Articles

നീതിയെ അട്ടിമറിക്കുന്ന പോലിസ് തിരക്കഥകള്‍

പോലിസില്‍ നിന്നു നീതിക്കു തുടക്കം കുറിച്ച് നീതീകരണത്തിന്റെ പൂര്‍ത്തീകരണമാണ് കോടതിയില്‍ നിന്നു വിധിയായി പുറത്തേക്കു വരേണ്ടത്. എന്നാല്‍, പലപ്പോഴും സംഭവിക്കുന്നത് നേരെ തിരിച്ചാണ്. നീതിയുടെ തലം തുടങ്ങേണ്ടിടത്തുതന്നെ നീതിനിഷേധത്തിനു തുടക്കം കുറിക്കുകയും കോടതിയിലൂടെ അതിനു പൂര്‍ണത കൈവരുകയുമാണ് ചെയ്യുന്നത്.

നീതിയെ അട്ടിമറിക്കുന്ന പോലിസ് തിരക്കഥകള്‍
X

സജ്ജാദ് സാഹിര്‍

പോലിസില്‍ നിന്നു വരുന്ന നിരന്തരമായ, ബോധപൂര്‍വമുള്ള വീഴ്ചകള്‍ പലപ്പോഴും കേരളം ഭരിക്കുന്ന ഇടതു സര്‍ക്കാരോ വലതു സര്‍ക്കാരോ മനഃപൂര്‍വം വിസ്മരിക്കുന്നു. അതല്ലെങ്കില്‍ ഗൗരവത്തില്‍ എടുക്കുന്നില്ല. അതുമല്ലെങ്കില്‍ അവര്‍ പലപ്പോഴും ഇതു നിസ്സാരമായി എഴുതിത്തള്ളുന്നു. പോലിസുകാര്‍ പലപ്പോഴും നടപ്പാക്കുന്നത് അവരുടെ അജണ്ടകളാണ്.

കൊടും ക്രിമിനലുകളെ പലപ്പോഴും പോലിസ് രക്ഷിച്ചെടുക്കുന്നു. അതേസമയം നിരപരാധികളെ ക്രൂരമായി വേട്ടയാടുകയും ചെയ്യുന്നു. പോലിസില്‍ നിന്നു നീതിക്കു തുടക്കം കുറിച്ച് നീതീകരണത്തിന്റെ പൂര്‍ത്തീകരണമാണ് കോടതിയില്‍ നിന്നു വിധിയായി പുറത്തേക്കു വരേണ്ടത്. എന്നാല്‍, പലപ്പോഴും സംഭവിക്കുന്നത് നേരെ തിരിച്ചാണ്. നീതിയുടെ തലം തുടങ്ങേണ്ടിടത്തുതന്നെ നീതിനിഷേധത്തിനു തുടക്കം കുറിക്കുകയും കോടതിയിലൂടെ അതിനു പൂര്‍ണത കൈവരുകയുമാണ് ചെയ്യുന്നത്.

പോലിസുകാര്‍ കെട്ടിച്ചമയ്ക്കുന്ന തിരക്കഥകള്‍ക്ക് അനുസരിച്ചാണ് പലപ്പോഴും കാര്യങ്ങള്‍ നീങ്ങുന്നത്. യാസിറിന്റെ പ്രധാന സാക്ഷിയെ ദുര്‍വ്യാഖ്യാനം ചെയ്താണ് യാസിറിന്റെ കൊലപാതകികളെ രക്ഷിച്ചെടുത്തത്. അതേ കേസിലെ പ്രതിയായ കൊടും ക്രിമിനലും നിരവധി കേസുകളിലെ പ്രതിയായ മഠത്തില്‍ നാരായണന്‍ വീണ്ടും ഫൈസലിനെ കൊന്ന കേസിലും പ്രതിയാണ്. ഇത്തരം കൊടും ക്രിമിനലുകളെ രക്ഷിച്ചെടുക്കുന്ന പോലിസ് ഉദ്യോഗസ്ഥര്‍ യഥാര്‍ഥത്തില്‍ ഇത്തരക്കാര്‍ക്ക് വീണ്ടും കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാനുള്ള പരോക്ഷ സഹായങ്ങള്‍ നല്‍കുകയാണ് ചെയ്യുന്നത്.

