Sub Lead

പത്മകുമാര്‍ പോറ്റിക്കൊപ്പം വിദേശത്ത് പോയോ? പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് പോലിസ്

പത്മകുമാര്‍ പോറ്റിക്കൊപ്പം വിദേശത്ത് പോയോ? പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് പോലിസ്
X

പത്തനംതിട്ട: ശബരിമല സ്വര്‍ണപ്പാളിക്കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിന്റെ പാസ്‌പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തു. ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം ബ്രിട്ടന്‍ യാത്രകളില്‍ പത്മകുമാറും പോയിരുന്നോ എന്നറിയാനാണ് ശ്രമം. ആറന്മുളയിലെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് അന്വേഷണ സംഘം പാസ്‌പോര്‍ട്ട് പിടിച്ചെടുത്തത്. പത്മകുമാറിന്റെയും ഭാര്യയുടെയും ആദായനികുതി രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇരുവരുടെയും ആസ്തികളിലും അന്വേഷണം നടത്തും. 2019ല്‍ ശ്രീകോവിലിലെ കട്ടിളപ്പാളി, ദ്വാരപാലകശില്പങ്ങള്‍ എന്നിവയിലെ സ്വര്‍ണപ്പാളികളില്‍നിന്ന് സ്വര്‍ണം തട്ടിയെടുത്തശേഷം ഉണ്ണികൃഷ്ണന്‍ പോറ്റി ഇംഗ്ലണ്ടിലേക്കും ഈജിപ്തിലേക്കും പോയെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. മറ്റുപ്രതികളുടെ വിദേശയാത്രാവിവരം പാസ്പോര്‍ട്ടില്‍നിന്ന് ശേഖരിക്കുന്നുണ്ട്. പ്രതിപ്പട്ടികയില്‍ ഇനി അറസ്റ്റിലാവാനുള്ളവരുടെ പാസ്പോര്‍ട്ടുകളും മൊഴിയെടുക്കല്‍ ഘട്ടത്തില്‍ പരിശോധിക്കും. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വിദേശയാത്രകളെക്കുറിച്ച് സമഗ്രമായ അന്വേഷണവും സമാന്തരമായി നടക്കുന്നുണ്ട്.

Next Story

RELATED STORIES

Share it