Sub Lead

തായ്‌വാനെയും തെക്കന്‍ കൊറിയെയും കൈയ്യൊഴിഞ്ഞ് യുഎസ്; സഖ്യകക്ഷികള്‍ക്ക് ഇനി വലിയ പ്രാധാന്യം നല്‍കില്ലെന്ന്

തായ്‌വാനെയും തെക്കന്‍ കൊറിയെയും കൈയ്യൊഴിഞ്ഞ് യുഎസ്; സഖ്യകക്ഷികള്‍ക്ക് ഇനി വലിയ പ്രാധാന്യം നല്‍കില്ലെന്ന്
X

വാഷിങ്ടണ്‍: പരമ്പരാഗത സഖ്യകക്ഷികള്‍ക്ക് ഇനി വലിയ പ്രാധാന്യം നല്‍കില്ലെന്ന് യുഎസ് യുദ്ധമന്ത്രാലയം. ചൈന യുഎസിന് ഭീഷണിയാണെങ്കിലും പ്രധാന ശത്രുവായി കാണില്ലെന്ന് ദേശീയ പ്രതിരോധ തന്ത്രമെന്ന പേരില്‍ യുദ്ധമന്ത്രാലയം പുറത്തിറക്കിയ റിപോര്‍ട്ട് പറയുന്നു. മറ്റു രാജ്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന് പകരം സ്വന്തം രാജ്യത്തും പടിഞ്ഞാറന്‍ അര്‍ധഗോളത്തിലും ശ്രദ്ധകേന്ദ്രീകരിക്കാനാണ് തീരുമാനം. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നുള്ള പ്രസിഡന്റായ ജോ ബൈഡന്റെയും ട്രംപിന്റെ ആദ്യ ഭരണകാലത്തെയും നയങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ഇത്. പാനമ കനാല്‍, ഗ്രീന്‍ലാന്‍ഡ് തുടങ്ങിയ വിഷയങ്ങളില്‍ മുന്‍ ഭരണകൂടങ്ങള്‍ ശ്രദ്ധ പുലര്‍ത്തിയിരുന്നില്ലെന്ന് റിപോര്‍ട്ട് കുറ്റപ്പെടുത്തി.

വര്‍ഷങ്ങളായി നടത്തിയ ശ്രമങ്ങളില്‍ ചൈനയെ നിയന്ത്രിക്കാന്‍ കഴിഞ്ഞെന്നും ഇന്‍ഡോ-പസിഫിക്കില്‍ അവര്‍ അതിക്രമങ്ങള്‍ നടത്തുന്നില്ലെന്ന് ഉറപ്പാക്കിയാല്‍ മതിയെന്നുമാണ് പുതിയ തന്ത്രം പറയുന്നത്. ചൈനയുമായി സമാധാനമുണ്ടാക്കാന്‍ നയതന്ത്രം, പബ്ലിക് റിലേഷന്‍, സൈനിക ചര്‍ച്ചകള്‍ എന്നിവ നടത്തിയാല്‍ മതിയാവും. ഇത്രയും പറയുമ്പോഴും തായ്‌വാന്‍ എന്ന വാക്കുപോലും റിപോര്‍ട്ടിലില്ല. തായ്‌വാന്‍ തങ്ങളുടെ ഭാഗമാണെന്നാണ് ചൈന പറയുന്നത്. ഉത്തരകൊറിയയില്‍ നിന്നും തെക്കന്‍ കൊറിയക്ക് നല്‍കുന്ന സംരക്ഷണം കുറയ്ക്കുന്ന കാര്യവും റിപോര്‍ട്ട് ചര്‍ച്ച ചെയ്യുന്നു. ഉത്തര കൊറിയയെ തടയാന്‍ തെക്കന്‍ കൊറിയക്കാണ് പ്രാഥമിക ഉത്തരവാദിത്തമെന്നാണ് നിരീക്ഷണം. നിലവില്‍ 28,500 യുഎസ് സൈനികരാണ് തെക്കന്‍ കൊറിയയില്‍ ഉള്ളത്. അവരെ പിന്‍വലിക്കുമോയെന്ന കാര്യം റിപോര്‍ട്ടില്‍ പറയുന്നില്ല. ജപ്പാനെയും കൈയ്യൊഴിയുന്ന നിലപാടാണ് ഇത്തവണ സ്വീകരിച്ചിരിക്കുന്നത്. യൂറോപ്പിന് ലോകത്ത് പ്രാധാന്യമുണ്ടെങ്കിലും അതിന്റെ സാമ്പത്തികശക്തി കുറഞ്ഞുവരുന്നതായി റിപോര്‍ട്ട് ചൂണ്ടിക്കാട്ടി. അതിനാല്‍ ഇനി പഴയ സഹായം നല്‍കേണ്ടതില്ലെന്നാണ് വിലയിരുത്തല്‍.

Next Story

RELATED STORIES

Share it