Sub Lead

ഗസയിലെ ഹമാസിന്റെ സ്വാധീനത്തിന്റെ രഹസ്യങ്ങള്‍ വെളിപ്പെടുത്തി ഇസ്രായേലി മാധ്യമം

ഗസയിലെ ഹമാസിന്റെ സ്വാധീനത്തിന്റെ രഹസ്യങ്ങള്‍ വെളിപ്പെടുത്തി ഇസ്രായേലി മാധ്യമം
X

തെല്‍അവീവ്: യുഎസ് സഹായത്തോടെ രണ്ടുവര്‍ഷം ആക്രമണങ്ങള്‍ നടത്തിയിട്ടും ഗസയില്‍ ഹമാസിന് വലിയ സ്വാധീനമുണ്ടെന്ന് ഇസ്രായേലിലെ യെദിയോത്ത് അഹറോണോത്ത് പത്രം. ഗസയിലെ അടിസ്ഥാന സൗകര്യങ്ങളെല്ലാം തകര്‍ത്തിട്ടും മുതിര്‍ന്ന നേതാക്കളെ കൊലപ്പെടുത്തിയിട്ടും കടുത്ത ഉപരോധം ഏര്‍പ്പെടുത്തിയിട്ടും ഹമാസ് ഇപ്പോഴും ഗസയില്‍ ഭരണം നടത്തുകയും പോരാടുകയും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുകയും ചെയ്യുന്നുണ്ടെന്ന് ഗിയോര്‍ഗിയ വാലന്റെ എഴുതിയ ലേഖനം പറയുന്നു.

ഗസ സമൂഹത്തില്‍ ആഴത്തില്‍ പതിഞ്ഞ സംഘടനയാണ് ഹമാസ് എന്നതാണ് അവരുടെ ശക്തിയുടെ പ്രധാനകാരണം. പശ്ചിമേഷ്യയില്‍ അടുത്തിടെയുണ്ടായ ഏറ്റവും സങ്കീര്‍ണമായ സംഘര്‍ഷത്തെ അതിജീവിക്കാന്‍ കഴിയുന്ന രീതിയിലുള്ള സൈനിക-സാമ്പത്തിക പ്രവര്‍ത്തനങ്ങളാണ് ഹമാസ് നടത്തിയത്. ഹമാസ് വെറുമൊരു രാഷ്ട്രീയ പാര്‍ട്ടിയോ സൈനിക സംഘടനയോ അല്ലെന്നാണ് മോശെ ദയാന്‍ സെന്ററിലെ ഫലസ്തീന്‍ പഠന വിഭാഗം മേധാവി ഡോ. മൈക്കിള്‍ മില്‍ഷ്‌തെന്‍, ഗിയോര്‍ഗിയ വാലന്റെയോട് പറഞ്ഞത്.

'' കഴിഞ്ഞ 20 വര്‍ഷമായി ഫലസ്തീന്‍ സമൂഹത്തില്‍ അവര്‍ പതിഞ്ഞു. വിദ്യാഭ്യാസം, ചാരിറ്റി, പള്ളികള്‍, യൂത്ത് ക്ലബ്ബുകള്‍, സ്ത്രീകളുടെ സംഘടന എന്നിവ വഴി അവര്‍ ജനങ്ങളുമായി ബന്ധപ്പെട്ടു.''-ഡോ. മൈക്കിള്‍ മില്‍ഷ്‌തെന്‍ പറഞ്ഞു.

കഴിഞ്ഞ കാലങ്ങളില്‍ രൂപപ്പെടുത്തിയ സാമൂഹിക അടിത്തറയാണ് അവരുടെ ജനപിന്തുണയ്ക്ക് കാരണം. ഏകദേശം 27,000 പോരാളികള്‍ കൊല്ലപ്പെട്ടിട്ടും സംഘടന ശക്തമായി പ്രവര്‍ത്തിക്കുന്നു. '' പ്രതിരോധശേഷിയിലും തുടര്‍ച്ചയായ പ്രവര്‍ത്തനത്തിലുമാണ് അവര്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. അതാണ് വിജയകാരണം.''-അദ്ദേഹം വിശദീകരിച്ചു.

