Sub Lead

പത്തുലക്ഷം ഗസക്കാരെ ലിബിയയിലേക്ക് മാറ്റാന്‍ ട്രംപ് ഗൂഡാലോചന നടത്തുന്നതായി റിപോര്‍ട്ട്

പത്തുലക്ഷം ഗസക്കാരെ ലിബിയയിലേക്ക് മാറ്റാന്‍ ട്രംപ് ഗൂഡാലോചന നടത്തുന്നതായി റിപോര്‍ട്ട്
X

വാഷിങ്ടണ്‍: ഗസയിലെ പത്തുലക്ഷം ഫലസ്തീനികളെ ലിബിയയിലേക്ക് മാറ്റാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഗൂഡാലോചന നടത്തുന്നതായി റിപോര്‍ട്ട്. ഇക്കാര്യം ലിബിയന്‍ ഭരണാധികാരികളുമായി യുഎസ് ഭരണകൂടം ചര്‍ച്ച ചെയ്തതായി യുഎസ് മാധ്യമമായ എന്‍ബിസി റിപോര്‍ട്ട് ചെയ്തു. സാമ്രാജ്യത്വ വിരുദ്ധനായ മുഅമ്മര്‍ അല്‍ ഖദ്ദാഫി ലിബിയ ഭരിക്കുന്ന കാലത്ത് ലിബിയയുടെ ആസ്തികള്‍ യുഎസ് ഭരണകൂടം മരവിപ്പിച്ചിരുന്നു. ഫലസ്തീനികളെ ഏറ്റെടുത്താല്‍ ഈ ആസ്തികള്‍ വിട്ടുനല്‍കാമെന്നാണ് യുഎസ് ലിബിയയോട് പറഞ്ഞിരിക്കുന്നതത്രെ. വിഷയത്തില്‍ അന്തിമ കരാര്‍ തയ്യാറായിട്ടില്ല. ചര്‍ച്ചയുടെ വിവരങ്ങള്‍ യുഎസ് ഇസ്രായേലിനെയും അറിയിക്കുന്നുണ്ട്.

എന്നാല്‍, ഇങ്ങനെയൊരു കാര്യത്തെ കുറിച്ച് തങ്ങള്‍ക്കറിവില്ലെന്ന് ഹമാസ് നേതാവ് ബാസിം നഈം എന്‍ബിസിയോട് പറഞ്ഞു. ''ഫലസ്തീനികള്‍ സ്വന്തം മണ്ണില്‍ വേരൂന്നിയവരാണ്. മാതൃരാജ്യത്തോട് പ്രതിബദ്ധതയുള്ളവരാണ്. ഭൂമിക്കും മാതൃരാജ്യത്തിനും കുട്ടികളുടെ ഭാവിക്കുമായി എന്തും ത്യജിക്കാന്‍ അവര്‍ തയ്യാറാണ്. ഗസയില്‍ ഉള്ള ഫലസ്തീനികള്‍ എന്തു ചെയ്യണമെന്നും ചെയ്യരുതെന്നും തീരുമാനിക്കുക അവര്‍ മാത്രമായിരിക്കും.''-ബാസിം നഈം പറഞ്ഞു.

പാശ്ചാത്യ പിന്തുണയോടെ മുഅമ്മര്‍ അല്‍ ഖദ്ദാഫിയെ അധികാരത്തില്‍ നിന്നും പുറത്താക്കിയതിനും കൊന്നതിനും ശേഷം ലിബിയ ഇതുവരെ ശാന്തമായിട്ടില്ല. നിലവില്‍ രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗം അബ്ദുല്‍ ഹമീദ് ദ്‌ബെയ്ഹാ എന്നയാളുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ഭരിക്കുന്നത്. ഈ ഭരണകൂടത്തിനാണ് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം. തുര്‍ക്കി, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ ഈ ഭരണകൂടത്തെ പിന്തുണയ്ക്കുന്നതായി റിപോര്‍ട്ടുകള്‍ പറയുന്നു. രാജ്യത്തിന്റെ കിഴക്കന്‍ ഭാഗങ്ങള്‍ ഖലീഫ ഹഫ്താര്‍ എന്നയാളുടെ നേതൃത്വത്തിലുള്ള വിഭാഗമാണ് നിയന്ത്രിക്കുന്നത്. യുഎഇ ആണ് ഈ വിഭാഗത്തിന് പിന്തുണ നല്‍കുന്നതെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

Next Story

RELATED STORIES

Share it