Sub Lead

മുഹമ്മദ് സുബൈറിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് ഹാഥ്‌റസ് കോടതി

നിലവില്‍ യുപിയിലെ അഞ്ച് ജില്ലകളിലായി ആറ് കേസുകളാണ് സുബൈറിനെതിരെയുള്ളത്

മുഹമ്മദ് സുബൈറിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് ഹാഥ്‌റസ് കോടതി
X

ന്യൂഡല്‍ഹി: ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് ഹാഥ്‌റസ് കോടതി. മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ ട്വീറ്റ് ചെയ്‌തെന്നാരോപിച്ച് രണ്ട് കേസുകളാണ് ഹാഥ്‌റസില്‍ സുബൈറിനെതിരെ രജിസ്റ്റര്‍ ചെയ്തത്.വിസ്താരത്തിന് ശേഷം അദ്ദേഹത്തെ ഡല്‍ഹി തിഹാര്‍ ജയിലിലേക്ക് തിരിച്ചയച്ചു.

നിലവില്‍ യുപിയിലെ അഞ്ച് ജില്ലകളിലായി ആറ് കേസുകളാണ് സുബൈറിനെതിരെയുള്ളത്. ആറെണ്ണത്തില്‍ രണ്ടെണ്ണം ഹാഥ്‌റസ് ജില്ലയിലും,സീതാപൂര്‍, ലഖിംപൂര്‍ ഖേരി, ഗാസിയാബാദ്, മുസാഫര്‍നഗര്‍ എന്നിവിടങ്ങളിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.സുബൈറിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അന്വേഷിക്കാനായി രണ്ടംഗ എസ്‌ഐടി രൂപീകരിക്കുമെന്ന് യുപി സര്‍ക്കാര്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥനായ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഡോ. പ്രീതീന്ദര്‍ സിങ്ങിന്റെ നേതൃത്വത്തിലാണ് എസ്‌ഐടി.ഡിഐജി അമിത് വര്‍മയും സംഘത്തിലുണ്ടാകും.എസ്‌ഐടി അന്വേഷിക്കുന്ന ആറ് കേസുകളില്‍ രണ്ടെണ്ണത്തിലും പരാതിക്കാര്‍ പോലിസുകാരാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബാക്കിയുള്ള നാല് കേസുകളിലും പരാതിക്കാര്‍ പ്രദേശവാസികളാണ്.

സീതാപൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സുപ്രിംകോടതി സുബൈറിന്റെ ഇടക്കാല ജാമ്യം സെപ്റ്റംബര്‍ ഏഴു വരെ നീട്ടിയിരുന്നു. ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത് കേസില്‍ സുബൈറിന്റെ ജാമ്യാപേക്ഷ ഇന്ന് ഡല്‍ഹി കോടതി പരിഗണിക്കുന്നുണ്ട്. ഇന്ന് ജാമ്യം ലഭിച്ചാലും സുബൈറിന് പുറത്തിറങ്ങാനാവില്ല. മുഴുവന്‍ കേസുകളിലും ജാമ്യം ലഭിച്ചാല്‍ മാത്രമേ സുബൈറിന് ഇനി ജയിലില്‍നിന്ന് ഇറങ്ങാനാവുകയുള്ളൂ.

ബിജെപി മുന്‍ വക്താവ് നുപൂര്‍ ശര്‍മയുടെ പ്രവാചകനിന്ദ പുറത്തുകൊണ്ടുവന്നത് സുബൈറായിരുന്നു. അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംഘ്പരിവാര്‍ അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചരാണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിവിധ കേസുകളില്‍ പ്രതിചേര്‍ത്ത് സുബൈറിനെ അറസ്റ്റ് ചെയ്തത്.

2018ലെ ട്വീറ്റിന്റെ പേരിലാണ് മതവികാരം വ്രണപ്പെടുത്തി എന്ന കുറ്റം ചുമത്തി സുബൈറിനെ അറസ്റ്റ് ചെയ്തത്.1983 ലെ 'കിസി സേ ന കഹാ' എന്ന ഹിന്ദി ചിത്രത്തിലെ ഒരു ദൃശ്യം പങ്കുവെച്ച് നടത്തിയ ട്വീറ്റിലാണ് അറസ്റ്റ് ചെയ്തത്.ഒരു പ്രത്യേക മതത്തിലെ ദൈവത്തെ ബോധപൂര്‍വം അപമാനിക്കുന്നതിനായി സുബൈര്‍ 'ചോദ്യം ചെയ്യുന്ന തരത്തിലുള്ള' ചിത്രം ട്വീറ്റ് ചെയ്തുവെന്നാരോപിച്ച് '@യമഹമഷശസശഷമശശി' എന്ന ട്വിറ്റര്‍ ഉപയോക്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.മതവികാരം വ്രണപ്പെടുത്തല്‍, വിദ്വേഷം വളര്‍ത്തല്‍ തുടങ്ങിയ വകുപ്പുകള്‍ സുബൈറിനെതിരെ ചുമത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it