Sub Lead

കേരളത്തില്‍ ഭിന്നിപ്പിനു ശ്രമിക്കുന്ന വെള്ളാപ്പള്ളി ജനകീയ സംവാദത്തിന് തയ്യാറാവണം: സി പി എ ലത്തീഫ്

കേരളത്തില്‍ ഭിന്നിപ്പിനു ശ്രമിക്കുന്ന വെള്ളാപ്പള്ളി ജനകീയ സംവാദത്തിന് തയ്യാറാവണം: സി പി എ ലത്തീഫ്
X

തിരുവനന്തപുരം: കേരളത്തില്‍ ഭിന്നിപ്പിനു ശ്രമിക്കുന്ന വെള്ളാപ്പള്ളി ജനകീയ സംവാദത്തിന് തയ്യാറാവണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ്. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നു ഉപദേശിച്ച ഗുരുവിനെ പോലും നിന്ദിക്കുകയാണ് വെള്ളാപ്പള്ളി. ഒരു സമുദായ നേതാവെന്ന നിലയില്‍ ആ സമൂഹത്തിനു തന്നെ ഭാരമായിരിക്കുകയാണ്. ബിജെപി നേതാവിനെ വേദിയിലിരുത്തി ആര്‍എസ്എസ്സിന്റെ ഭാഷയിലാണ് വെള്ളാപ്പള്ളി സംസാരിച്ചത്. എന്‍ഡിഎ അധ്യക്ഷനായി മകനെ കുടിയിരുത്തി പ്രചാരണം വെള്ളാപ്പള്ളി ഏറ്റെടുത്തിരിക്കുകയാണ്. വരുന്ന തിരഞ്ഞെടുപ്പുകള്‍ ലക്ഷ്യം വെച്ച് സമൂഹത്തില്‍ വിഷം കലക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്.

ഇത്രയധികം വിഷലിപ്തമായ ഭാഷയില്‍ ക്രൈസ്തവരെയും മുസ്‌ലിംകളെയും കടന്നാക്രമിച്ചിട്ടും വെള്ളാപ്പള്ളിയെ പുകഴ്ത്താന്‍ മന്ത്രി വാസവന്‍ നടത്തിയ ശ്രമം പരിഹാസ്യമാണ്. മുസ്‌ലിംകളെ ആക്ഷേപിക്കുന്നവരെ പുകഴ്ത്തുന്നത് മന്ത്രിയുടെ പതിവ് രീതിയാണ്. നര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ അരമനയിലെത്തി ബിഷപ്പിനെ ആശീര്‍വദിച്ചയാളാണ് വി എന്‍ വാസവന്‍ എന്നത് മറന്നിട്ടില്ല. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറം ജില്ലയെ അധിക്ഷേപിച്ച് വെള്ളാപ്പള്ളി വിദ്വേഷ പ്രസംഗം നടത്തിയത് സമീപകാലത്താണ്. അതിനു ശേഷം വെള്ളാപ്പള്ളിയെ വേദിയിലിരുത്തി മുഖ്യമന്ത്രി വാനോഴം പുകഴ്ത്തുകയായിരുന്നു. വിദ്വേഷവും വര്‍ഗീയതയും പ്രചരിപ്പിച്ച് തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാമെന്ന വ്യാമോഹമാണ് മുഖ്യമന്ത്രിയുടെയും മന്ത്രി വി എന്‍ വാസവന്റെയും നടപടിയിലൂടെ പുറത്തുവന്നിരിക്കുന്നത്. മുസ്‌ലിം ജനസംഖ്യ വര്‍ധിക്കുന്നതില്‍ വെള്ളാപ്പള്ളിയ്ക്ക് എന്തിനാണ് ഇത്ര ആശങ്ക. ഉദ്യോഗ- അധികാര മേഖലയില്‍ അനര്‍ഹമായത് ആരാണ് കൈയിട്ട് വാരിയതെന്ന് കണക്കുകള്‍ വെള്ളാപ്പള്ളി വ്യക്തമാക്കണം.

കാടടച്ച് വെടിവെച്ചിട്ട് കാര്യമില്ല. വെള്ളാപ്പള്ളിയുടെ മനസില്‍ പരമത വിദ്വേഷത്തിന്റെ കാളകൂട വിഷം അടിഞ്ഞുകൂടിയിരിക്കുകയാണ്. ഇത്തരം വര്‍ഗീയ വാദികളെ നിലയ്ക്കു നിര്‍ത്താനുള്ള നട്ടെല്ല് മുഖ്യമന്ത്രി പിണറായി വിജയനോ കേരളാ പോലീസിനോ ഇല്ലാത്തതാണ് വിദ്വേഷ പ്രസംഗങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാകുന്നത്. വിദ്വേഷ പ്രസംഗത്തിന് വെള്ളാപ്പള്ളി നടേശനെതിരേ നിയമനടപടി സ്വീകരിക്കാന്‍ ഇടതു സര്‍ക്കാരും മുഖ്യമന്ത്രിയും ആര്‍ജ്ജവം കാണിക്കണമെന്നും സി പിഎ ലത്തീഫ് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it