- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ മുസ്‌ലിംകളും സിഖുകാരും ഒരുമിച്ച് നില്‍ക്കണം: ന്യൂനപക്ഷ അവകാശ സംരക്ഷണ കോണ്‍ഫറന്‍സ്

ന്യൂഡല്‍ഹി: ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ മുസ്‌ലിംകളും സിഖുകാരും ഒരുമിച്ച് നല്‍ക്കണമെന്ന് ആഹ്വാനം. ഡല്‍ഹിയിലെ ഐഐസിസി ഓഡിറ്റോറിയത്തില്‍ നടന്ന ന്യൂനപക്ഷങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ക്കായുള്ള സംയുക്ത പ്രസ്ഥാനത്തിന്റെ കോണ്‍ഫറന്‍സാണ് ഇങ്ങനെ ആഹ്വാനം ചെയ്തത്. സാഹോദര്യത്തിന്റെ മലെര്‍കോട്‌ല പാരമ്പര്യം ഉയര്‍ത്തിപിടിക്കാന്‍ തീരുമാനമായി.
എല്ലാ ഇന്ത്യക്കാരും തുല്യരാണെന്ന് ഭരണഘടന പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥ്യത്തില്‍ അങ്ങനെ കാണുന്നില്ലെന്ന് ശ്രീ ദംദമ സാഹിബ് തക്തിന്റെ മുന്‍ ജതേദാറായ ഗ്യാനി കേവല്‍ സിംഗ് ചൂണ്ടിക്കാട്ടി. ''രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചിട്ട് 75 വര്‍ഷമായി. വഞ്ചിക്കപ്പെട്ടു എന്ന തോന്നലാണ് ഇപ്പോള്‍ ഉള്ളത്. സ്വാതന്ത്ര്യസമരത്തില്‍ സിഖുകാരും മുസ്‌ലിംകളും നിരവധി ത്യാഗങ്ങള്‍ ചെയ്തു. എന്നിട്ടും ഇപ്പോള്‍ കര്‍ഷകരുടെ അവകാശങ്ങള്‍ക്കായി തെരുവില്‍ സമരം ചെയ്യുകയാണ്.''-അദ്ദേഹം പറഞ്ഞു.
സിഖുകാരും മുസ്‌ലിംകളും ഒരുമിച്ച് നിന്നില്ലെങ്കില്‍ രണ്ടു സമുദായങ്ങളും അപകടത്തില്‍പെടുമെന്ന് ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി മുന്‍ പ്രസിഡന്റ് സര്‍ദാര്‍ പരംജിത് സിംഗ് സര്‍ണ പറഞ്ഞു. '' നമ്മുടെ ഐക്യം തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും. പക്ഷേ, രാജ്യത്തിന്റെ ഐക്യത്തിനായ് നാം കൈകോര്‍ക്കണം.''-അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ഒരു യഥാര്‍ത്ഥ ശക്തിയുണ്ടെങ്കില്‍ അത് സിഖ്, മുസ്‌ലിം സമുദായങ്ങള്‍ക്കുള്ളിലാണെന്ന് മുന്‍ ഹോക്കിതാരം അസ്‌ലം ഷേര്‍ ഖാന്‍ പറഞ്ഞു. ''ചരിത്രം അതിന് തെളിവ് നല്‍കുന്നു. നാം ഒരുമിച്ച് നിന്നപ്പോള്‍ ശക്തരായ എതിരാളികളെ പരാജയപ്പെടുത്തി. കായികരംഗത്തും നമ്മുടെ ഐക്യം ശോഭിച്ചു. നാം കൈകോര്‍ത്തപ്പോള്‍ പാകിസ്താന്‍ അടക്കമുള്ള എല്ലാ ടീമുകളെയും പരാജയപ്പെടുത്തി 1975ലെ ഹോക്കി ലോകകപ്പ് നേടി. ബാബരി മസ്ജിദ് പൊളിച്ചതിന് ശേഷം ചരിത്രം നിര്‍ണായകമായ വഴിത്തിരിവിലാണ്. സാഹോദര്യം പുനരുജ്ജീവിപ്പിച്ചാല്‍ ഇരുസമുദായങ്ങള്‍ക്കും മുന്നോട്ടുള്ള വഴി കണ്ടെത്താന്‍ സാധിക്കും. ഒരുമിച്ച് നിന്നാല്‍ നമ്മളെ എതിര്‍ക്കാന്‍ ഒരു ശക്തിക്കും കഴിയില്ല.''-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2014ന് ശേഷമുള്ള ഇന്ത്യയുടെ രാഷ്ട്രീയ സാഹചര്യത്തിലെ മാറ്റത്തെ സിഖ് സിയാസത്തില്‍ നിന്നുള്ള പരംജീത് സിംഗ് ഗാസി ചൂണ്ടിക്കാട്ടി. ''നമ്മുടെ സമ്മതം തേടാത്ത ഒരു പുതിയതരം ഭരണരീതി ഉയര്‍ന്നുവന്നിരിക്കുകയാണ്. പൗരത്വ നിയമം, കര്‍ഷക നിയമം തുടങ്ങിയവ അടിച്ചേല്‍പ്പിക്കുകയാണ്. നിലവിലെ രാഷ്ട്രീയ യാഥാര്‍ത്ഥ്യം നാം തിരിച്ചറിയുകയും അടിച്ചമര്‍ത്തപ്പെട്ടവര്‍, ഭാഷാപരവും മതപരവുമായ ന്യൂനപക്ഷങ്ങള്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജാതികള്‍ എന്നിവര്‍ക്കിടയിലുള്ള നമ്മുടെ യഥാര്‍ത്ഥ സഖ്യകക്ഷികളെ തിരിച്ചറിയുകയും വേണം''-പരംജീത് സിംഗ് ഗാസി പറഞ്ഞു.
1984ലെ സിഖ് വംശഹത്യയുടെ ആഘാതം അനുസ്മരിച്ചുകൊണ്ട് ഡല്‍ഹി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി അംഗം ബീബി രഞ്ജിത് കൗര്‍ തന്റെ വ്യക്തിപരമായ അനുഭവം പങ്കുവെച്ചു. '' ഞാന്‍ കോളജില്‍ പഠിക്കുന്ന കാലത്താണ് വംശഹത്യ നടന്നത്. വംശഹത്യക്ക് ശേഷം ഒരു പാര്‍ട്ടിക്ക് വലിയ ഭൂരിപക്ഷം ലഭിച്ചു. ഒരു സമുദായമെന്ന നിലയില്‍ ഞങ്ങള്‍ ഒറ്റപ്പെട്ടവരാണെന്ന് എനിക്ക് മനസിലായി. അതിനാല്‍ സിഖ്-മുസ്‌ലിം ഐക്യത്തിനായി എക്കാലവും നിലനില്‍ക്കും.''-ബീബി രഞ്ജിത് കൗര്‍ പറഞ്ഞു.
ചരിത്രപ്രസിദ്ധമായ മലേര്‍കോട്‌ല സംഭവത്തെ കുറിച്ച് വടക്കന്‍ കശ്മീരില്‍ നിന്നുള്ള മൗലാന പാരി ഹസ്സന്‍ അഫ്‌സല്‍ ഫിര്‍ദോസി സംസാരിച്ചു. സിഖ് ഗുരുവായ ഗോബിന്ദ് സിംഗിന്റെ മക്കളെ വധശിക്ഷയ്ക്ക് വിധിക്കരുതെന്നാണ് ഡല്‍ഹിയിലെ ചക്രവര്‍ത്തിയോട് മലേര്‍കോട്‌ലയിലെ നവാബ് ഷേര്‍ മുഹമ്മദ് ഖാന്‍ ആവശ്യപ്പെട്ടത്. കുട്ടികളെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍, ശ്രമം നടത്തിയതില്‍ നന്ദി പ്രകടിപ്പിച്ച് ഗുരു ഗോബിന്ദ് സിംഗ്, നവാബ് ഷേര്‍ മുഹമ്മദ് ഖാന് ഒരു കൃപാണ്‍ സമ്മാനിച്ചു. 1947ല്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡം വിഭജിക്കപ്പെട്ട സമയത്ത് പോലും മലേര്‍കോട്‌ലയില്‍ അക്രമങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ഇത് കാരണമായി.'' -അദ്ദേഹം പറഞ്ഞു. ഈ പാരമ്പര്യം തുടരേണ്ടതുണ്ടെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഇരുസമുദായങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെക്കുറിച്ച് വിവിധ സിഖ് സംഘടനകളുടെ മുന്നണിയുടെ കണ്‍വീനറായ പ്രംപാല്‍ സിംഗ് സാബ്ര സംസാരിച്ചു. സിഖ് മതസ്ഥാപകന്‍ ഗുരു നാനാക്കും ഭായി മര്‍ദാനയും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. '' ഭായി മര്‍ദാനയെ സഹോദരനായാണ് ഗുരു നാനാക്ക് കണ്ടിരുന്നത്. രണ്ടുപേരും 15 വര്‍ഷം ഒരുമിച്ച് ചെലവഴിച്ചു. മരിക്കുന്ന സമയത്ത് തന്റെ ശിരോവസ്ത്രത്തിന്റെ പകുതി ഗുരു നാനാക്ക്, ഭായി മര്‍ദാനക്ക് നല്‍കി. ഇതാണ് നാം തമ്മിലുള്ള ബന്ധം.''-അദ്ദേഹം പറഞ്ഞു.
സിഖ്-മുസ്‌ലിം ഐക്യം പുതുക്കണമെന്ന് സര്‍ദാര്‍ ഗുര്‍ജിത് സിംഗ് ഘുമാന്‍ അഭ്യര്‍ത്ഥിച്ചു. '' മലെര്‍കോട്‌ലയിലെ നവാബ് ഷേര്‍ മുഹമ്മദ് ഖാന്‍ നമ്മുടെ ബന്ധത്തില്‍ ചരിത്രപരമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇന്ന് നമ്മള്‍ 224 ദശലക്ഷം പേരുണ്ട്. നമ്മള്‍ നമുക്ക് വേണ്ടിയും രാജ്യത്തിന് വേണ്ടിയും ഒരുമിക്കണം. ഈ ഭൂമിക്കായി ജീവന്‍ ത്യജിച്ചവരാണ് നമ്മള്‍. എന്നിട്ടും ഗൂഡാലോചനവാദികള്‍ നമ്മളെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നു.''-സര്‍ദാര്‍ ഗുര്‍ജിത് സിംഗ് ഘുമാന്‍ പറഞ്ഞു.
രാഷ്ട്രീയ ഐക്യത്തിനപ്പുറം ആഴത്തിലുള്ള സഹകരണത്തിന് ഇരുസമുദായങ്ങളും തയ്യാറാവണമെന്ന് ഛത്തീസ്ഗഡ് പോലിസ് മുന്‍ ഡയറക്ടര്‍ ജനറല്‍ എം ഡബ്ല്യു അന്‍സാരി ആഹ്വാനം ചെയ്തു. സാംസ്‌കാരിക, ബൗദ്ധിക, അക്കാദമിക ഏകീകരണത്തില്‍ കേന്ദ്രീകരിക്കണമെന്നും ഭിന്നതകളെ അവഗണിക്കുകയും ചെയ്യണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
വെള്ളക്കാരായ ഭരണാധികാരികള്‍ക്കെതിരെ പോരാടിയതിനേക്കാള്‍ ശക്തമായി പോരാടണമെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിന്റെ വൈസ് പ്രസിഡന്റ് മൗലാന ഉബൈദുള്ള ഖാന്‍ ആസ്മി അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ഡോ. നസീര്‍ അക്തര്‍(സിഖ്-മുസ്ലിം സഞ്ജന്‍), ഡോ. ഭൂപേന്ദര്‍ കൗര്‍ (യുണൈറ്റഡ് സിഖ്), അജയ്പാല്‍ സിംഗ് ബ്രാര്‍, അഡ്വ. മനോജ് സിംഗ് ദുഹാന്‍ തുടങ്ങിയവരും സംസാരിച്ചു.







