Sub Lead

റെസ്റ്ററന്റില്‍ ഭക്ഷണം കഴിക്കാന്‍ പോവാന്‍ ഹിന്ദു പെണ്‍കുട്ടി ബുര്‍ഖ ധരിച്ചു; അഞ്ച് മുസ്‌ലിം പെണ്‍കുട്ടികള്‍ക്കെതിരേ കേസ്

റെസ്റ്ററന്റില്‍ ഭക്ഷണം കഴിക്കാന്‍ പോവാന്‍ ഹിന്ദു പെണ്‍കുട്ടി ബുര്‍ഖ ധരിച്ചു; അഞ്ച് മുസ്‌ലിം പെണ്‍കുട്ടികള്‍ക്കെതിരേ കേസ്
X

ബറെയ്‌ലി: റെസ്റ്ററന്റില്‍ ഭക്ഷണം കഴിക്കാന്‍ പോവാന്‍ ഹിന്ദു പെണ്‍കുട്ടി ബുര്‍ഖ ധരിച്ചതിന് അഞ്ച് മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്കെതിരേ മതപരിവര്‍ത്തനം തടയല്‍ നിയമപ്രകാരം കേസെടുത്തു. ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ 2025 ഡിസംബര്‍ 12നാണ് സംഭവം. ഹിന്ദു പെണ്‍കുട്ടിയുടെ സഹോദരന്‍ ദക്ഷ് ചൗധരിയുടെ പരാതിയിലാണ് കേസ്. സഹോദരന്റെ ഉപദ്രവം ഇല്ലാതിരിക്കാനാണ് പെണ്‍കുട്ടി ബുര്‍ഖ ധരിച്ചതെന്നാണ് മൊറാദാബാദ് പോലിസ് ഡിസംബര്‍ 16ന് പ്രഖ്യാപിച്ചത്. മതപരിവര്‍ത്തന നിയമം ഉപയോഗിക്കേണ്ട കാര്യമില്ലെന്നും പെണ്‍കുട്ടികളുടെ വീഡിയോ തെറ്റായ തലക്കെട്ടോടെ പ്രചരിപ്പിച്ചവര്‍ക്കെതിരേ നടപടി സ്വീകരിച്ചതായും പോലിസ് അറിയിച്ചു. എന്നാല്‍, ഹിന്ദു പെണ്‍കുട്ടിയുടെ സഹോദരന്‍ ജനുവരി 22ന് ബിലാരി പോലിസില്‍ പുതിയ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നിര്‍ബന്ധിത മതപരിവര്‍ത്തനം തടയല്‍ നിയമത്തിലെ 3, 5(1) വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. അഞ്ചു മുതല്‍ 14 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇത്.

അന്വേഷണം പുരോഗമിക്കുന്നതായി മൊറാദാബാദ് എസ്പി കുന്‍വര്‍ ആകാശ് സിങ് പറഞ്ഞു. '' എന്റെ സഹോദരിക്ക് ആ പെണ്‍കുട്ടികളുമായി രണ്ടുമാസത്തെ പരിചയമുണ്ട്. അവര്‍ ഇപ്പോള്‍ സ്ഥിരമായി ഒരുമിച്ചാണ്. അവര്‍ എന്റെ സഹോദരിയെ ബുര്‍ഖ ധരിപ്പിച്ചു. അവര്‍ക്ക് ദുരുദ്ദേശമുണ്ട്.''-ദക്ഷിന്റെ പരാതി പറയുന്നു. പെണ്‍കുട്ടി ബുര്‍ഖ ധരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. '' കുറ്റാരോപിതരായ പെണ്‍കുട്ടികളും ഹിന്ദു പെണ്‍കുട്ടിയും സുഹൃത്തുക്കളാണ്. സംഭവ ദിവസം അവര്‍ ഒരു റെസ്റ്ററന്റില്‍ ഭക്ഷണം കഴിക്കാന്‍ പോവുകയായിരുന്നു. റെസ്റ്ററന്റിലേക്കുള്ള വഴിയിലാണ് ഹിന്ദു പെണ്‍കുട്ടിയുടെ സഹോദരന്റെ കട. റെസ്റ്ററന്റില്‍ പോവുന്നത് സഹോദരന്‍ കാണാതിരിക്കാനാവാം പെണ്‍കുട്ടി ബുര്‍ഖ ധരിച്ചത്.''-കേസ് അന്വേഷിക്കുന്ന ഒരു പോലിസ് ഉദ്യോഗസ്ഥന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ദക്ഷ് ചൗധരി കടുത്ത സ്വഭാവക്കാരനാണെന്നും റെസ്റ്ററന്റില്‍ പോയി ഭക്ഷണം കഴിച്ചത് അറിഞ്ഞാല്‍ ചീത്ത പറയുമെന്നും കുറ്റാരോപിതയായ പെണ്‍കുട്ടി പറഞ്ഞു. അതിനാലാണ് ദക്ഷ്ചൗധരിയുടെ സഹോദരി ബുര്‍ഖ ധരിച്ചതെന്നും പെണ്‍കുട്ടി കൂട്ടിചേര്‍ത്തു.

Next Story

RELATED STORIES

Share it