Sub Lead

പാലത്തായി പീഡനക്കേസ്: പത്മരാജന് പരമാവധി ശിക്ഷ നല്‍കണം -വെല്‍ഫെയര്‍ പാര്‍ട്ടി

പാലത്തായി പീഡനക്കേസ്: പത്മരാജന് പരമാവധി ശിക്ഷ നല്‍കണം -വെല്‍ഫെയര്‍ പാര്‍ട്ടി
X

തിരുവനന്തപുരം: പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവായ പ്രതി കുനിയില്‍ പത്മരാജന്‍ കുറ്റക്കാരനാണെന്ന് പോക്‌സോ കോടതി വിധിച്ചത് ജനകീയ പോരാട്ടങ്ങളുടെ വിജയമാണെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ജബീന ഇര്‍ഷാദ് ആവശ്യപ്പെട്ടു. കേസില്‍ പത്മരാജനെ സംരക്ഷിക്കാനുള്ള നീക്കമാണ് തുടക്കം മുതല്‍ ആഭ്യന്തര വകുപ്പിന്റേയും പോലിസിന്റേയും ഭാഗത്തുനിന്നുമുണ്ടായത്. 2020ല്‍ സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം പാനൂര്‍ പോലിസില്‍ പരാതിപ്പെട്ടതനുസരിച്ച് കേസ് എടുത്തുവെങ്കിലും അറസ്റ്റ് ചെയ്തില്ല. അറസ്റ്റ് ചെയ്യാതെ രക്ഷപ്പെടാനുള്ള പരമാവധി സാവകാശം പത്മരാജന് പോലിസ് നല്‍കുകയായിരുന്നു. ജനകീയ പ്രതിഷേധങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. കേസില്‍ കുട്ടിയുടെ മൊഴിയില്‍ പൊരുത്തക്കേടുണ്ടെന്ന് വരുത്തിതീര്‍ക്കാനാണ് പോലിസ് ആദ്യം മുതല്‍ ശ്രമിച്ചത്. അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണമെന്നുണ്ടായിട്ടും അതുണ്ടായില്ല. കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് ജാമ്യം ലഭിക്കുമായിരുന്നെന്ന സാഹചര്യത്തില്‍ വീണ്ടും ജനകീയ പ്രക്ഷോഭമുണ്ടായപ്പോഴാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പക്ഷേ, പോക്‌സോ കേസ് ഒഴിവാക്കി ജുവനൈല്‍ ജസ്റ്റിസ് ആക്ട് മാത്രം ഉള്‍പ്പെടുത്തിയതായിരുന്നു കുറ്റപത്രം. വീണ്ടും വലിയ പ്രതിഷേധങ്ങളുണ്ടായപ്പോഴാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. എസ് ശ്രീജിത്തിന്റെ കീഴിലുള്ള ക്രൈംബ്രാഞ്ചും ബിജെപി നേതാവിനെ സംരക്ഷിക്കാനായി കേസ് അട്ടിമറിക്കാനാണ് പണിയെടുത്തത്. കുട്ടിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നുവരെ സമര്‍ത്ഥിക്കാന്‍ ക്രൈംബ്രാഞ്ച് ശ്രമിച്ചു.

കുട്ടിയെ അപമാനിക്കാന്‍ ശ്രമിക്കുന്നതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധമുയര്‍ന്നു. പിന്നീട് 2 വനിത ഐപിഎസ് ഓഫിസര്‍മാരെ വെച്ചെങ്കിലും ആ അന്വേഷണവും തൃപ്തികരമായിരുന്നില്ല. തുടര്‍ന്ന് കുട്ടിയുടെ മാതാവ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസന്വേഷണം പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പ്പിക്കുന്നത്. തളിപ്പറമ്പ് ഡിവൈഎസ്പി ആയിരുന്ന ടി കെ രത്‌നകുമാരന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഏറ്റവും അവസാനം പോക്‌സോ ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചത്. സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ള ജനങ്ങള്‍ നമ്മുടെ നീതിന്യായ വ്യവസ്ഥക്കകത്ത് നീതി ലഭ്യമാകാന്‍ എത്ര പൊരുതണമെന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് പാലത്തായി കേസ് വിരല്‍ചൂണ്ടുന്നത്. പീഡനക്കേസ് പ്രതിയായ ബിജെപി നേതാവിനെ രക്ഷിക്കാനായി ആഭ്യന്തര വകുപ്പും പോലിസും നടത്തിയ മോശപ്പെട്ട കളികളും കേസിലൂടെ വെളിപ്പെട്ട കാര്യമാണെന്നും ജബീന ഇര്‍ഷാദ് ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it