Sub Lead

സ്‌കൂളില്‍ മര്‍ദ്ദനമേറ്റ മുസ്‌ലിം കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വഹിക്കണം: സുപ്രിംകോടതി

സ്‌കൂളില്‍ മര്‍ദ്ദനമേറ്റ മുസ്‌ലിം കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വഹിക്കണം: സുപ്രിംകോടതി
X

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിലെ മുസഫര്‍ നഗറില്‍ അധ്യാപികയുടെ നിര്‍ദേശപ്രകാരം സഹപാഠികള്‍ മര്‍ദ്ദിച്ച മുസ്‌ലിം കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചെറുമകന്‍ തുഷാര്‍ഗാന്ധി നല്‍കിയ ഹരജിയിലാണ് ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. കുട്ടി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതുവരെ യൂണിഫോം, പുസ്തകങ്ങള്‍, ഗതാഗത ചെലവ്, എന്നിവ സര്‍ക്കാര്‍ വഹിക്കണമെന്നാണ് നിര്‍ദേശം.

സയ്യിദ് മുര്‍ത്താസ മെമ്മോറിയല്‍ ട്രസ്റ്റ് കുട്ടിയുടെ ചെലവ് വഹിക്കാമെന്ന് പറഞ്ഞിട്ടുണ്ടെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍, ഇക്കാര്യത്തില്‍ പ്രാഥമിക ബാധ്യത സര്‍ക്കാരിനാണെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. ട്രസ്റ്റിനുണ്ടാവുന്ന ചെലവ് സര്‍ക്കാര്‍ കൊടുക്കണമെന്നാണ് നിര്‍ദേശം.

ആഗസ്റ്റ് 24നാണ് മുസ്‌ലിം വിദ്യാര്‍ഥിയെ സഹപാഠികള്‍ മുഖത്തടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. മുസഫര്‍നഗറിലെ നേഹ പബ്ലിക് സ്‌കൂളിലായിരുന്നു സംഭവം. തൃപ്ത ത്യാഗി എന്ന അധ്യാപിക വിദ്യാര്‍ഥികളോട് മുസ്‌ലിം ബാലന്റെ മുഖത്തടിക്കാന്‍ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ അധ്യാപികക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 323,504 എന്ന വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.

Next Story

RELATED STORIES

Share it