Sub Lead

ഉത്തരാഖണ്ഡിലെ മദ്‌റസകളില്‍ ശ്രീരാമ മൂല്യവും സംസ്‌കൃതവും പഠിപ്പിക്കും: വഖ്ഫ് ബോര്‍ഡ്; വര്‍ഗീയവല്‍ക്കരണത്തിന് ശ്രമമെന്ന് മുസ്‌ലിം സംഘടനകള്‍

ഉത്തരാഖണ്ഡിലെ മദ്‌റസകളില്‍ ശ്രീരാമ മൂല്യവും സംസ്‌കൃതവും പഠിപ്പിക്കും: വഖ്ഫ് ബോര്‍ഡ്; വര്‍ഗീയവല്‍ക്കരണത്തിന് ശ്രമമെന്ന് മുസ്‌ലിം സംഘടനകള്‍
X

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഏപ്രില്‍ ഒന്നിന് ഉദ്ഘാടനം ചെയ്യുന്ന മദ്‌റസയില്‍ സംസ്‌കൃതവും ശ്രീരാമ മൂല്യവും പഠിപ്പിക്കുമെന്ന് ഉത്തരാഖണ്ഡ് വഖ്ഫ് ബോര്‍ഡ്. ബിജെപി നേതാവും മുഖ്യമന്ത്രിയുമായ പുഷ്‌കര്‍ സിങ് ധാമിയായിരിക്കും 50 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന മദ്‌റസ ഉദ്ഘാടനം ചെയ്യുക.

ഡെറാഡൂണിലെ മുസ്‌ലിം കോളനിയില്‍ മാര്‍ച്ചോടെ ആദ്യത്തെ ആധുനിക മദ്‌റസ തയ്യാറാകുമെന്നും ഏപ്രില്‍ ഒന്നുമുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷദാബ് ഷാംസ് പറഞ്ഞു.

''ഞങ്ങള്‍ സ്മാര്‍ട്ട് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പക്ഷേ ചില ജോലികള്‍ ബാക്കിയുണ്ട്. സംസ്ഥാനത്തെ എല്ലാ മദ്‌റസകളും ആധുനികവല്‍ക്കരിക്കണം. മുസ്‌ലിം യുവാക്കളുടെ ഒരു കൈയ്യില്‍ ഖുര്‍ആനും മറുകൈയ്യില്‍ ലാപ്‌ടോപും കൊടുക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌നം ഞങ്ങള്‍ സാക്ഷാല്‍ക്കരിക്കും. ഇത്തരം മദ്‌റസകളില്‍ വിദ്യാര്‍ഥികള്‍ക്ക് എന്‍സിആര്‍ടി പാഠ്യപദ്ധതി അടിസ്ഥാനമാക്കിയുള്ള വിദ്യഭ്യാസം നല്‍കും. വിദ്യാര്‍ഥികളെ ഖുര്‍ആന്‍, അറബി, ഉര്‍ദു ഭാഷകള്‍ എന്നിവയും പഠിപ്പിക്കും. സംസ്‌കൃതവും ശ്രീരാമന്റെ മൂല്യങ്ങളും പഠിപ്പിക്കും. മദറ്‌സകളില്‍ മുന്‍ സൈനികരെ ഫിസിക്കല്‍ ട്രെയിനര്‍മാരായി നിയമിക്കും. വിദ്യാര്‍ഥികളില്‍ ദേശീയത വളര്‍ത്തിയെടുക്കാനും അവരെ സായുധ സേനയില്‍ ചേരാന്‍ പ്രചോദിപ്പിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു.''-ഷദാബ് ഷാംസ് കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ സാമുദായിക അന്തരീക്ഷത്തെ വര്‍ഗീയവല്‍ക്കരിക്കാനും നിലവിലുള്ള മദ്‌റസകളെ മോശമായി ചിത്രീകരിക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഡെറാഡൂണ്‍ ആസ്ഥാനമായുള്ള മുസ്‌ലിം സേവാ സംഘടനയുടെ മീഡിയ ഇന്‍ചാര്‍ജ് വസീം അഹമ്മദ് ചൂണ്ടിക്കാട്ടി. ജനുവരി 23ന് നടക്കാനിരിക്കുന്ന നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുമ്പ് അന്തരീക്ഷത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമമാണ് ഇതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഉത്തരാഖണ്ഡിലെ ജനസംഖ്യയില്‍ 13.9 ശതമാനം മാത്രമാണ് മുസ്‌ലിംകള്‍ എന്നാണ് 2011ലെ സെന്‍സസ് പറയുന്നത്. ഇതില്‍ ഭൂരിഭാഗവും തെരായ് പ്രദേശത്താണ് ജീവിക്കുന്നത്. ഹരിദ്വാര്‍, യുഎസ് നഗര്‍ ജില്ലകളില്‍ യഥാക്രമം 34%, 22% മുസ്‌ലിംകളുണ്ട്.

Next Story

RELATED STORIES

Share it