Azhchavattam

കാവി പൂശിയ തെയ്യങ്ങള്‍

കാവി പൂശിയ തെയ്യങ്ങള്‍
Xമനുഷ്യനെയും പ്രകൃതിയെയും സമീകരിക്കുന്ന ദ്രാവിഡ സംസ്‌കാരത്തിന്റെ ശേഷിപ്പുകളാണ് തെയ്യക്കാവുകള്‍. അധഃസ്ഥിതന്റെ രോഷാഗ്നിയില്‍ നിന്നാണ് ഓരോ തെയ്യവും ഉയിര്‍കൊണ്ടത്. ജാതിവ്യവസ്ഥയുടെ നീചനിയമങ്ങളെ വെല്ലുവിളിച്ച ആ തെയ്യക്കാവുകളെ ഇന്ന് ചാതുര്‍വര്‍ണ്യ മൂല്യങ്ങളില്‍ തളച്ചുകെട്ടാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. സങ്കല്‍പമൂര്‍ത്തികളായ തെയ്യങ്ങള്‍ക്ക് ബ്രാഹ്മണന്‍ പ്രതിഷ്ഠിച്ചാലേ നിലനില്‍പ്പുള്ളൂ എന്നു പോലും പ്രചരിപ്പിക്കപ്പെടുന്നു


theyyam
ബ്രാഹ്മണമേധാവിത്തത്തോട് കലഹിച്ച് ദലിതന്റെ അസ്തിത്വം സ്ഥാപിച്ചെടുത്ത തെയ്യങ്ങള്‍ ബ്രാഹ്മണ്യാധിപത്യത്തിന്റെ പിടിയിലായിക്കൊണ്ടിരിക്കുന്നു. 'നാങ്കളെ കുത്ത്യാലും ചോര്യല്ലേ ച്ചൊവ്വറേ... നീങ്കളെ കുത്ത്യാലും ചോര്യല്ലേ ചൊവ്വറേ' (ഞങ്ങളെ മുറിച്ചാലും നിങ്ങളെ മുറിച്ചാലും ഒരേ ചോരയല്ലേ തമ്പുരാനേ) എന്നു മേലാളനോട് ചോദിച്ച പൊട്ടന്‍ദൈവം ഉള്‍പ്പെടെയുള്ള തെയ്യങ്ങളെ ബ്രാഹ്മണര്‍ പ്രതിഷ്ഠവല്‍ക്കരിച്ചു കഴിഞ്ഞു. ഒരു പ്രതിഷ്ഠയിലും ഉള്‍ക്കൊള്ളിക്കാനാവാത്ത വിശാല അസ്തിത്വമുള്ള ആത്മപ്രതിഷ്ഠയില്‍ അധിഷ്ഠിതമായ തെയ്യങ്ങളെ ബ്രാഹ്മണമേധാവിത്തത്തിന്റെ കീഴിലാക്കാനുള്ള സംഘടിതശ്രമങ്ങളാണ് എങ്ങും.  മനുഷ്യനും പ്രകൃതിയും ഒന്നാണെന്ന ദ്രാവിഡ സംസ്‌കാരത്തിന്റെ ബാക്കിപത്രങ്ങളാണ് തെയ്യക്കാവുകള്‍. ഈശ്വരചൈതന്യം ഓരോ ജീവജാലങ്ങളിലുമുണ്ടെന്ന വിശാല വീക്ഷണമാണ് തെയ്യങ്ങളുടേത്.
കാവുകളില്‍ നിലനിന്നിരുന്ന നാട്ടാചാരങ്ങള്‍ പലതും ഇന്ന് ക്ഷേത്രാചാരങ്ങളായി മാറിക്കഴിഞ്ഞു. ജാതിവ്യവസ്ഥകളെ വെല്ലുവിളിച്ച തെയ്യക്കോലങ്ങളെ സ്ഥാപനവല്‍ക്കരിക്കാനും ചാതുര്‍വര്‍ണ്യ മൂല്യങ്ങളില്‍ തളച്ചുകെട്ടാനുമുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. ഒരു പ്രതിഷ്ഠയിലും ആവാഹിച്ച് കുടിയിരുത്താന്‍ പറ്റാത്ത വ്യാപ്തിയുള്ള സങ്കല്‍പമൂര്‍ത്തികളായ തെയ്യങ്ങള്‍ക്ക് ബ്രാഹ്മണന്‍ പ്രതിഷ്ഠിച്ചാലേ നിലനില്‍പ്പുള്ളൂ എന്നു പോലും പ്രചരിപ്പിക്കപ്പെടുന്നു.