കാസര്‍കോട്ട് കൊല ചെയ്യപ്പെട്ട നിരപരാധിയായ റിയാസിന്റെ കേസിലും സമാനമായ നീക്കങ്ങളാണ് നടക്കുന്നത്. പ്രതികള്‍ മൂക്കറ്റം മദ്യപിച്ചിരുന്നുവെന്നും അതിന്റെ ലഹരിയിലാണ് പ്രതികള്‍ കൊല നടത്തിയിരിക്കുന്നതെന്നും എഴുതിച്ചേര്‍ത്തത് ബോധപൂര്‍വമാണ്. ലഹരിബാധിതരായിരിക്കെ പ്രതികള്‍ക്ക് മണിക്കൂറുകളോളം നടക്കാന്‍ കഴിയുന്നു. ലക്ഷ്യസ്ഥാനത്ത് എത്താന്‍ പ്രയാസം നേരിടേണ്ടിവരുന്നില്ല. കൊല്ലുമ്പോള്‍ കൈ വിറയ്ക്കുന്നില്ല. ആയുധം വ്യക്തമായി സൂക്ഷിക്കാന്‍ കഴിയുന്നു. മണിക്കൂറുകളോളം ബൈക്ക് ഓടിക്കാനും സാധിക്കുന്നു. ഇവിടെയൊന്നും മദ്യത്തിന്റെ ലഹരി ബാധിക്കുന്നില്ല!

ഇത്തരം കുടുംബങ്ങള്‍ക്ക് വേണ്ടത് നഷ്ടപരിഹാരമല്ല, മറിച്ച് നീതിയാണ്. ഇത്തരം നിരപരാധികളെ കൊന്നൊടുക്കുന്ന മഠത്തില്‍ നാരായണന്മാരെ രക്ഷപ്പെടാനാവാത്ത വിധം പഴുതുകള്‍ അടച്ചു കോടതികളില്‍ എത്തിക്കണം. പലപ്പോഴും പൊതുജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ നഷ്ടപരിഹാരത്തിന്റെ കണക്കു പറഞ്ഞു ജനശ്രദ്ധ അതിലേക്കു കേന്ദ്രീകരിക്കുമ്പോള്‍ പലപ്പോഴും ഇവരുടെ കുടുംബങ്ങള്‍ക്ക് നീതി കിട്ടുന്നില്ലെന്ന സത്യം പലരും വിസ്മരിച്ചുപോകുന്നു.

ഏതു കുറ്റകൃത്യം പോലിസിന്റെ ഭാഗത്തുനിന്ന് ഉണ്ടായാലും അതൊന്നും തങ്ങളെ ബാധിക്കില്ല എന്ന രീതിയിലാണ് പോലിസ് പലപ്പോഴും പെരുമാറുന്നത്. പലപ്പോഴും അവര്‍ക്കു പ്രോത്സാഹനം നല്‍കുന്ന സമീപനമാണ് മാറിമാറിവരുന്ന സര്‍ക്കാരുകള്‍ ചെയ്യുന്നത്. ബീമാപള്ളിയില്‍ വെടിവെപ്പിന് ഉത്തരവാദികളായ പോലിസ് ഉദ്യോഗസ്ഥരെ പ്രമോഷന്‍ നല്‍കി ആദരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. പാലക്കാട്ട് സിറാജുന്നിസയെ വെടിവെച്ചുകൊന്ന പോലിസ് ഉദ്യോഗസ്ഥന്റെ കാര്യത്തില്‍ സംഭവിച്ചതും ഇതുതന്നെയാണ്. ഇത്തരം ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കേണ്ടതിനു പകരം പലപ്പോഴും ഇവരെ പ്രോത്സാഹിപ്പിക്കുകയാണ് മാറിമാറിവരുന്ന സര്‍ക്കാരുകള്‍ കേരളത്തില്‍ ചെയ്യുന്നത്. പോലിസുകാര്‍ നിയമത്തിന് അതീതരാണ് എന്ന ധാരണയിലാണ് പലപ്പോഴും പെരുമാറുന്നത്.

