Sub Lead

മുസ്‌ലിം വ്യാപാരികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്ന പ്രമേയം പാസാക്കി ഗ്രാമസഭ; സ്റ്റേ ചെയ്ത് ബിഡിഒ, നിരോധനത്തെ പിന്തുണച്ച് മന്ത്രി

മുസ്‌ലിം വ്യാപാരികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്ന പ്രമേയം പാസാക്കി ഗ്രാമസഭ; സ്റ്റേ ചെയ്ത് ബിഡിഒ, നിരോധനത്തെ പിന്തുണച്ച് മന്ത്രി
X

പൂനെ: ഹോളിയുടെ ഭാഗമായി നടത്തുന്ന കാനിഫ്‌നാഥ് മഹാരാജ് യാത്രയില്‍ മുസ്‌ലിം വ്യാപാരികളുടെ സ്റ്റാളുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്ന പ്രമേയം പാസാക്കി മഹാരാഷ്ട്രയിലെ പൂനെയിലെ മാധി ഗ്രാമസഭ. ഫെബ്രുവരി 22നാണ് ഗ്രാമസഭ ചേര്‍ന്ന് മുസ്‌ലിം വ്യാപാരികളെ യാത്രയില്‍ പങ്കെടുപ്പിക്കരുതെന്ന പ്രമേയം പാസാക്കിയത്. എന്നാല്‍, ഇത് ചര്‍ച്ചയായതോടെ വിഷയത്തില്‍ അന്വേഷണം നടത്താന്‍ ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍(ബിഡിഒ) ശിവാജി കാംബ്ലെയ്ക്ക് അഹല്യനഗര്‍ ജില്ലാ പരിഷത്ത് സിഇഒ നിര്‍ദേശം നല്‍കി. ചട്ടങ്ങളെല്ലാം ലംഘിച്ചാണ് പ്രമേയം പാസാക്കിയതെന്നാണ് ബിഡിഒ കണ്ടെത്തിയത്. തുടര്‍ന്ന് പ്രമേയം സ്റ്റേ ചെയ്തു.

ഗ്രാമത്തിലെ 100 പേരോ ജനസംഖ്യയിലെ 15 ശതമാനം പേരോ യോഗത്തില്‍ പങ്കെടുക്കണമെന്നാണ് വ്യവസ്ഥയെന്ന് ബിഡിഒ ചൂണ്ടിക്കാട്ടി. ഫെബ്രുവരി 22ന് നടന്ന ഗ്രാമസഭയില്‍ 116 പേര്‍ പങ്കെടുത്തെങ്കിലും 98 പേര്‍ മാത്രമായിരുന്നു ഗ്രാമവാസികള്‍. മറ്റുള്ളവരെ പുറത്തുനിന്നു കൊണ്ടുവന്നതാണെന്നും അദ്ദേഹം സൂചനനല്‍കി.

മധി ഗ്രാമത്തില്‍ 5,000 പേരാണ് ജീവിക്കുന്നത്. അതില്‍ 650 പേര്‍ മുസ്‌ലിംകളാണ്. ന്യൂനപക്ഷമായ മുസ്‌ലിംകളെ ബഹിഷ്‌കരിക്കാന്‍ പലതരത്തിലുള്ള ശ്രമങ്ങള്‍ കാലങ്ങളായി ഹിന്ദുത്വര്‍ നടത്തുന്നുണ്ട്. കാനിഫ്‌നാഥ് മഹാരാജ് യാത്രയില്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പേര്‍ പങ്കെടുക്കും. വിവിധപ്രദേശങ്ങളില്‍ നിന്ന് വ്യാപാരികളുമെത്തും. യാത്രയുടെ ഹിന്ദുവിശുദ്ധി നിലനിര്‍ത്താനാണ് മുസ്‌ലിംകളെ ഒഴിവാക്കിയതെന്നാണ് നിരോധനത്തെ അനുകൂലിക്കുന്ന ഹിന്ദുത്വര്‍ പറയുന്നത്.

മുസ്‌ലിം ബഹിഷ്‌കരണത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ച ഹിന്ദുത്വ ആശയമുള്ള ഗ്രാമീണര്‍ക്ക് പിന്തുണയുമായി ബിജെപി നേതാവും മന്ത്രിയുമായ നിതിഷേ റാണെ രംഗത്തെത്തിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ഹിന്ദുത്വ സര്‍ക്കാരാണ് നിലവിലുള്ളതെന്ന് ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ ഓര്‍ക്കണമെന്ന് മന്ത്രി പറഞ്ഞു. ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ പ്രമേയം സ്റ്റേ ചെയ്‌തെങ്കില്‍ ആളെ വിളിച്ചുകൂട്ടി ചരിത്രപരമായ പുതിയപ്രമേയം പാസാക്കണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.

'' ഗ്രാമത്തിലെ ഹിന്ദുത്വവാദികള്‍ ഉണര്‍ന്നിരിക്കുന്നു. ഗ്രാമസഭയുടെ തീരുമാനം രാജ്യത്തിന് ദിശാബോധം നല്‍കും. ഹിന്ദു മതം വെല്ലുവിളിക്കപ്പെട്ടാല്‍ മഹാരാഷ്ട്രയിലുടനീളം അത്തരമൊരു തീരുമാനം എടുക്കും.''-മന്ത്രി പറഞ്ഞു.

ജില്ലാ ഗാര്‍ഡിയന്‍ മന്ത്രി രാധാകൃഷ്ണ വിഖെപാട്ടീല്‍ ഗ്രാമസഭയുടെ തീരുമാനത്തെ പിന്തുണച്ചിരുന്നു. ''നിരോധനം ഏര്‍പ്പെടുത്തുന്ന പ്രമേയം പാസാക്കാന്‍ ഗ്രാമസഭയ്ക്ക് ഭരണഘടനാപരമായ അവകാശങ്ങളുണ്ട്.. ഗ്രാമസഭയുടെ അവകാശങ്ങള്‍ സുപ്രിംകോടതി അംഗീകരിച്ചിട്ടുണ്ട്''-മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it