Sub Lead

വിദ്യാര്‍ഥിനിയെ 48 കൊല്ലം മുമ്പ് കൊലപ്പെടുത്തിയ പ്രതിയെ തിരിച്ചറിഞ്ഞു; ആധുനിക ഡിഎന്‍എ സാങ്കേതിക വിദ്യ സഹായിച്ചെന്ന് യുഎസ് പോലിസ്

വിദ്യാര്‍ഥിനിയെ 48 കൊല്ലം മുമ്പ് കൊലപ്പെടുത്തിയ പ്രതിയെ തിരിച്ചറിഞ്ഞു; ആധുനിക ഡിഎന്‍എ സാങ്കേതിക വിദ്യ സഹായിച്ചെന്ന് യുഎസ് പോലിസ്
X

ഹവായ്: യുഎസിലെ ഹവായ് സംസ്ഥാനത്തെ ഹോനലൂലുവില്‍ 48 വര്‍ഷം മുമ്പ് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ ആള്‍ അറസ്റ്റില്‍. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വസ്ത്രത്തില്‍ നിന്ന് ലഭിച്ച സാമ്പിളുകളില്‍ ആധുനിക ഡിഎന്‍എ പരിശോധന നടത്തിയാണ് പ്രതിയെ തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്തതും. യുഎസ് സൈന്യത്തില്‍ നിന്ന് വിരമിച്ച 66കാരനായ ഗിഡിയോണ്‍ കാസ്‌ട്രോയാണ് പിടിയിലായിരിക്കുന്നത്.

1977 മാര്‍ച്ച് 21ന് രാവിലെയാണ് 16കാരിയായ ഡൗണ്‍ മോമോഹാരയെ മക് കിന്‍ലി ഹൈസ്‌കൂളിന്റെ രണ്ടാം നിലയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ ഒരു തുണിമുറിക്കി ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകം. ഇവരെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ മനസിലായി. മറൂണ്‍ നിറത്തിലുള്ള പോണ്ടിയാക് കാറില്‍ സ്‌കൂള്‍ പാര്‍ക്കിങ്ങില്‍ ഒരു യുവാവിനെ കണ്ടു എന്നതുമാത്രമായിരുന്നു തുമ്പ്. ഡൗണ്‍ മോമോഹാരയുടെ വസ്ത്രത്തില്‍ നിന്ന് ലഭിച്ച ഡിഎന്‍എ സാമ്പിള്‍ കൃത്യമായ സൂചനകളൊന്നും നല്‍കിയതുമില്ല. തുടര്‍ന്ന് പലതരത്തിലുള്ള അന്വേഷണം നടത്തിയിട്ടും പ്രതിയെ കണ്ടെത്താനായില്ല. ഇതോടെ പോലിസ് കേസിലെ അന്വേഷണം അവസാനിപ്പിച്ചു.


രേഖാചിത്രം

തെളിയിക്കപ്പെടാത്ത പഴയകേസുകള്‍ പുനപരിശോധിക്കാന്‍ 2019ല്‍ പോലിസ് തീരുമാനിച്ചു. അങ്ങനെയാണ് ഡൗണ്‍ മോമോഹാര കേസിന്റെ ഫയലുകള്‍ പൊടിതട്ടിയെടുത്തത്. മോമോഹാരയുടെ വസ്ത്രത്തില്‍ നിന്ന് ലഭിച്ച ഡിഎന്‍എ സാമ്പിളുകള്‍ ആധുനിക ഡിഎന്‍എ പരിശോധനക്ക് വിധേയമാക്കി. കൂടാതെ കൊല നടന്ന കാലത്ത് ചോദ്യം ചെയ്ത വ്യക്തികളുടെ ഡിഎന്‍എ സാമ്പിളുകളുമായി ചേര്‍ത്ത് പരിശോധിക്കുകയും ചെയ്തു. അങ്ങനെ 2023 സെപ്റ്റംബറോടെ സഹോദരന്‍മാരായ ഗിഡിയോണ്‍ കാസ്‌ട്രോ, വില്യം കാസ്‌ട്രോ എന്നിവരില്‍ ആരെങ്കിലും ആവാം പ്രതിയെന്ന നിഗമനത്തില്‍ പോലിസ് എത്തി.

കൊല നടന്ന കാലത്ത് ഇരുവരെയും പോലിസ് ചോദ്യം ചെയ്തിരുന്നു. 1976ല്‍ ഒരു ഡാന്‍സ് ബാറില്‍ വെച്ചു മോമോഹാരയെ കണ്ടുവെന്നാണ് ഗിഡിയോണ്‍ അന്ന് പോലിസിന് മൊഴി നല്‍കിയിരുന്നത്. പെണ്‍കുട്ടിയുമായി സൗഹൃദമുണ്ടായിരുന്നുവെന്നും മറ്റുതരം ബന്ധങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് വില്യം കാസ്‌ട്രോയും മൊഴി നല്‍കിയിരുന്നു.

ഇതിന് ശേഷം വില്യം കാസ്‌ട്രോ ഇപ്പോള്‍ താമസിക്കുന്ന ചിക്കാഗോയിലേക്ക് പോലിസ് സംഘം പോയി. വില്യം കാസ്‌ട്രോയുടെ മക്കളുടെ ഡിഎന്‍എ സാമ്പിളുകള്‍ രഹസ്യമായി ശേഖരിച്ച് പരിശോധിച്ചു. ഇതോടെ വില്യം കാസ്‌ട്രോ സംശയപട്ടികയില്‍ നിന്നൊഴിവായി. ഇതിന് ശേഷമാണ് ഗിഡിയനാണ് കൊലപാതകിയെന്ന് പോലിസ് സ്ഥിരീകരിച്ചത്. 66 വയസുള്ള ഗിഡിയോണ്‍ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ഉട്ടാ സംസ്ഥാനത്തെ ഒരു നഴ്‌സിങ് സ്ഥാപനത്തിലെ സ്ഥിരം അന്തേവാസിയായി മാറിയിരുന്നു. ഇയാളെ ഉടന്‍ വിചാരണക്ക് വിധേയമാക്കുമെന്ന് അറ്റോണി ജനറല്‍ അറിയിച്ചു.

Next Story

RELATED STORIES

Share it