതന്നെ വളരെ ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ടവയാണ് ഈ കണക്കുകൂട്ടലുകളൊക്കെ. അതിന് അതിന്റേതായ സാങ്കേതിക വിവരവും വേണം. ഇതിനര്‍ഥം ഇത് അസാധ്യമായ കാര്യമാണ് എന്നൊന്നുമല്ല. വെറും വിടുവായത്തം പോരാ എന്നു മാത്രമാണ് അര്‍ഥമാക്കുന്നത്.
സാമ്പത്തിക സൂചികകള്‍ എല്ലാകാലത്തും ഭരണകൂടം സ്വന്തം താല്‍പര്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കാന്‍ ശ്രമിക്കാറുണ്ട്. ദേശീയ വരുമാനം, ആളോഹരി വരുമാനം മാതിരിയുള്ള കണക്കുകള്‍, ഭരിക്കുന്നവര്‍ സ്വന്തം നേട്ടങ്ങളായി വ്യാഖ്യാനിക്കാനും ജനങ്ങളെ അങ്ങനെ ബോധ്യപ്പെടുത്താനും എപ്പോഴും തല്‍പരരാണ്. ഒരു പാര്‍ലമെന്ററി വ്യവസ്ഥയില്‍ ഇതൊക്കെ അധികാരം നിലനിര്‍ത്താന്‍ സഹായിക്കും എന്നതാണ് കാരണം. പക്ഷേ, ഇതിനൊന്നും ജനങ്ങളുടെ ദൈനംദിന ജീവിതവുമായി പലപ്പോഴും കാര്യമായ ബന്ധങ്ങളുമില്ല. ഡോ. മന്‍മോഹന്‍ സിങിന്റെ ഭരണസമയത്ത് ദേശീയവരുമാന വളര്‍ച്ച പത്തുശതമാനത്തിനു മുകളിലായി. അത് സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിന്റെ വാതിലുകള്‍ മലര്‍ക്കെ തുറന്നപ്പോള്‍ നടന്ന മൂലധന ഒഴുക്കുമായി ബന്ധപ്പെട്ടായിരുന്നു. സ്വാഭാവികമായും അതും തൊഴില്‍മേഖലയും ഉല്‍പാദന മേഖലയുമായി 1=1 എന്ന ബന്ധം ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നത് ആധുനിക മുതലാളിത്തെത്ത മനസ്സിലാക്കാതിരിക്കലാണ്.
ശരാശരികള്‍ പലപ്പോഴും സാധാരണക്കാരെ സംബന്ധിച്ച് ഫലിതങ്ങളാണ്. ശരാശരികളെക്കുറിച്ച് പലപ്പോഴും പറയാറുള്ള ഒരു കറുത്ത ഫലിതം എപ്പോഴും പ്രസക്തവുമാണ്. 'ഞാനും എന്റെ മുതലാളിയും ഒരു ദിവസം ശരാശരി ഒരു കിലോ വീതം മീന്‍ കഴിക്കും. മുതലാളി രണ്ടു കിലോ കഴിക്കും' എന്നതാണ് ശരാശരികളുടെ യുക്തിരാഹിത്യം. എന്നിരുന്നാലും ശരാശരികള്‍ സാമ്പത്തിക വ്യവസ്ഥയെ മനസ്സിലാക്കാന്‍ ഉപകരിക്കുന്ന ഒരു അമൂര്‍ത്ത സങ്കല്‍പമായി കണക്കിലെടുക്കാനും കഴിയും. ജനങ്ങളുടെ ജീവിതവുമായി നേരിട്ടു ബന്ധമില്ലാത്ത അമൂര്‍ത്ത സങ്കല്‍പങ്ങളെ അങ്ങനെ തന്നെ ഉപയോഗിക്കുന്നതിന് വളരെയധികം പരിമിതികളുണ്ട്. ഈ പരിമിതികള്‍ മനസ്സിലാക്കാതെ ഈ മാതിരി സൂചികകള്‍ വേദവാക്യങ്ങളായി കരുതുന്നത് ശുദ്ധ പൊട്ടത്തരമല്ലാതെ മറ്റൊന്നുമല്ല. പൊട്ടത്തരങ്ങള്‍ ഉച്ചത്തില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വിളിച്ചുകൂവി ജനങ്ങളെ പൊട്ടന്‍മാരാക്കാനും കഴിയും. അതും സര്‍ക്കാരുകള്‍ ചെയ്യാറുണ്ട്.
സാധാരണയായി സര്‍ക്കാരുകള്‍ ചെയ്യുന്നത് ദേശീയവരുമാനം മാതിരിയുള്ള കണക്കുകള്‍ ഉയര്‍ത്തിക്കാട്ടുകയാണ്. ഇവിടെ ഇപ്പോള്‍ നടന്നത് അതല്ല. കഴിഞ്ഞകാലത്തെ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചാനിരക്കിനെ ഇടിച്ച് ഇപ്പോഴത്തെ വളര്‍ച്ചാനിരക്കിനു സമമോ കുറവോ ആക്കുകയാണ് മോദിസര്‍ക്കാര്‍ കാണിച്ചിരിക്കുന്ന കണക്കുകളിലെ അഭ്യാസം. ഏത് വളര്‍ച്ചാനിരക്കും താരതമ്യത്തില്‍ അധിഷ്ഠിതമാണ്. അല്ലെങ്കില്‍ ഉയര്‍ച്ചയോ താഴ്ചയോ ഒന്നും മനസ്സിലാക്കാന്‍ കഴിയില്ല.
