Sub Lead

മതവിദ്വേഷ പ്രസംഗം: പി സി ജോര്‍ജ് പാലാരിവട്ടം പോലിസ് മുമ്പാകെ ഹാജരായി

പി സി ജോര്‍ജ്ജിനെതിരെ പ്രതിഷേധവുമായി എത്തിയ പിഡിപി പ്രവര്‍ത്തകരെ പോലിസ് അറസ്റ്റു ചെയ്തു നീക്കി.ജോര്‍ജ്ജിന് പിന്തുണയുമായി ബി ജെ പി പ്രവര്‍ത്തകര്‍

മതവിദ്വേഷ പ്രസംഗം: പി സി ജോര്‍ജ് പാലാരിവട്ടം പോലിസ് മുമ്പാകെ ഹാജരായി
X

കൊച്ചി: വെണ്ണലയില്‍ നടത്തിയ പ്രസംഗത്തില്‍ മതവിദ്വേഷ പരമാര്‍ശം നടത്തിയതിനെ തുടര്‍ന്ന് കേസെടുത്ത പാലാരിവട്ടം പോലിസ് മുമ്പാകെ പി സി ജോര്‍ജ് ഹാജരായി.ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് പി സി ജോര്‍ജ് മകന്‍ ഷോണ്‍ ജോര്‍ജിനൊപ്പം ഹാജരായത്.കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നായിരുന്നു ഹാജരാകല്‍.ഇതിനിടയില്‍ പി സി ജോര്‍ജിനെതിരെ പോലിസ് സ്‌റ്റേഷനു മുമ്പില്‍ പ്രതിഷേധവുമായെത്തിയ പി ഡി പി പ്രവര്‍ത്തകരെ പോലിസ് അറസ്റ്റു ചെയ്തു നീക്കി.

പി സി ജോര്‍ജ് പോലിസില്‍ ഹാജരാകുന്നതറിഞ്ഞാണ് ജോര്‍ജിനെതിരേ പ്രതിഷേധവുമായി പി ഡി പി പ്രവര്‍ത്തകര്‍ എത്തിയത്. പി സി ജോര്‍ജിനെ അറസ്റ്റു ചെയ്യണമെന്ന മുദ്രാവാക്യം വിളികളോടെയാണ് പ്രതിഷേധക്കാര്‍ എത്തിയത്.പിരിഞ്ഞു പോകാന്‍ ഇവരോട് പോലിസ് ആവശ്യപ്പെട്ടുവെങ്കിലും ഇതിന് തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റു ചെയ്ത് നീക്കിയത്.പിന്നാലെ പി സി ജോര്‍ജിന് ഐക്യദാര്‍ഢ്യവുമായി ബി ജെ പി പ്രവര്‍ത്തകരും പോലിസ് സ്‌റ്റേഷനു മുന്നില്‍ എത്തി.പി കെ കൃഷ്ണദാസ്,ശോഭാ സുരേന്ദ്രന്‍ തുടങ്ങിയ ബിജെപി നേതാക്കള്‍ പോലിസ് സ്‌റ്റേഷനിലെത്തിയത്.

വെണ്ണലയില്‍ നടത്തിയ പ്രസംഗത്തില്‍ മതവിദ്വേഷ പരമാര്‍ശം നടത്തിയതിനെ തുടര്‍ന്നാണ്‌ പി സി ജോര്‍ജിനെതിരെ പാലാരിവട്ടം പോലിസ് കേസെടുത്തത്.തിരുവനന്തപുരത്ത് നടത്തിയ പ്രസംഗത്തില്‍ സമാന രീതിയില്‍ ഫോര്‍ട്ട് പോലിസ് കേസെടുത്തിരുന്നു. ഇതില്‍ തിരുവനന്തപുരം കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് വെണ്ണലയിലും പി സി ജോര്‍ജ് പ്രസംഗത്തില്‍ മതവിദ്വേഷ പരാമര്‍ശം നടത്തിയത്. വെണ്ണലയിലെ പ്രസംഗത്തിന്റെ പേരില്‍ പോലിസ് കേസെടുത്തതോടെ എറണാകുളം സെഷന്‍സ് കോടതിയില്‍ ജോര്‍ജ് ജാമ്യഹരജി നല്‍കിയെങ്കിലും കോടതി ഇത് തള്ളിയിരുന്നു.ഇതേ തുടര്‍ന്നാണ് ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചത്.

സെഷന്‍സ് കോടതി ജാമ്യ ഹരജി തള്ളിയതിനു പിന്നാലെ പോലിസ് ജോര്‍ജിനെ തേടി ഈരാറ്റുപേട്ടയിലെ വീട്ടിലടക്കം പരിശോധന നടത്തിയിരുന്നുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.ജോര്‍ജിനായി അന്വേഷണം നടത്തുന്നതിനിടയിലാണ് ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.ഇതോടെ ജോര്‍ജ് ഈരാറ്റുപേട്ടയിലെ വീട്ടില്‍ എത്തിയിരുന്നു.തുടര്‍ന്നാണ് വെണ്ണല പ്രസംഗവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് പാലാരിവട്ടം പോലിസ് മുമ്പാകെ ഹാജരാകാന്‍ പി സി ജോര്‍ജ് തയ്യാറായത്.ഇതിനിടയിലാണ് തിരുവനന്തപുരം ഫോര്‍ട് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നേരത്തെ അനുവദിച്ച ജാമ്യം കോടതി റദ്ദാക്കിയത്.


Next Story

RELATED STORIES

Share it