തെയ്യം ദ്രാവിഡന്റെ അസ്തിത്വംtheyyam3മണ്ണിന്റെ മണമുള്ള പാട്ടുകളും സൂര്യതാപത്താല്‍ തളരാത്ത മെയ്യുറപ്പുമുള്ള തെയ്യം ദ്രാവിഡന്റെ അധ്വാനത്തിന്റെ പ്രതീകമാണ്. വടക്കേ മലബാറിലെ കാര്‍ഷികസംസ്‌കാരം തന്നെ തെയ്യവുമായി ബന്ധപ്പെട്ടതാണ്. വിതയ്ക്കലും കൊയ്യലുമെല്ലാം തെയ്യത്തിന്റെ സാന്നിധ്യത്തിലായിരുന്നു. ജന്മിത്തം നിലനിന്നിരുന്ന കാലഘട്ടത്തില്‍ ജാതിവ്യവസ്ഥകള്‍ക്കിടയില്‍ തീണ്ടാപ്പാടകലെ നിര്‍ത്തിയ സമുദായങ്ങളുടെ പ്രതിഷേധാഗ്‌നിയില്‍നിന്ന് അവതരിച്ചവയാണ് ഇവ.

നാട്ടുഭാഷയുടെയും സംസ്‌കൃതിയുടെയും പുരാവൃത്തങ്ങളുടെയും സ്വത്വങ്ങള്‍ക്കപ്പുറം ജീവിതത്തിന്റെ തനതു കാഴ്ചയാണ് ഓരോ തെയ്യവും.  അവകാശങ്ങളുടെയും ധര്‍മങ്ങളുടെയും സാമൂഹികനീതിയുടെയും നിര്‍മാല്യങ്ങള്‍ വാരിവിതറുന്ന തെയ്യങ്ങളുടെ അനുഗ്രഹം ദലിതനു മാത്രമല്ല, വടക്കേ മലബാറിലെ നമ്പൂതിരിക്കും നായര്‍ക്കും തിയ്യനും മണിയാണിക്കും ചാലിയര്‍ക്കുമെല്ലാം ജീവിതത്തിന്റെ ഭാഗമാണ്. കോപ്പാളനും മലവേട്ടുവനും മാവിലനും വണ്ണാനും പുലയനും കെട്ടിയാടുന്ന തെയ്യത്തിന്റെ രൗദ്രഭാവങ്ങളില്‍ നിശ്ചലരായിപ്പോയ ബ്രാഹ്മണര്‍ തെയ്യങ്ങളെയും തങ്ങളുടെ മാന്ത്രികക്കുടങ്ങളില്‍ അടയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്.
നാലു പതിറ്റാണ്ടു മുമ്പുവരെ തെയ്യക്കാവുകളില്‍ ബ്രാഹ്മണര്‍ക്കു സ്ഥാനമുണ്ടായിരുന്നില്ല. ഭൂരിഭാഗം വിശ്വാസികളും തെയ്യങ്ങളെ ആരാധനാമൂര്‍ത്തിയായി കാണുമ്പോള്‍ ആധിപത്യമുറപ്പിക്കാനാണ് തെയ്യക്കാവുകള്‍ ക്ഷേത്രങ്ങളാക്കാന്‍ തുടങ്ങിയത്. ദിവസങ്ങള്‍ നീളുന്ന ഹോമങ്ങളും അഷ്ടബന്ധകലശങ്ങളും നടത്തിയ ശേഷമാണ് ക്ഷേത്രം ആചാര്യസ്ഥാനികള്‍ക്ക് വിട്ടുകൊടുക്കുക. ദ്രാവിഡരുടെ മേല്‍ ആര്യന്മാര്‍ സ്ഥാപിച്ചെടുത്ത ആധിപത്യം ഇതിലൂടെ അരക്കിട്ടുറപ്പിക്കുകയാണ് സവര്‍ണമേധാവിത്തം. മൂന്നു ബ്രാഹ്മണര്‍ കുടത്തിലാക്കി മൂന്നാള്‍ താഴ്ചയില്‍ കുഴിച്ചിട്ടിട്ടും കുടം പൊട്ടിത്തെറിച്ച് ഉയര്‍ന്നുവന്ന മൂവാളംകുഴി ചാമുണ്ഡിയെപ്പോലും പ്രതിഷ്ഠിക്കാന്‍ ബ്രാഹ്മണര്‍ രംഗത്തെത്തിയിട്ടുണ്ട്. വിഷവൈദ്യം പഠിച്ച തിയ്യച്ചെക്കനെ ചുട്ടുകൊന്ന പ്രതിഷേധാഗ്നിയില്‍ നിന്നാണ് വിഷകണ്ഠന്‍ തെയ്യം ഉയിര്‍കൊണ്ടത് എന്ന് പലരും മറന്നുപോയിരിക്കുന്നു.