ദേശീയ വരുമാനമോ ആളോഹരി വരുമാനമോ മറ്റെന്തിന്റെ വളര്‍ച്ചാനിരക്കായാലും അത് ഏതെങ്കിലും ഒരു വര്‍ഷത്തെ അല്ലെങ്കില്‍ കുറേ വര്‍ഷങ്ങളിലെ കണക്കുകളുടെ വാര്‍ഷിക ശരാശരിയെ അടിസ്ഥാനമാക്കിയാണ് കണക്കുകൂട്ടുന്നത്. അങ്ങനെയേ അത് കഴിയുകയുമുള്ളൂ. ഇപ്പോള്‍ സര്‍ക്കാര്‍ ചെയ്തിരിക്കുന്നത് ലഘുവായ ഒരു ചെപ്പടിവിദ്യയാണ്. ബെയ്‌സ് വര്‍ഷം മാറ്റി കണക്കുകൂട്ടി. ഉയര്‍ന്ന വരുമാനം നിലനിന്ന ഏതെങ്കിലും വര്‍ഷം അടിസ്ഥാനമാക്കി കണക്കുകൂട്ടിയാല്‍ സ്വാഭാവികമായും നിരക്ക് താഴും. അത്ര നിസ്സാരമായ കാര്യമേ ചെയ്തിട്ടുള്ളൂ. അതിന്റെ ഫലമായി മുമ്പുണ്ടായിരുന്ന പല വര്‍ഷങ്ങളിലെയും സാമ്പത്തിക വളര്‍ച്ചാനിരക്ക് കണക്കുകളില്‍ താഴ്ന്നു. ഈ വര്‍ഷങ്ങള്‍ കോണ്‍ഗ്രസ് ഭരണത്തിനു കീഴിലായിരുന്നു എന്നത് വെറും യാദൃച്ഛികമാണെന്ന മട്ടിലാണ് ഈ അഭ്യാസം നടത്തിയത്. ഇങ്ങനെയൊരു അഭ്യാസം നടത്തിയതിനു പിന്നിലെ രാഷ്ട്രീയ സാഹചര്യം നോക്കുമ്പോള്‍ കാര്യങ്ങള്‍ കുറേക്കൂടി വ്യക്തമാകും.
മോദിസര്‍ക്കാരിന്റെ സാമ്പത്തികനയങ്ങള്‍ സമ്പദ്ഘടനയെ മൊത്തമായും പിന്നോട്ടടിപ്പിച്ചു എന്ന വിലയിരുത്തല്‍ നാള്‍ക്കുനാള്‍ കൂടുതല്‍ വ്യാപകമായി അംഗീകരിക്കപ്പെടുന്ന സാഹചര്യമാണ് രാജ്യത്തിനകത്തും പുറത്തും നിലവിലുള്ളത്. സര്‍ക്കാര്‍ വിശ്വസ്തരെന്നു കരുതി ആനയിച്ചുകൊണ്ടുവന്ന് ഇരുത്തിയ സാമ്പത്തിക നയരൂപീകരണ വിദഗ്ധര്‍ തന്നെ സര്‍ക്കാരിന്റെ സാമ്പത്തിക ചെയ്തികള്‍ കിരാതമെന്നും വിവരക്കേടെന്നും വിശേഷിപ്പിക്കുന്നത് തുടര്‍ക്കഥയാവുകയാണ്. അവരില്‍ പലരും പണി വിട്ട് മുന്‍ തട്ടകങ്ങളായ ലോകബാങ്കിലേക്കും അമേരിക്കന്‍ ഗവേഷണ സ്ഥാപനങ്ങളിലേക്കും യൂനിവേഴ്‌സിറ്റികളിലേക്കും മടങ്ങിക്കഴിഞ്ഞു. കൂടുതല്‍ പേര്‍ മടങ്ങാനുള്ള തയ്യാറെടുപ്പിലുമാണ്. മുങ്ങുന്ന കപ്പലില്‍ നിന്നു രക്ഷപ്പെടുന്ന മൂഷികന്‍മാരെ മനസ്സില്‍ കൊണ്ടുവരുന്ന പ്രതിഭാസമാണിത്. മോദിഭരണത്തില്‍ ദേശീയവരുമാനം കൂപ്പുകുത്തി എന്നത് വെറുമൊരു ആരോപണമല്ല മറിച്ച്, തുറിച്ചുനോക്കുന്ന യാഥാര്‍ഥ്യമാണ്. ചെറുകിട വ്യവസായ മേഖലയും കാര്‍ഷിക മേഖലയും നടുവൊടിഞ്ഞ അവസ്ഥയിലാണ്.