പ്രവര്‍ത്തന രീതിയും പ്രത്യയശാസ്ത്ര ഉറപ്പുമാണ് ഹമാസിനെ ശക്തമാക്കുന്നതെന്ന് ഫലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദിന്റെ അറബ്-അന്താരാഷ്ട്ര വകുപ്പിന്റെ മേധാവിയായ ഇഹ്‌സാന്‍ അതായയും വെളിപ്പെടുത്തി.

'' 'വംശഹത്യയുടെയും പട്ടിണിയുടെയും ഇടയിലും രാഷ്ട്രീയ നിയന്ത്രണം നിലനിര്‍ത്താന്‍ ഹമാസിന് കഴിഞ്ഞു. ഏറ്റവും കഠിനമായ സാഹചര്യങ്ങളില്‍ പോലും അച്ചടക്കം നിലനിര്‍ത്താന്‍ സഹായിക്കുന്ന കര്‍ശനമായ സംഘടനാ രൂപവും ശക്തമായ സുരക്ഷാ സംവിധാനവും ഉപയോഗിച്ചാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്.''-ഇഹ്‌സാന്‍ അതായ പറഞ്ഞു.

അധിനിവേശത്തിന്റെ ആദ്യകാലങ്ങളില്‍ ബറ്റാലിയന്‍, ബ്രിഗേഡ് തലത്തിലാണ് ഹമാസ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ ഗറില്ലാ യുദ്ധത്തിലേക്ക് മാറി. തകര്‍ന്ന ഗസയിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ അവര്‍ ദളങ്ങളായാണ് പ്രവര്‍ത്തിക്കുന്നത്.

'' 2024 പകുതി മുതല്‍ ഇസ്രായേലിനെ ക്ഷീണിപ്പിക്കുക എന്ന തന്ത്രത്തിലേക്ക് മാറി. ബറ്റാലിയനുകളെ മാറ്റി മൂന്നും അഞ്ചും ഏഴും പേരുള്ള ദളങ്ങളാക്കി. അവരാണ് നഗരപ്രദേശങ്ങളില്‍ പതിയിരുന്നാക്രമണങ്ങള്‍ നടത്തുന്നത്.'' -ഡോ. മൈക്കിള്‍ മില്‍ഷ്‌തെന്‍ പറയുന്നു.

ഇസ്രായേലിന്റെ ശക്തമായ വായു, കരയാക്രമണങ്ങള്‍ക്കിടയില്‍ പോലും ഹമാസിന്റെ ഫീല്‍ഡ് കമാന്‍ഡര്‍മാര്‍ സജീവമായി പ്രവര്‍ത്തിക്കുന്നതായി ഇഹ്‌സാന്‍ അതായ ചൂണ്ടിക്കാട്ടുന്നു.

'' ഇസ്രായേലി സൈന്യം വ്യോമാധിപത്യം പുലര്‍ത്തുമ്പോഴും ഹമാസിന്റെ സൈനിക പ്രവര്‍ത്തനങ്ങള്‍ തീവ്രമായും സംഘടിതമായും തുടരുന്നു. അവരുടെ പോരാളികള്‍ പതിയിരുന്ന് ആക്രമണങ്ങള്‍ നടത്തുകയും സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിക്കുകയും ചെയ്യുന്നു. വിവിധ യൂണിറ്റുകള്‍ക്കിടയില്‍ തന്ത്രപരമായ ആശയവിനിമയം തുടരുന്നു. ഇപ്പോള്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളൊന്നും ഒറ്റപ്പെട്ടതല്ല, അവയ്ക്ക് പിന്നിലെല്ലാം സംഘാടനമുണ്ട്.''-അദ്ദേഹം വിശദീകരിച്ചു.