 ബ്രാഹ്മണന് പണക്കാഴ്ച
theyyam-2വൈദ്യവും ശാസ്ത്രവും തര്‍ക്കവും തത്ത്വചിന്തയും സവര്‍ണന്റെ മാത്രം കുത്തകയായിരുന്ന കാലത്ത് ഇതിനെതിരേ പോരാടിയവരാണ് തെയ്യങ്ങള്‍. വേട്ടയാടലും മല്‍സ്യ-മാംസ ഭക്ഷണങ്ങളും ഇഷ്ടമാക്കിയ മുത്തപ്പനെ ബ്രാഹ്മണരായ മാതാപിതാക്കള്‍ വീടിനു പുറത്താക്കുകയായിരുന്നു. സ്ത്രീസ്വാതന്ത്ര്യത്തെ അംഗീകരിക്കാത്ത ഫ്യൂഡല്‍ കാലഘട്ടത്തിലെ സ്ത്രീയുടെ ചെറുത്തുനില്‍പ്പിനുള്ള ശ്രമമാണ് മുച്ചിലോട്ട് ഭഗവതിയെന്ന തെയ്യത്തിന്റെ കഥ. സവര്‍ണ കുലജാതയായ പെണ്‍കുട്ടിയുടെ ജ്ഞാനത്തെ ഭയന്ന ബ്രാഹ്മണര്‍ അപവാദം പറഞ്ഞതിനാല്‍ ആത്മാഹുതി ചെയ്ത സ്ത്രീ, മുച്ചിലോട്ട് ഭഗവതി തെയ്യമായി മാറുകയായിരുന്നു. ശങ്കരാചാര്യരോട് വഴി മാറാന്‍ പറഞ്ഞപ്പോള്‍ ജാതിവ്യവസ്ഥയുടെ പൊള്ളത്തരം തുറന്നുകാട്ടിയതിന്റെ പേരില്‍ സവര്‍ണര്‍ ചുട്ടുകൊന്ന അലങ്കാരന്‍ എന്ന ദലിത് ചെറുപ്പക്കാരന്റെ തീക്കൂനയില്‍ നിന്നാണ് പൊട്ടന്‍തെയ്യം അവതരിച്ചത്. സവര്‍ണ പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ ബ്രാഹ്മണര്‍ കൊലപ്പെടുത്തിയ പാലന്തായി കണ്ണനാണ് വിഷ്ണുമൂര്‍ത്തിയായി മാറിയതെന്നാണ് നീലേശ്വരത്തുകാരുടെ വിശ്വാസം.
theyyam5നാഗത്തറകള്‍ക്കും ശാസ്താക്കാവുകള്‍ക്കും കേരള ചരിത്രത്തോളം തന്നെ പ്രാധാന്യമുണ്ട്. വിശുദ്ധിയുടെ പ്രതീകങ്ങളായ കാവുകളെ മലയാളികള്‍ സ്വീകരിച്ചത് ദൈവത്തിന്റെ കുടിയിരിപ്പുകേന്ദ്രങ്ങളായാണ്. ഇവിടെ തെയ്യം കെട്ടുന്ന തെയ്യക്കാരനില്‍ ദൈവമെത്തുമെന്ന വിശ്വാസം വടക്കേ മലബാറിലെ ഓരോ വിശ്വാസിക്കുമുണ്ട്. തെയ്യത്തിന്റെ അടയാളമായി ഒരു കത്തിയോ ശൂലമോ മാത്രമാണ് പ്രതീകമാക്കുന്നത്. എന്നാല്‍, ഇന്ന് നാഗക്കാവുകളില്‍ പോലും ലക്ഷങ്ങള്‍ ചെലവഴിച്ച് മാര്‍ബിളും ഗ്രാനൈറ്റും നിരത്തി കോണ്‍ക്രീറ്റ് സൗധങ്ങള്‍ ഉയരുകയാണ്. പ്രപഞ്ചത്തില്‍ അന്തര്‍ലീനമായ തെയ്യത്തിന്റെ ശക്തി കൈവരുന്നത് തെയ്യക്കാരന്‍ വേഷം കെട്ടി കണ്ണാടിയില്‍ നോക്കി ദൈവത്തെ പ്രാര്‍ഥിക്കുമ്പോഴാണ്.

