Sub Lead

പോലിസ് മാല മോഷണക്കേസില്‍ കുടുക്കിയ പ്രവാസിക്ക് 14 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

പോലിസ് മാല മോഷണക്കേസില്‍ കുടുക്കിയ പ്രവാസിക്ക് 14 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്
X

കണ്ണൂര്‍: പോലിസ് കള്ളക്കേസില്‍ കുടുക്കിയ പ്രവാസിക്ക് 14 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച് ഹൈക്കോടതി. തലശ്ശേരി കതിരൂര്‍ സ്വദേശി താജുദ്ദീനാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഈ നടപടി ജീവിക്കാനുള്ള അവകാശത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും നഗ്‌നമായ ലംഘനമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥരില്‍ നിന്ന് തന്നെ നഷ്ടപരിഹാരത്തുക ഈടാക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പോലിസിന്റെ നിരുത്തരവാദിത്തപരമായ നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്. ഉത്തരവാദികളായ പോലിസുകാര്‍ക്കെതിരേ സിവില്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ഈ ഉത്തരവ് തടസ്സമാകില്ലെന്നും ഹൈക്കോടതി എടുത്തുപറഞ്ഞു.

താജുദ്ദീനെ ചക്കരക്കല്‍ പൊലീസ് മാലമോഷണ കേസിലാണ് അറസ്റ്റ് ചെയ്തത്. 2018ല്‍ ഈ കേസില്‍ 54 ദിവസം താജുദ്ദീന്‍ ജയിലില്‍ കിടന്നു. പിന്നീട് കോഴിക്കോട് സ്വദേശി വത്സരാജാണ് മാലമോഷ്ടിച്ചതെന്ന് തെളിയുകയും താജുദ്ദീന്‍ കുറ്റവിമുക്തനാവുകയും ചെയ്തു. കുറ്റവിമുക്തനായ ശേഷം താജുദ്ദീന്‍ ഹൈക്കോടതിയെ സമീപിച്ചാണ് നഷ്ടപരിഹാരം നേടിയെടുത്തത്.

2018ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ചക്കരക്കല്‍ സ്റ്റേഷനിലെ എസ്‌ഐ, എഎസ്‌ഐ തുടങ്ങിയ ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് താജുദ്ദീനെ മാലമോഷണക്കേസില്‍ കുടുക്കിയത്. 2018 ജൂലൈ 11ന് രാത്രി കുടുംബത്തോടൊപ്പം കാറില്‍ പോകുമ്പോള്‍ വീടിനു സമീപം പോലിസ് ജീപ്പ് ചെളിയില്‍ പുതഞ്ഞുകിടക്കുന്നത് കാണാനിടയായി. സഹായിക്കണമെന്ന് താജുദ്ദീനോട് പോലിസ് ആവശ്യപ്പെട്ടെങ്കിലും നടുവേദനയുള്ളതിനാല്‍ അദ്ദേഹം കാറില്‍ നിന്നിറങ്ങിയില്ല. പകരം മറ്റുള്ളവരാണ് പോലിസിനെ സഹായിച്ചത്. ഇതില്‍ പ്രകോപിതരായ പോലിസ് സംഘം താജുദ്ദീനെ പിടിച്ചു വലിച്ചിറക്കി മൊബൈലില്‍ ഫോട്ടോ എടുക്കുകയും ഇയാള്‍ കള്ളനാണെന്നും കുറ്റം സമ്മതിക്കണമെന്നും ആവശ്യപ്പെടുകയുമായിരുന്നു.

തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ കൊണ്ടുപോയ ശേഷം ഒരു സിസിടിവി ദൃശ്യം കാണിച്ച് അതിലെ വ്യക്തി താജുദ്ദീനാണെന്ന് ആരോപിച്ചു. ജൂലൈ അഞ്ചിന് ചോരക്കളം എന്ന സ്ഥലത്തുവച്ച് വീട്ടമ്മയുടെ അഞ്ചരപ്പവന്‍ മാല പൊട്ടിച്ച ആളാണ് അതെന്നും ദൃശ്യങ്ങളിലുള്ളത് താജുദ്ദീനാണെന്നുമാണ് എസ്‌ഐ പറഞ്ഞത്. സിസിടിവി ദൃശ്യങ്ങളിലെ സാദൃശ്യം മാത്രം അടിസ്ഥാനമാക്കിയായിരുന്നു നടപടി. താനല്ല കുറ്റക്കാരനെന്ന് പലതവണ ആവര്‍ത്തിച്ചിട്ടും പോലിസ് അത് ചെവിക്കൊള്ളാന്‍ തയാറായില്ല.