ഹമാസിന്റെ തുരങ്ക സംവിധാനങ്ങളാണ് അവരുടെ ചെറുത്തുനില്‍പ്പിന്റെ കേന്ദ്രമെന്ന് വിദഗ്ദരും പറയുന്നു. തുരങ്കങ്ങള്‍ വഴിയാണ് പോരാളികള്‍ സഞ്ചരിക്കുന്നത്. അവ വഴി നേതൃത്വം യൂണിറ്റുകളുമായി ബന്ധപ്പെടുന്നു. കേഡര്‍മാര്‍ക്ക് ഹമാസ് ഇപ്പോഴും സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. ഹമാസ് നിലവില്‍ സാമ്പത്തികമായി പ്രശ്‌നം നേരിടുന്നില്ലെന്ന് ഡോ. മൈക്കിള്‍ മില്‍ഷ്‌തെന്‍ പറയുന്നു. ഇസ്രായേല്‍ റഫ അതിര്‍ത്തി അടച്ചിട്ടും അവര്‍ പണവും ആയുധങ്ങളും എത്തിക്കുന്നു. ഗസയിലെ ഹമാസ് നേതൃത്വവും വിദേശത്തുള്ള ഹമാസ് നേതൃത്വവും തമ്മില്‍ മോശം ബന്ധമാണെന്ന ഇസ്രായേലിന്റെ പ്രചാരണങ്ങളെ ഡോ. മൈക്കിള്‍ മില്‍ഷ്‌തെന്‍ തള്ളുന്നു. സാമ്പത്തിക ഇടപാട്, യുദ്ധതന്ത്രം എന്നിവയില്‍ അവര്‍ ശക്തമായ ഏകോപനമാണ് നടത്തുന്നത്. തുര്‍ക്കിയിലുള്ള സാഹിര്‍ ജബാറിന്‍, ദോഹയിലുള്ള മുഹമ്മദ് ദാര്‍വിഷ് എന്നിവരാണ് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. അവര്‍ തുര്‍ക്കി, ഖത്തര്‍, ഇറാന്‍ എന്നിവിടങ്ങളിലെ ദാതാക്കളില്‍ നിന്നും പണം സംഘടിപ്പിച്ച് ഗസയില്‍ എത്തിക്കുന്നു. പണം ഗസയില്‍ എത്തിക്കാനുള്ള സംവിധാനങ്ങളും അവര്‍ക്കുണ്ട്.

ഇസ്രായേലിനെ ഒറ്റയടിക്ക് തോല്‍പ്പിക്കുക എന്ന ലക്ഷ്യം ഹമാസിനില്ലെന്നും ഡോ. മൈക്കിള്‍ മില്‍ഷ്‌തെന്‍ പറയുന്നു. ശത്രുവിനെ ക്ഷീണിപ്പിക്കുക, യുദ്ധ ചെലവ് കൂട്ടുക, സാമ്പത്തിക പ്രതിസന്ധി വര്‍ധിപ്പിക്കുക, രാഷ്ട്രീയമായും സാമ്പത്തികമായും തകര്‍ക്കുക, യുദ്ധം ചെയ്യാന്‍ പറ്റാത്ത അവസ്ഥയില്‍ അവരെ എത്തിക്കുക എന്ന ദീര്‍ഘകാല പദ്ധതിയാണ് ഹമാസിനുള്ളത്.

നിലവിലെ സാഹചര്യത്തില്‍ ഇതാണ് ഏറ്റവും മികച്ച മാര്‍ഗമെന്ന് ഇഹ്‌സാന്‍ അതായയും പറയുന്നു. '' പ്രശ്‌നപരിഹാരം രാഷ്ട്രീയ ചക്രവാളത്തില്‍ കാണാനില്ല. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നിലച്ചിരിക്കുകയാണ്. ബദല്‍ ഇല്ലാത്തതിനാല്‍ ദീര്‍ഘകാല യുദ്ധമാണ് ഹമാസിന്റെ പദ്ധതി. ഇസ്രായേലിന്റെ സ്ഥിരതയും പ്രതിഛായയും തകര്‍ക്കുക എന്നതും ലക്ഷ്യമാണ്.''-അദ്ദേഹം വിശദീകരിച്ചു.

Next Story

RELATED STORIES

Share it