Sub Lead

കെ എം സലിംകുമാര്‍ അന്തരിച്ചു

കെ എം സലിംകുമാര്‍ അന്തരിച്ചു
X

കൊച്ചി: ദലിത് ജനാധിപത്യ ചിന്തകന്‍ കെ എം സലിംകുമാര്‍ അന്തരിച്ചു. കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ പുലര്‍ച്ചെ 2.45നായിരുന്നു അന്ത്യം. ഇടുക്കി ജില്ലയില്‍ തൊടുപുഴ താലൂക്കില്‍ വെള്ളിയാമറ്റം പഞ്ചായത്തില്‍ കുന്നത്തു മാണിക്കന്റെയും കോതയുടെയും മകനായി 1949 മാര്‍ച്ച് 10ന് ജനനം. കൊലുമ്പന്‍ പുത്തന്‍പുരയ്ക്കല്‍ വളര്‍ത്തച്ഛനായിരുന്നു.

നാളിയാനി ട്രൈബല്‍ എല്‍പി സ്‌കൂള്‍, പൂച്ചപ്ര, അറക്കുളം യുപി. സ്‌കൂള്‍, മൂലമറ്റം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മഹാരാജാസ് കോളേജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ 1969ല്‍ നക്‌സലൈറ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് രണ്ടു പതിറ്റാണ്ട് കാലം സിആര്‍സി, സിപിഐ.(എംഎല്‍) പ്രസ്ഥാനത്തിന്റെ സംഘാടകരില്‍ ഒരാളായിരുന്നു.

1975ല്‍ അടിയന്തരാവസ്ഥ കാലത്ത് 17 മാസം ജയില്‍വാസം. അധഃസ്ഥിത നവോത്ഥാന മുന്നണിയുടെ ആഭിമുഖ്യത്തില്‍ 1989ല്‍ വൈക്കത്ത് മനുസ്മൃതി ചുട്ടെരിച്ചുകൊണ്ട് ദലിത് സംഘടന പ്രവര്‍ത്തനത്തില്‍ കേന്ദ്രീകരിച്ചു. അധഃസ്ഥിത നവോത്ഥാന മുന്നണി (സംസ്ഥാന കണ്‍വീനര്‍), ദലിത് ഐക്യ സമിതി (സംസ്ഥാന കണ്‍വീനര്‍), കേരള ദലിത് മഹാസഭ (സംസ്ഥാന സെക്രട്ടറി) എന്നീ സംഘടനകളുടെ മുന്‍നിര പ്രവര്‍ത്തകനായിരുന്നു.

നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ കാലത്ത് രക്ത പതാക മാസിക, ദലിത് സംഘടന പ്രവര്‍ത്തന കാലത്ത് അധസ്ഥിത നവോത്ഥാന മുന്നണി ബുള്ളറ്റിന്‍, ദലിത് ഐക്യ ശബ്ദം ബുള്ളറ്റിന്‍, ദലിത് മാസിക എന്നിവയുടെയും എഡിറ്റര്‍ ആയിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 'നെഗ്രിറ്റിയൂഡ്' എന്ന പംക്തി കൈകാര്യം ചെയ്തു.

സംവരണവും സമവായത്തിന്റെ രാഷ്ട്രീയവും (2006), ദലിത് പ്രത്യയശാസ്ത്രവും സമുദായവല്‍ക്കരണവും(2008) ഭൂമിയുടെ ജാതിയും രാഷ്ട്രീയവും (എഡിറ്റര്‍) (2008) നെഗ്രിറ്റിയൂഡ് (2012) സംവരണം ദലിത് വീക്ഷണത്തില്‍ (2018) ദലിത് ജനാധിപത്യ ചിന്ത (2018) ഇതാണ് ഹിന്ദു ഫാസിസം (2019) വംശമേധാവിത്വത്തിന്റെ സൂക്ഷ്മതലങ്ങള്‍ (2021) എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധികരിച്ചു. 'കടുത്ത' എന്ന പേരിലുളള ആത്മകഥാ രചനയില്‍ ആയിരുന്നു. അത് രോഗശയ്യയില്‍ വച്ച് എഴുതി പൂര്‍ത്തീകരിച്ചിട്ടുണ്ട്.

ജീവിത സഖി പരേതയായ ആനന്ദവല്ലി, മക്കള്‍: ഡോ. പി എസ് ഭഗത്, പി എസ് ബുദ്ധ.

കാക്കനാട് വാഴക്കാല ദേശീയ കവലയ്ക്ക് സമീപമുള്ള സിപിഎം തൃക്കാക്കര സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി ഓഫീസിന് സമീപത്തെ വീട്ടില്‍ ഞായറാഴ്ച രാവിലെ മുതല്‍ പൊതുദര്‍ശനം നടക്കും. സംസ്‌കാരം തിങ്കളാഴ്ച 12 മണിക്ക് മൂലമറ്റം കരിപ്പിലങ്ങാട്ടെ സ്വവസതിയില്‍ നടക്കും.

Next Story

RELATED STORIES

Share it