പോലിസിന്റെ വളരെ ക്രൂരതയാര്‍ന്ന മുഖമാണ് താനൂരില്‍ കണ്ടത്. അര്‍ധരാത്രിയില്‍ വീടുകളില്‍ കയറുക, സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തുക, കേട്ടാല്‍ അറയ്ക്കുന്ന ഭാഷകള്‍ ഉപയോഗിക്കുക, വീട്ടിലെ സാധനസാമഗ്രികള്‍ തല്ലിത്തകര്‍ക്കുക, കലാപത്തിനു തുടക്കം കുറിച്ച പ്രതികളെ പിടിക്കേണ്ടതിനു പകരം നിരപരാധികളെ പിടിച്ച് പോലിസ് സ്‌റ്റേഷനില്‍ എത്തിച്ച് അവരെ പീഡിപ്പിക്കുകയായിരുന്നു പോലിസ് ചെയ്തത്. യഥാര്‍ഥ ക്രിമിനലുകളെ നിയമത്തിനു മുന്നില്‍ എത്തിക്കാന്‍ പോലിസിന് ഇതുവരെ കഴിഞ്ഞിട്ടുമില്ല. പലപ്പോഴും നിയമലംഘകരുടെ ദൗത്യമാണ് പോലിസ് ഇത്തരം അവസ്ഥയില്‍ സ്വീകരിക്കുന്നത്.

2003ലെ രണ്ടാം മാറാട് കലാപത്തോട് അനുബന്ധിച്ചും സമാനമായ ക്രൂരകൃത്യങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. ഒമ്പതു പേര്‍ കൊല ചെയ്യപ്പെട്ട രണ്ടാം മാറാട് കലാപത്തിലും അകത്തു പോയ പലരും നിരപരാധികളാണെന്ന് പിന്നീടാണ് പുറംലോകം അറിയുന്നത്. മാറാട് കലാപത്തോട് അനുബന്ധിച്ച് നിരവധി നിര്‍ധനരായ സ്ത്രീകളും കുട്ടികളും വീടുവിട്ടിറങ്ങേണ്ടിവന്നു. രോഗികളും വൃദ്ധരും ഗര്‍ഭിണികളായ സ്ത്രീകളും അടക്കം നിരവധി പേര്‍. മതത്തിന്റെ പേരിലും ജാതിയുടെ പേരിലും രാഷ്ട്രീയത്തിന്റെ പേരിലും കലാപങ്ങള്‍ നടത്തി ലാഭങ്ങള്‍ കൊയ്യാന്‍ ശ്രമിക്കുന്ന കൊടുംക്രിമിനലുകള്‍ രക്ഷപ്പെടുമ്പോള്‍ പലപ്പോഴും നിരപരാധികളാണ് പലപ്പോഴും ഇത്തരം കേസുകളില്‍ കുടുങ്ങിപ്പോകുന്നത്. താനൂരില്‍ ഇപ്പോള്‍ കലാപം അഴിച്ചുവിട്ട യഥാര്‍ഥ ക്രിമിനലുകളെ കണ്ടെത്തുകയും അത്തരക്കാരെ രക്ഷപ്പെടാനാവാത്തവിധം നിയമത്തിനു മുന്നില്‍ എത്തിക്കുകയും വേണം.

കേട്ടാല്‍ അറയ്ക്കുന്ന ഭാഷകളാണ് പലപ്പോഴും പോലിസ് ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്നത്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് സ്വന്തം മകളെ ക്രൂരമായി പീഡിപ്പിച്ച അയല്‍വാസിക്കെതിരേ പരാതി കൊടുക്കാന്‍ പോയ ഒരു സാധുസ്ത്രീയോട് കേട്ടാല്‍ അറയ്ക്കുന്ന ഭാഷയിലാണ് പോലിസ് പ്രതികരിച്ചത്. വര്‍ഷങ്ങളായി കേരളത്തിലെ ഒരു വിഭാഗം പോലിസ് ഉദ്യോഗസ്ഥര്‍ ഇത്തരത്തിലുള്ള സംസാരശൈലിയാണ് പലപ്പോഴും സ്വീകരിക്കുന്നത്. ഇതൊക്കെ അവസാനിപ്പിക്കേണ്ട കാലം എന്നോ അതിക്രമിച്ചിരിക്കുന്നു.