മുന്‍ പ്രധാനമന്ത്രിയും അതിനു മുമ്പ് ധനമന്ത്രിയുമായിരുന്ന പ്രശസ്ത സാമ്പത്തികശാസ്ത്ര വിദഗ്ധനായ ഡോ. മന്‍മോഹന്‍ സിങാണ് ഈ യാഥാര്‍ഥ്യങ്ങള്‍ വളച്ചുകെട്ടില്ലാതെ, ജനങ്ങള്‍ക്കു മനസ്സിലാവുന്ന ഭാഷയില്‍ യുക്തിഭദ്രമായി ആദ്യം അവതരിപ്പിച്ചത്. അദ്ദേഹം സോഷ്യലിസ്‌റ്റോ അര്‍ബന്‍ മാവോയിസ്‌റ്റോ ഒന്നുമല്ല. മറിച്ച്, സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിന് വാതിലുകള്‍ തുറന്ന ആളാണ്. അതിനൊന്നും മറുപടി പറയാനുള്ള കഴിവോ സത്യസന്ധതയോ ഭരണം കൈയാളുന്നവര്‍ കാണിക്കുന്നില്ല. സത്യസന്ധതയുണ്ടെങ്കില്‍ തെറ്റുകള്‍ ഏറ്റുപറയണം. അങ്ങനെ ചെയ്താല്‍ ഭരിക്കാന്‍ അര്‍ഹതയില്ല എന്ന് ലോകര്‍ക്കു മനസ്സിലാകും. അതുകൊണ്ടുതന്നെ കുറ്റം സമ്മതിക്കുന്ന പ്രശ്‌നം ഉദിക്കുന്നില്ല. ചെപ്പടിവിദ്യകള്‍ മാത്രമാണ് ആവനാഴിയിലുള്ളത്. അത്തരമൊരു ചെപ്പടിവിദ്യയാണ് ദേശീയ വരുമാന വളര്‍ച്ചാനിരക്ക് ഡ്രൈക്ലീന്‍ ചെയ്തത്.
നോട്ട്‌നിരോധനവും ജിഎസ്ടിയും ഒന്നും സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചിട്ടില്ല, അതിനൊക്കെ മുമ്പും വളര്‍ച്ചാനിരക്ക് അത്രയ്ക്ക് കേമമൊന്നും ആയിരുന്നില്ല, കോണ്‍ഗ്രസ്സുകാര്‍ അവരുടെ കാലത്ത് കള്ളങ്ങള്‍ പടച്ചുവിടുകയായിരുന്നു എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണ് മോദിസര്‍ക്കാരിന്റെ അലക്കുപണിക്കാര്‍ ചെയ്യുന്നത്. ഒരു വന്‍രാജ്യത്തെ ഭരണാധികാരികള്‍, അതും ജനങ്ങള്‍ തിരഞ്ഞെടുത്ത ഭരണാധികാരികള്‍, ഇത്രയും തരംതാണ ചെപ്പടിവിദ്യകള്‍ കാണിക്കുന്നത് സഹതാപകരമെന്നേ പറയാന്‍ കഴിയൂ. രാജ്യത്തെ സംബന്ധിക്കുന്ന സുപ്രധാന സ്ഥിതിവിവരക്കണക്കുകളുടെ വിശ്വസനീയതയുടെ കുഴി തോണ്ടുകയാണ് ഇതുവഴി അവര്‍ ചെയ്യുന്നത്. ഇത് ലോകതലത്തില്‍ നാണംകെടുത്തുന്ന പണിയാണ്. അങ്ങനെയായാലും സാരമില്ല, കുറ്റം അംഗീകരിക്കുന്ന പ്രശ്‌നമേയില്ല എന്നാണ് ഈ അല്‍പ്പത്തവും വിവരദോഷവും വിളിച്ചുപറയുന്നത്.
RELATED STORIES
വിദ്യാര്‍ഥി രാഷ്ട്രീയം പൂര്‍ണമായും നിരോധിക്കേണ്ടതില്ല; അപകടകരമായ...
14 Dec 2024 4:59 PM GMTബൈക്കിന് മുകളിലേക്ക് കാട്ടാന പന കുത്തിയിട്ടു; വിദ്യാര്‍ഥിനി മരിച്ചു
14 Dec 2024 3:59 PM GMTഡിവൈഎസ്പിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് ഡിവൈഎഫ്ഐ നേതാവ്; വിശദീകരണം...
14 Dec 2024 1:14 PM GMTപനയംപാടം അപകടം; ലോറി ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും: മന്ത്രി കെ ബി ...
14 Dec 2024 11:45 AM GMTപത്താം ക്ലാസ്-പ്ലസ് വണ്‍ ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍...
14 Dec 2024 9:12 AM GMTവി ടി രാജശേഖര്‍ അനുസ്മരണം ഇന്ന് കോഴിക്കോട്
14 Dec 2024 6:58 AM GMT