Sub Lead

നിതാരി കൊലപാതകങ്ങള്‍: അവസാന കേസിലും സുരേന്ദ്ര കോലിയെ വെറുതെവിട്ടു

നിതാരി കൊലപാതകങ്ങള്‍: അവസാന കേസിലും സുരേന്ദ്ര കോലിയെ വെറുതെവിട്ടു
X

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ നിതാരിയില്‍ നിരവധി കുട്ടികളെ കൊലപ്പെടുത്തിയെന്ന് ആരോപണമുള്ള സുരേന്ദ്ര കോലിയെ അവസാനകേസില്‍ സുപ്രിംകോടതി വെറുതെവിട്ടു. ഇതോടെ മൊത്തം 15 കൊലക്കേസുകളിലാണ് സുരേന്ദ്ര കോലി കുറ്റവിമുക്തനായത്. കോലിയെ ശിക്ഷിച്ച 2011ലെ സുപ്രിംകോടതി വിധിക്കെതിരെ കോലി നല്‍കിയ തിരുത്തല്‍ ഹരജി പരിഗണിച്ചാണ് ചീഫ്ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ ഇന്നത്തെ ഉത്തരവ്. തന്നെ നിരവധി കേസുകളില്‍ ഹൈക്കോടതി വെറുതെവിട്ടിട്ടുണ്ടെന്നും ആ കേസുകളിലെ തെളിവുകള്‍ നിലവിലെ കേസില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കോലി തിരുത്തല്‍ ഹരജി നല്‍കിയത്. അതെല്ലാം പരിശോധിച്ചും വാദം കേട്ടുമാണ് കോലിയെ സുപ്രിംകോടതി കുറ്റവിമുക്തനാക്കിയത്. കോലിക്കെതിരേ മറ്റു കേസുകള്‍ ഇല്ലെങ്കില്‍ ഉടന്‍ വിട്ടയക്കണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു.

ബിസിനസുകാരനായ മൊനീന്ദര്‍ സിങ് പന്തര്‍ എന്നയാളുടെ വീടിന് പിന്നിലെ കാനയില്‍ നിന്നും 2006 ഡിസംബറില്‍ അസ്ഥിക്കൂടങ്ങള്‍ കണ്ടെത്തിയിരുന്നു. ഈ സമയത്ത് സുരേന്ദര്‍ കോലി മൊനീന്ദറിന്റെ വീട്ടിലെ ജീവനക്കാരനായിരുന്നു. കേസില്‍ രണ്ടുപേരെയും പോലിസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് സിബിഐ അന്വേഷണം ഏറ്റെടുത്തു. മൊത്തം പതിനാറു കേസുകളാണ് അവര്‍ രജിസ്റ്റര്‍ ചെയ്തത്. കോലിയാണ് കുട്ടികളെ കൊന്നതെന്നും ശരീരം കീറിമുറിച്ച് ബിസിനസുകാരന്റെ പറമ്പിലും കാനയിലും ഇടുകയായിരുന്നുവെന്നും സിബിഐ ആരോപിച്ചു.

60 ദിവസം കസ്റ്റഡിയില്‍ ഇരുന്ന കോലി മജിസ്‌ട്രേറ്റിന് നല്‍കിയ കുറ്റസമ്മത മൊഴിയെയാണ് പ്രധാന തെളിവായി സിബിഐ ആശ്രയിച്ചത്. പിന്നീട് 2009-2017 കാലയളവില്‍ 12 കേസുകളില്‍ കോലിയെ വധശിക്ഷക്ക് വിധിച്ചു. മറ്റു രണ്ടു കേസുകളില്‍ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. പക്ഷേ, പിന്നീട് ഹൈക്കോടതി ശിക്ഷകള്‍ റദ്ദാക്കി. ഈ വിധികള്‍ക്കെതിരെ സിബിഐ നല്‍കിയ അപ്പീലുകള്‍ സുപ്രിംകോടതി തള്ളി. ഒരു കേസിലെ വിചാരണക്കോടതിയുടെ ശിക്ഷ 2011ല്‍ സുപ്രിംകോടതി ശരിവച്ചെങ്കിലും മറ്റു കേസുകളിലെ വിധി ചൂണ്ടിക്കാട്ടി കോലി തിരുത്തല്‍ ഹരജി നല്‍കുകയായിരുന്നു.

ശരീരഭാഗങ്ങള്‍ കണ്ടെത്തിയ സ്ഥലങ്ങളില്‍ കുറ്റാരോപിതര്‍ക്ക് മാത്രമല്ല പ്രവേശനമുണ്ടായിരുന്നതെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. മറ്റു പലര്‍ക്കും ആ സ്ഥലത്ത് എത്താമായിരുന്നു. പ്രദേശവാസിയായ മറ്റൊരാള്‍ മനുഷ്യരെ കൊന്ന് വൃക്കകളും മറ്റും മോഷ്ടിച്ചെന്ന കേസുണ്ടായിരുന്നു. ആ വിഷയം പരിശോധിക്കാതെയാണ് മൊനീന്ദറിനും കോലിക്കുമെതിരെ സിബിഐ മുന്നോട്ടുപോയത്. മാധ്യമവിചാരണയുടെ ഭാഗമായാണ് കുറ്റാരോപിതരെ വിചാരണക്കോടതി ശിക്ഷിച്ചത്. എന്നാല്‍, മാധ്യമവിചാരണയെ ഹൈക്കോടതി മറികടന്നുവെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. പോലിസ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഒന്ന് സദാചാര വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നതായിരുന്നു. അതില്‍ മൊനീന്ദറിനെ നേരത്തെ തന്നെ വെറുതെവിട്ടിരുന്നു.

Next Story

RELATED STORIES

Share it