Sub Lead

39 വര്‍ഷം മുമ്പത്തെ യുവാവിന്റെ മുങ്ങിമരണം കൊലപാതകമാണെന്ന് അവകാശ വാദം; 54 കാരന്‍ അറസ്റ്റില്‍

39 വര്‍ഷം മുമ്പത്തെ യുവാവിന്റെ മുങ്ങിമരണം കൊലപാതകമാണെന്ന് അവകാശ വാദം; 54 കാരന്‍ അറസ്റ്റില്‍
X

കോഴിക്കോട്: 39 വര്‍ഷം മുമ്പ് കൂടരഞ്ഞിയിലെ തോട്ടില്‍ യുവാവ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് അവകാശവാദം. യുവാവിനെ കൊലപ്പെടുത്തിയെന്ന് അവകാശപ്പെട്ട് 54 കാരനായ മുഹമ്മദലി എന്നയാള്‍ വേങ്ങര പോലിസിനെ സമീപിച്ചതായി റിപോര്‍ട്ടുകള്‍ പറയുന്നു. ഇക്കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ് മുഹമ്മദലി വേങ്ങര സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത്. ഒന്നാമത്തെ മകന്റെ മരണവും രണ്ടാമത്തെ മകന്റെ അപകടവും കഴിഞ്ഞപ്പോള്‍ കുറ്റബോധം കൊണ്ട് ഉറങ്ങാന്‍ പോലും പറ്റുന്നില്ലെന്ന് പറഞ്ഞ മുഹമ്മദലി കൂടരഞ്ഞിയില്‍ എത്തി കൊല നടന്ന സ്ഥലവും പോലിസിന് കാണിച്ചുകൊടുത്തു. അന്ന് മുഹമ്മദ് അലിയ്ക്ക് 14 വയസായിരുന്നു.

1986 നവംബര്‍ അവസാനമായിരുന്നു സംഭവം. കൂടരഞ്ഞിയിലുണ്ടായിരുന്ന ദേവസ്യ എന്ന ആളുടെ വളപ്പില്‍ കൂലിപ്പണിക്കു നില്‍ക്കുമ്പോള്‍ തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ അടുത്തുള്ള തോട്ടിലേക്കു ചവിട്ടി വീഴ്ത്തി എന്നായിരുന്നു മൊഴി. രണ്ടു ദിവസം കഴിഞ്ഞാണ് അയാള്‍ തോട്ടില്‍ മുങ്ങി മരിച്ച വിവരം അറിഞ്ഞതത്രെ.

അക്കാലത്ത് രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിവരങ്ങള്‍ തിരുവമ്പാടി പോലിസ് കണ്ടെടുത്തു. അക്കാലത്തെ ഒരു പത്രവാര്‍ത്തയും പോലിസ് ശേഖരിച്ചു. 'കൂടരഞ്ഞി: മിഷന്‍ ആശുപത്രിക്കു പിന്നിലെ വയലിലെ ചെറുതോട്ടില്‍ യുവാവിന്റെ ജഡം കണ്ടെത്തി. 20 വയസ്സ് തോന്നിക്കും.' എന്ന മലയാള മനോരമയിലെ വാര്‍ത്തയാണ് പോലിസിന് ലഭിച്ചത്. മരിച്ച യുവാവിന് അപസ്മാരം ഉണ്ടായിരുന്നു എന്നു നാട്ടുകാര്‍ പറഞ്ഞതോടെ അന്ന് പോലിസ് കേസ് അങ്ങനെ ക്ലോസ് ചെയ്തു. ആരും എത്തി മരിച്ചയാളെ തിരിച്ചറിയാത്തതിനാല്‍ അജ്ഞാത മൃതദേഹമായി സംസ്‌കരിക്കുകയും ചെയ്തു. എന്തായാലും മുഹമ്മദ് അലിയുടെ വെളിപ്പെടുത്തലും ആ സമയത്ത് ഒരു മരണവുമുള്ളതിനാല്‍ പോലിസ് കേസെടുത്തു. മുഹമ്മദലിയെ റിമാന്‍ഡ് ചെയ്തു. മരിച്ചത് ആരായിരിക്കും എന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് തിരുവമ്പാടി പോലിസ്. ഇരിട്ടി സ്വദേശിയാണെന്നും പാലക്കാട് സ്വദേശിയാണെന്നും ചിലര്‍ പറയുന്നു.

Next Story

RELATED STORIES

Share it