തെയ്യക്കാരനും ദൈവവും ഒന്നാവുന്ന ഒരു നിമിഷത്തിലുണ്ടാവുന്നതാണ് തെയ്യത്തിന്റെ വെളിപാടുകള്‍. എഴുതിവച്ച ചട്ടക്കൂടില്‍ നിന്നല്ല അനുഗ്രഹവചനങ്ങള്‍ വരുന്നത്. ദൈവത്തിന്റെ വാക്കുകളാണ് കേള്‍ക്കുന്നത് എന്നതുകൊണ്ടാണ് അമേരിക്കയിലും യൂറോപ്പിലും സൗദി അറേബ്യയിലുമുള്ള വടക്കേ മലബാറുകാര്‍ ഓരോ തെയ്യാട്ടത്തിനും നാട്ടിലെത്തുന്നത്. 'ഗുണം വരണം, ഗുണം വരണം ഏറിയോര് ഗുണം വരണം' എന്ന വചനം വിശ്വാസിക്കുണ്ടാക്കുന്നത് ഒരു നിര്‍വൃതി തന്നെയാണ്.
വിശാല അര്‍ഥതലങ്ങളുള്ള തെയ്യങ്ങളെ ബ്രാഹ്മണരുടെ കീഴിലാക്കിയത് പ്രഗല്‍ഭ ജ്യോതിഷികള്‍ ഉള്‍പ്പെടെയുള്ള സവര്‍ണരാണ്. തറവാടുകളിലും കാവുകളിലും മടപ്പുരകളിലും മുണ്ഡ്യകളിലും തെയ്യങ്ങള്‍ക്ക് പ്രതിഷ്ഠവേണമെന്ന് നിര്‍ബന്ധിക്കുകയും ഏഴു ദിവസത്തെയോ 14 ദിവസത്തെയോ ബ്രഹ്മകലശോല്‍സവം (വിഗ്രഹ പ്രതിഷ്ഠാചടങ്ങ്) നടത്തി ക്ഷേത്രങ്ങളാക്കി വിട്ടുകൊടുക്കുകയാണ് പുതിയ രീതി. വര്‍ഷാവര്‍ഷം ഗണപതിഹോമം വേണമെന്നു നിബന്ധന വയ്ക്കുകയും ചെയ്യുന്നുണ്ട്. എസ്എന്‍ഡിപി ശക്തിപ്പെട്ടിട്ടും വടക്കേമലബാറില്‍ ഒരു തെയ്യക്കാവിലും ഈഴവതന്ത്രിയുടെ നേതൃത്വത്തിലുള്ള ബ്രഹ്മകലശോല്‍സവം കണ്ടിട്ടില്ലെന്നത് മറ്റൊരു വസ്തുത.
ബ്രഹ്മകലശ മഹോല്‍സവവും ശുദ്ധികലശവും നടത്തി തെയ്യങ്ങളെ പ്രതിഷ്ഠിക്കാനുള്ള നീക്കങ്ങളുമുണ്ട്. വേദന സഹിച്ച് അനാചാരങ്ങളോടു പടപൊരുതിയ അമ്മ തെയ്യങ്ങളുടെ ചരിത്രത്തിനും പുതിയ ആവിഷ്‌കാരങ്ങള്‍ രചിക്കപ്പെടുന്നു. വേദം കേള്‍ക്കുന്ന ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണമെന്നു പറഞ്ഞ മനുസ്മൃതിയെ ചുട്ടെരിക്കാന്‍ ശക്തിയുള്ളതാണ് തെയ്യങ്ങളുടെ തോറ്റംപാട്ടുകളുടെ അര്‍ഥതലങ്ങള്‍. വടക്കേമലബാറിലെ പൂരക്കളിയിലും മറത്ത്കളിയിലും ഉള്ള തര്‍ക്കങ്ങള്‍ കേട്ടാല്‍ ഇതു ബോധ്യമാവും.
മുത്തപ്പന്റെ ആരൂഢസ്ഥാനമായ കണ്ണൂര്‍ പറശ്ശിനിക്കടവില്‍ പോലും തെയ്യം കെട്ടുമ്പോള്‍ മുത്തപ്പനെ മലയിറക്കിക്കൊണ്ടുവരുന്ന ചടങ്ങുണ്ട്. ആ മുത്തപ്പന്റെ മഠപ്പുരകളില്‍ പോലും പ്രതിഷ്ഠ സ്ഥാപിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഓരോ വീട്ടിലും തെയ്യംകെട്ടുമ്പോള്‍ പാടിയില്‍ നിന്നു മുത്തപ്പനെ മലയിറക്കുന്ന ചടങ്ങുണ്ട്. പ്രതിഷ്ഠയില്‍ ഉറച്ചിരിക്കുന്നതെങ്കില്‍ ഇത്തരം ചടങ്ങിന് എന്താണ് പ്രസക്തി...?
ഷഡാധാര പ്രതിഷ്ഠാരീതിയിലുള്ള ക്ഷേത്രസങ്കല്‍പ്പങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് തെയ്യങ്ങള്‍. ഒരിക്കലും പ്രതിഷ്ഠ പാടില്ലാത്ത തെയ്യങ്ങള്‍ക്കുപോലും പ്രതിഷ്ഠകള്‍ നിലവില്‍ വന്നുകഴിഞ്ഞു. ദ്രാവിഡ സംസ്‌കാരത്തെ ആര്യവല്‍ക്കരിക്കുന്നതിനുള്ള ശ്രമം. കലോല്‍സവങ്ങളിലും ഘോഷയാത്രകളിലും നേര്‍ക്കാഴ്ചകളായി തെയ്യങ്ങളെ കൊണ്ടുനടക്കാന്‍ കഴിഞ്ഞതും ഇതു വെറും കലാരൂപം മാത്രമാണെന്ന് പറഞ്ഞുനടക്കുകയും ചെയ്യുന്ന അഭിനവ പുരോഗമനവാദികള്‍ തെയ്യത്തെ കച്ചവടവല്‍ക്കരിക്കുന്നു.
തുലാം 10 മുതല്‍ തുടങ്ങുന്ന തെയ്യക്കാലം  ഇടവപ്പാതിയോടെയാണ് പിന്‍മടങ്ങുന്നത്. തെയ്യക്കാവുകളിലെ ഓരോ ചെണ്ടക്കൂറ്റിലും (ചെണ്ടശബ്ദം) ഒരായിരം പ്രതീക്ഷകളാണ് നാമ്പിടുന്നത്. മനസ്സിന്റെ വിഷമങ്ങള്‍ പറയാന്‍ ചെറുമനും നായര്‍ക്കും നമ്പൂതിരിക്കും തെയ്യങ്ങള്‍ വേണം. വറുതിയിലും ദുരിതത്തിലും പെട്ടുഴലുന്ന 'പൈതങ്ങള്‍ക്ക്' മുന്നില്‍ ആശ്വാസത്തിന്റെ നീരുറവയാവുന്ന നേര്‍ദൈവങ്ങള്‍.. വടക്കന്റെ മനസ്സില്‍നിന്ന് ഒരിക്കലും പറിച്ചെറിയാനാവാത്ത തെയ്യങ്ങള്‍...