കുറ്റം സമ്മതിപ്പിക്കാനായി പോലിസ് ഇദ്ദേഹത്തെ വലിയ മാനസിക പീഡനങ്ങള്‍ക്ക് ഇരയാക്കുകയും തെളിവെടുപ്പിനായി പലയിടങ്ങളില്‍ കൊണ്ടുപോവുകയും ചെയ്തു. താന്‍ കുടുംബത്തോടൊപ്പം മകളുടെ നിക്കാഹ് ആവശ്യങ്ങള്‍ക്കായി പുറത്തുപോയി വരികയായിരുന്നെന്നും തന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാല്‍ നിരപരാധിത്വം തെളിയുമെന്നും താജുദ്ദീന്‍ അപേക്ഷിച്ചിരുന്നു. എന്നാല്‍ ശാസ്ത്രീയമായ പരിശോധനകള്‍ക്കോ വിശദമായ അന്വേഷണത്തിനോ മുതിരാതെ ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ കുറ്റവാളിയായി മുദ്രകുത്തുകയായിരുന്നു.

മോഷണത്തിന് ഉപയോഗിച്ച ബൈക്കും തൊണ്ടിയായ മാലയും വീണ്ടെടുക്കാനുണ്ടെന്ന് വാദിച്ച പോലിസ് ജാമ്യാപേക്ഷയെ എതിര്‍ത്തതോടെ 54 ദിവസത്തോളം താജുദ്ദീന്‍ ജയിലില്‍ കിടക്കേണ്ടി വന്നു. ഖത്തറില്‍ നിന്ന് 15 ദിവസത്തെ അവധിക്ക് നാട്ടിലെത്തിയതായിരുന്നു താജുദ്ദീന്‍. ജയിലില്‍ കിടന്നതുകാരണം ഗള്‍ഫിലെ ജോലി നഷ്ടമായി. വിചാരണയില്‍ താജുദ്ദീനെ കോടതി വെറുതെവിട്ടു. പിന്നീട് കോടതിയുടെ നിര്‍ദേശപ്രകാരം ഡിവൈഎസ്പി നടത്തിയ സമാന്തര അന്വേഷണത്തിലാണ് മാലമോഷണക്കേസിലെ യഥാര്‍ഥ പ്രതി താജുദ്ദീനല്ലെന്നും മറ്റൊരാളാണെന്നും തെളിഞ്ഞത്. മറ്റൊരു മോഷണക്കേസില്‍ പീതാംബരന്‍ എന്നയാള്‍ പിടിയിലായതോടെയാണ് യഥാര്‍ഥ വിവരങ്ങള്‍ പുറത്തുവരുന്നത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ചക്കരക്കലിലെ മോഷണവും നടത്തിയത് താനാണെന്ന് ഇയാള്‍ സമ്മതിച്ചത്. ഇതോടെയാണ് താജുദ്ദീന്റെ നിരപരാധിത്വം വെളിച്ചത്തായത്. ഇതിന് പിന്നാലെയാണ് താജുദ്ദീന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് താജുദ്ദീന്‍ കോടതിയെ സമീപിച്ചത്.

കേവലം സംശയത്തിന്റെ പേരില്‍ ഒരു പൗരനെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ ഉത്തരവില്‍ അസന്നിഗ്ധമായി വ്യക്തമാക്കി. പൊലീസിന്റെ കൃത്യവിലോപത്തിന് സര്‍ക്കാര്‍ ഉത്തരവാദികളാണെന്നും അതിനാല്‍ നഷ്ടപരിഹാരത്തുക സര്‍ക്കാര്‍ ഉടന്‍ താജുദ്ദീന് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. നഷ്ടപരിഹാരത്തിനൊപ്പം, 25,000 രൂപ കോടതി ചെലവായും നല്‍കാന്‍ ഉത്തരവുണ്ട്.

Next Story

RELATED STORIES

Share it