Sub Lead

ഇഡി കേസ് ഒഴിവാക്കാന്‍ രണ്ടു കോടി കൈക്കൂലി; രണ്ട് 'ഇഡി ഏജന്റുമാര്‍' അറസ്റ്റില്‍

ഇഡി കേസ് ഒഴിവാക്കാന്‍ രണ്ടു കോടി കൈക്കൂലി; രണ്ട് ഇഡി ഏജന്റുമാര്‍ അറസ്റ്റില്‍
X

കൊച്ചി: ഇഡിയുടെ കേസ് ഒഴിവാക്കുന്നതിന് രണ്ടുകോടി രൂപ കൈക്കൂലി വാങ്ങാന്‍ ശ്രമിച്ച ഏജന്റുമാര്‍ അറസ്റ്റിലായി. തമ്മനം സ്വദേശി വില്‍സണ്‍ (36), രാജസ്ഥാന്‍ സ്വദേശി മുരളി മുകേഷ് (54) എന്നിവര്‍ രണ്ടുലക്ഷം രൂപ കൈപ്പറ്റുമ്പോഴാണ് വിജിലന്‍സിന്റെ പിടിയിലായത്. കശുവണ്ടി വ്യവസായിയായ കൊട്ടാരക്കര സ്വദേശിയാണ് വിജിലന്‍സിന് പരാതി നല്‍കിയിരുന്നത്.

കശുവണ്ടി വ്യവസായ സ്ഥാപനത്തിന് വിറ്റുവരവ് കൂടുതലാണെന്നും വ്യാജ രേഖ ഉപയോഗിച്ച് ഈ പണം വിദേശത്ത് ഉപയോഗിക്കുന്നത് കണ്ടെത്തിയെന്നും കാണിച്ച് പരാതിക്കാരന് കൊച്ചി ഇഡി ഓഫീസില്‍നിന്ന് 2024ല്‍ സമന്‍സ് ലഭിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പുമുതലുള്ള ബിസിനസുകളുടെ രേഖകളും കണക്കുകളും കാണിക്കാനും അല്ലെങ്കില്‍ കേസെടുക്കുമെന്നും അറിയിച്ചു.

ഇതിനുശേഷം ഇഡി ഓഫീസിലെ ഏജന്റെന്ന് പരിചയപ്പെടുത്തി വില്‍സണ്‍ പരാതിക്കാരനെ പല തവണ ഫോണില്‍ ബന്ധപ്പെട്ടു. പിന്നീട് നേരില്‍ക്കണ്ട് ഇഡി കേസില്‍നിന്ന് ഒഴിവാക്കാന്‍ രണ്ടുകോടി രൂപ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെന്ന് അറിയിച്ചു. ഇഡി ഓഫീസുമായുള്ള ബന്ധം തെളിയിക്കുന്നതിന് ഓഫീസില്‍നിന്ന് വീണ്ടും സമന്‍സ് അയപ്പിക്കാമെന്ന് വില്‍സണ്‍ പറഞ്ഞു. ഇക്കഴിഞ്ഞ 14ന് പരാതിക്കാരന് സമന്‍സ് ലഭിച്ചു.

അന്ന് ഇഡി ഓഫീസിനു സമീപം വെച്ച് പരാതിക്കാരനെ വില്‍സണ്‍ കാണുകയും കേസ് ഒത്തുതീര്‍പ്പാക്കാന്‍ 50 ലക്ഷം രൂപ വീതം നാലു തവണകളായി രണ്ടുകോടി രൂപ ഒരു സ്വകാര്യ ബാങ്കിന്റെ മുംബൈയിലുള്ള അക്കൗണ്ടില്‍ ഇടാനും ആവശ്യപ്പെട്ടു. മാത്രമല്ല രണ്ടുലക്ഷം രൂപ പണമായി വില്‍സനെ ഏല്‍പ്പിക്കണമെന്നും ബാങ്ക് അക്കൗണ്ടില്‍ പണമിടുമ്പോള്‍ 50,000 രൂപ അധികമായി ഇടണമെന്നും പറഞ്ഞു. ഇതിനായി അക്കൗണ്ട് നമ്പരും കൈമാറി. ഈ വിവരം വ്യവസായി വിജിലന്‍സിനെ അറിയിച്ചു.

വ്യാഴാഴ്ച വൈകീട്ട് 3.30ന് പനമ്പിള്ളി നഗറില്‍ വെച്ച് വ്യവസായിയില്‍ നിന്നും രണ്ടുലക്ഷം രൂപ വാങ്ങവേ വില്‍സണെ വിജിലന്‍സ് സംഘം പിടികൂടുകയായിരുന്നു. തുടര്‍ന്ന് മുരളി മുകേഷിനെയും കൊച്ചിയില്‍നിന്ന് അറസ്റ്റ് ചെയ്തു.



കേസില്‍ വിപുലമായ അന്വേഷണം വേണമെന്നാണ് വിജിലന്‍സിന്റെ നിലപാട്. തട്ടിപ്പില്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്ന സംശയത്തിലാണ് വിജിലന്‍സ്. പരാതിക്കാരനായ വ്യവസായിക്ക് മുഖ്യപ്രതി പറഞ്ഞ സമയത്ത് ഇഡിയില്‍ നിന്ന് സമന്‍സ് കിട്ടിയതിന് പിന്നില്‍ അസ്വാഭാവികത ഉണ്ടെന്നാണ് വിജിലന്‍സ് കരുതുന്നത്. മുഖ്യപ്രതി വില്‍സന്റെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. മൂന്ന് തട്ട് ഇടനിലക്കാര്‍ വഴിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. അറസ്റ്റിലായവര്‍ സംസ്ഥാനാന്തര സംഘത്തിലെ കണ്ണികളെന്നും സംശയമുണ്ട്. പ്രതികള്‍ മുമ്പും സമാന തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണം നടത്തും.


Next Story

RELATED STORIES

Share it