കേവലം തലോടാനുള്ളതല്ല ആഭ്യന്തര വകുപ്പ്. ശക്തമായ ഇടപെടല്‍ അതില്‍ അനിവാര്യമാണ്. ഒരു ഭരണത്തിന്റെ നല്ലതു പറയിക്കാനും ഭരണത്തെ ദുഷിപ്പിക്കാനും ആഭ്യന്തര വകുപ്പിന് കഴിയും. ജനങ്ങളുടെ നീതിയും സുരക്ഷയും ഉറപ്പുവരുത്താന്‍ പോലിസിനു കഴിയണം. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്താന്‍ കഴിയണം. അതിനാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ മുഖ്യമായും ശ്രമിക്കേണ്ടത്. മൈക്കിലൂടെയുള്ള ഘോരഘോര പ്രസംഗമല്ല കേരളത്തിലെ ജനങ്ങള്‍ പിണറായി വിജയനെ പോലെയുള്ള ഒരു മുഖ്യമന്ത്രിയില്‍ നിന്നു പ്രതീക്ഷിക്കുന്നത്, മറിച്ച് ഉറച്ച നിലപാടുകളും ധീരമായ നടപടിക്രമങ്ങളുമാണ്. പ്രത്യേകിച്ചും ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുമ്പോള്‍. ഇരട്ടച്ചങ്കനെന്നു കേള്‍ക്കാന്‍ നല്ല സുഖമാണ്. പക്ഷേ, അത് പ്രയോഗിക്കേണ്ടത് ആഭ്യന്തര വകുപ്പിലാണ്.

സമഗ്രമായ ഒരു ഉടച്ചുവാര്‍ക്കല്‍ കേരളത്തിലെ പോലിസ് ഡിപാര്‍ട്ട്‌മെന്റിന് ആവശ്യമാണ്. സത്യസന്ധരും നീതിമാന്മാരെയും വര്‍ഗീയ വിരുദ്ധരെയും പോലിസില്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുക, ക്രിമിനല്‍ പശ്ചാത്തലമുള്ള പോലിസ് ഉദ്യോഗസ്ഥരെ പ്രമോഷന്‍ നല്‍കാതെ മാറ്റിനിര്‍ത്തുക. നീതിനിഷേധം നടത്തുന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നടപടികള്‍ എടുക്കുകയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുകയും ചെയ്യുക, തങ്ങളും നിയമത്തിന് അതീതരല്ല എന്ന ബോധ്യം പോലിസിലും ശക്തമാവട്ടെ.

സ്വന്തം മകനു നീതി തേടിപ്പോയ ജിഷ്ണുവിന്റെ അമ്മയുടെ കണ്ണുനീര്‍ കണ്ടില്ലെന്നു നടിക്കാന്‍ കൈരളിക്കു കഴിയില്ല. വളരെ ക്രൂരമായിപ്പോയി മകനു നീതി തേടിപ്പോയ ഒരമ്മയ്ക്കുണ്ടായ അനുഭവം. പാമ്പാടി നെഹ്‌റു കോളജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ അമ്മയെ അതിക്രൂരമായാണ് പോലിസ് നേരിട്ടത്- അതും നീതിയുടെ ആസ്ഥാനത്തു വച്ചുതന്നെ. ഒരമ്മയുടെ കണ്ണീര്‍ കണ്ടില്ലെന്നു നടിക്കാന്‍ പൊതുസമൂഹത്തിനാവില്ല എന്ന് ഇനിയെങ്കിലും ഭരണകൂടം മനസ്സിലാക്കണം. ജിഷ്ണു പ്രണോയിയുടെ അമ്മയും ഇന്നു തിരിച്ചറിയുന്നു, നീതിയിലേക്കുള്ള അകലം വളരെ കൂടുതലാണെന്ന്.

Next Story

RELATED STORIES

Share it