Sub Lead

ഗ്വാണ്ടനാമോ തടങ്കല്‍പ്പാളയത്തില്‍ കുടിയേറ്റക്കാരെ പൂട്ടിയിട്ടു തുടങ്ങി; യുഎസിന് വേണ്ടി ