Sub Lead

''മുനമ്പത്തെ ഭൂമി വഖ്ഫ് ആണെന്ന് കോടതി വിധികളുണ്ട്, അപ്പോള്‍ ജുഡീഷ്യല്‍ കമ്മീഷന്‍ എങ്ങനെ വിഷയത്തില്‍ ഇടപെടും ? '' ഹൈക്കോടതി

മുനമ്പത്തെ ഭൂമി വഖ്ഫ് ആണെന്ന് കോടതി വിധികളുണ്ട്, അപ്പോള്‍ ജുഡീഷ്യല്‍ കമ്മീഷന്‍ എങ്ങനെ വിഷയത്തില്‍ ഇടപെടും ?  ഹൈക്കോടതി
X

കൊച്ചി: മുനമ്പത്തെ ഭൂമി വഖ്ഫ് ആണെന്ന് കോടതി വിധികളുണ്ടായിരിക്കെ വഖ്ഫ് ബോര്‍ഡും പ്രദേശവാസികളും തമ്മിലുള്ള തര്‍ക്കത്തില്‍ ജുഡീഷ്യല്‍ കമ്മീഷന് ഇടപെടാന്‍ എന്താണ് അധികാരമെന്ന് ഹൈക്കോടതി ചോദിച്ചു. കേരള വഖ്ഫ് സംരക്ഷണ സമിതി നല്‍കിയ ഹരജി പരിഗണിക്കുമ്പോളാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഇങ്ങനെ ചോദിച്ചത്. മുനമ്പത്തേത് വഖ്ഫ് ഭൂമിയാണെന്ന കോടതി വിധികള്‍ക്കെതിരായ നിലപാടില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ എത്തിയാല്‍ എന്തു ചെയ്യുമെന്നും കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു. ഇത് സ്ഥിതിഗതികള്‍ ഇളക്കിമറിക്കുമെന്നും കോടതി നിരീക്ഷിച്ചു.

''സിവില്‍ കോടതി തീര്‍പ്പുകല്‍പ്പിച്ചതും അപ്പീലില്‍ ഹൈക്കോടതി ശരിവെച്ചതുമായ വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷന് വ്യത്യസ്തമായ നിഗമനത്തില്‍ എത്താന്‍ കഴിയുമോ ? അത് മുമ്പില്ലാത്ത കുഴപ്പങ്ങളുണ്ടാക്കും.'' -കോടതി ചൂണ്ടിക്കാട്ടി.

1968ലാണ് സിവില്‍ കോടതി മുനമ്പത്തെ ഭൂമി വഖ്ഫ് ആണെന്ന് കണ്ടെത്തിയത്. ഈ വിധിക്കെതിരേ നല്‍കിയ അപ്പീല്‍ 1975ല്‍ ഹൈക്കോടതി തള്ളിയതാണ്. എന്നാല്‍, മുനമ്പത്തെ തര്‍ക്കങ്ങള്‍ക്ക് സ്ഥിരം പരിഹാരം കാണാനാണെന്ന പേരിലാണ് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ജുഡീഷ്യല്‍ കമ്മീഷന്‍ രൂപീകരിച്ചത്. ഇതിനെ ചോദ്യം ചെയ്താണ് കേരള വഖ്ഫ് സംരക്ഷണസമിതി ഹൈക്കോടതിയെ സമീപിച്ചത്.

മുനമ്പത്തെ 104 ഏക്കര്‍ വഖ്ഫ് ഭൂമിയെ സംബന്ധിച്ചിടത്തോളം ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും ഹൈക്കോടതി പറഞ്ഞു. അതിനാല്‍ കമ്മീഷന്റെ പ്രവര്‍ത്തനം സ്റ്റേ ചെയ്യണമെന്ന ഹരജിക്കാരുടെ ആവശ്യം ന്യായമാണെന്നും കോടതി വാക്കാല്‍ പറഞ്ഞു. എന്നാല്‍, വാദങ്ങളുന്നയിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം തേടിയതിനാല്‍ കേസ് അടുത്ത ബുധനാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.

Next Story

RELATED STORIES

Share it