വീണ്ടും വര്‍ണാധിപത്യം
theyyam4യോഗികളും യാദവരും കുശവരും പിടാരികള്‍ക്കും പൂജകള്‍ക്ക് സര്‍വ സ്വാതന്ത്ര്യമുള്ള കാലമുണ്ടായിരുന്നു. എന്നാല്‍, ബ്രാഹ്മണന്‍ തൊട്ടാലേ പരിശുദ്ധമാവൂ എന്ന ചിന്തയാണ് ഇന്നുള്ളത്. പയ്യന്നൂരിലും നീലേശ്വരത്തും കാഞ്ഞങ്ങാട്ടും കുശവരും യോഗികളും പൂജ ചെയ്യുന്ന നിരവധി ക്ഷേത്രങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ യോഗികള്‍ അവരുടെ സമുദായ ക്ഷേത്രങ്ങളില്‍ മാത്രം ഒതുക്കപ്പെട്ടു. കണ്ണൂര്‍ ജില്ലയിലെ മാടായിക്കാവിലും നീലേശ്വരം മന്ദംപുറത്തുകാവിലും ശ്രീകണ്ഠാപുരത്തിനു സമീപം മാമാനത്തും പൂജ നടത്തുന്നത് മല്‍സ്യമാംസാദികള്‍ കഴിക്കുന്ന പിടാരന്‍മാരാണ്. ഇവിടത്തെ അകപൂജ കഴിഞ്ഞാല്‍ ലഭിക്കുന്ന പ്രസാദം കുരുമുളകിട്ട കോഴിയിറച്ചിയാണ്.

