Sub Lead

മാംസം പച്ചയ്ക്ക് തിന്നുന്ന ഈച്ചകള്‍ പെരുകുന്നു; ബീഫ് വ്യവസായത്തെ സംരക്ഷിക്കാന്‍ ''ഈച്ച ഫാക്ടറി''യുമായി യുഎസ്

മാംസം പച്ചയ്ക്ക് തിന്നുന്ന ഈച്ചകള്‍ പെരുകുന്നു; ബീഫ് വ്യവസായത്തെ സംരക്ഷിക്കാന്‍ ഈച്ച ഫാക്ടറിയുമായി യുഎസ്
X

വാഷിങ്ടണ്‍: കന്നുകാലികളുടെ മാംസം തിന്നുന്ന ലാര്‍വകളില്‍ നിന്നും ബീഫ് വ്യവസായത്തെ സംരക്ഷിക്കാന്‍ പ്രത്യേക പദ്ധതിയുമായി യുഎസ്. ഇത്തരം ലാര്‍വകളെ ഇല്ലാതാക്കാനുള്ള കോടിക്കണക്കിന് ഈച്ചകളെ വളര്‍ത്തിയെടുത്ത് അവയെ തെക്കന്‍ ടെക്‌സസ് സംസ്ഥാനത്തും മെക്‌സിക്കോയിലും വിമാനത്തിലൂടെ വിന്യസിക്കാനാണ് നീക്കം.ന്യൂവേള്‍ഡ് സ്‌ക്രൂവോം ഈച്ചയുടെ ലാര്‍വകളെ നേരിടാനാണ് പദ്ധതിയെന്ന് യുഎസ് കാര്‍ഷിക വകുപ്പ് അറിയിച്ചു. സ്‌ക്രൂവോം ഈച്ചയുടെ ആണുങ്ങളെ വളര്‍ത്തി വന്ധീകരിക്കുന്ന ഫാക്ടറികളാണ് യുഎസ് ലക്ഷ്യമിടുന്നത്. ഈ ആണ്‍ ഈച്ചകളുമായി ഇണചേരുന്ന പെണ്‍ ഈച്ചകള്‍ ഇടുന്ന മുട്ടകളില്‍ നിന്ന് ലാര്‍വകള്‍ വിരിയില്ല. അങ്ങനെ ഈച്ചകള്‍ ഇല്ലാതാവുമെന്നാണ് വിലയിരുത്തല്‍. ഈ രീതിയിലുടെ പലതരം പ്രാണികളെ മുന്‍കാലങ്ങളില്‍ യുഎസും പാനമയും ഇല്ലാതാക്കിയിട്ടുണ്ട്.

പുതിയ പദ്ധതിയുടെ ഭാഗമായി തെക്കന്‍ മെക്‌സിക്കോയില്‍ സ്‌ക്രൂവോം ഈച്ച ഫാക്ടറി രൂപീകരിക്കാന്‍ യുഎസ് കാര്‍ഷികവകുപ്പ് തീരുമാനിച്ചു. ആവശ്യമെങ്കില്‍ ഈച്ചകളെ പാനമയില്‍ നിന്നു വാങ്ങാമെന്നും തീരുമാനമുണ്ട്. നിലവില്‍ പാനമയിലെ ഫാക്ടറിയില്‍ ആഴ്ചയില്‍ 11.70 കോടി ഈച്ചകളെയാണ് നിര്‍മിക്കുന്നത്.

കന്നുകാലികളുടെയും മനുഷ്യരുടെയും ശരീരത്തിലെ മുറിവുകളിലേക്ക് ആകര്‍ഷിക്കപ്പെട്ട് അതിനുള്ളിലാണ് ഇവയിലെ പെണ്‍ ഈച്ചകള്‍ മുട്ടയിടുന്നതെന്ന് ഗവേഷകര്‍ പറഞ്ഞു. പിന്നീട് ലാര്‍വകള്‍ ജീവനുള്ള ടിഷ്യുവിനെ ആക്രമണാത്മകമായി ഭക്ഷിച്ചു തുടങ്ങും. കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കില്‍ മരണം പോലും സംഭവിക്കാവുന്നത്ര അപകടകരമാണ് ഈ സാഹചര്യം. മുറിവേറ്റ 500 കിലോഗ്രാം തൂക്കമുള്ള ഒരു കന്നുകാലിയെ ലാര്‍വകള്‍ രണ്ടാഴ്ച കൊണ്ടു കൊല്ലുമെന്നാണ് കൃഷി വകുപ്പ് പറയുന്നത്. മുന്‍കാലങ്ങളില്‍ യുഎസിലെ ഫ്‌ളോറിഡയിലും ടെക്‌സസിലും ഈച്ച ഫാക്ടറികളുണ്ടായിരുന്നു. ഈച്ചകള്‍ ഇല്ലാതായപ്പോള്‍ അവ പൂട്ടി. 1962 മുതല്‍ 1975 വരെയുള്ള കാലത്ത് യുഎസ് 9400 കോടി ഇത്തരം ഈച്ചകളെ ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍, അടുത്തിടെയായി ഈച്ചകള്‍ വ്യാപകമായിട്ടുണ്ട്.

Next Story

RELATED STORIES

Share it