കള്ളും മീനും ഇഷ്ടപ്പെടുന്ന തെയ്യങ്ങള്‍ എങ്ങനെ ബ്രാഹ്മണന്റെ പ്രതിഷ്ഠയിലൊതുങ്ങും. മാംസം കഴിക്കുന്നവരെ നികൃഷ്ടരായി കാണുന്ന ബ്രാഹ്മണര്‍ എങ്ങനെയാണ് വേട്ടയാടലും യുദ്ധവും ഇഷ്ടപ്പെടുന്ന തെയ്യങ്ങളെ പ്രതിഷ്ഠിക്കുക? കള്ള് ഇഷ്ടപ്പെടുന്ന മുത്തപ്പനെപ്പോലും പ്രതിഷ്ഠിക്കാന്‍ ബ്രാഹ്മണന്‍ വേണമെന്ന ചിന്താഗതിയാണിപ്പോള്‍.
നട്ടു നനച്ചെടുത്തും കരിച്ചു വാളിയെടുത്തും (തീയിട്ട് പുനംകൃഷിക്ക് നിലമൊരുക്കുന്നത്) സംരക്ഷകനായി ഞാനുണ്ടാവുമെന്നു പറയുന്ന തെയ്യങ്ങള്‍ എവിടെയാണ് വിത്തിറക്കേണ്ടത് എന്ന ആശങ്കയിലാണ്. ഓലച്ചൂട്ടിന്റെ വെളിച്ചത്തില്‍ ഉറഞ്ഞുതുള്ളുന്ന തെയ്യങ്ങളേറെയും കൃഷിയുടെയും കന്നുകാലികളുടെയും സംരക്ഷകരാണ്. കന്നുകാലികളുടെ രോഗം മാറ്റാന്‍ മാത്രമുള്ള തെയ്യമാണ് കാലിച്ചോന്‍.
ഒരു ദിവസം മുഴുവന്‍ മെയ്യും മനസ്സും മറന്നു തെയ്യാട്ടം നടത്തുന്ന കോപ്പാളനെ ക്ഷേത്രജീവനക്കാരനായോ തെയ്യക്കാരനായോ കണ്ട് ആനുകൂല്യങ്ങള്‍ ഒന്നും നല്‍കാന്‍ ഭരണകൂടം തയ്യാറാവുന്നില്ല. ദിവസങ്ങളുടെയും ആഴ്ചകളുടെയും വ്രതാനുഷ്ഠാനങ്ങള്‍ക്കു ശേഷമാണ് തെയ്യക്കാരന്‍ തെയ്യം കെട്ടുന്നത്. മേടത്തില്‍ വിത്ത് വിതച്ചു കന്നിയില്‍ കൊയ്ത് തുലാത്തില്‍ പത്തായം നിറയ്ക്കുന്ന കാലം മാറി. തെയ്യങ്ങള്‍ക്ക് ഭക്തര്‍ ഉള്ളറിഞ്ഞു നല്‍കുന്ന ദക്ഷിണ പോലും ക്ഷേത്രങ്ങള്‍ക്ക് അടിയറവയ്‌ക്കേണ്ട സ്ഥിതിയാണ്. കലശമഹോല്‍സവങ്ങള്‍ക്ക് ബ്രാഹ്മണര്‍ക്കു ലക്ഷങ്ങള്‍ ചെലവഴിക്കുന്ന നാട്ടില്‍ തെയ്യക്കാരനു നല്‍കുന്നത് തുച്ഛമായ പ്രതിഫലം.
Next Story

RELATED STORIES

Share it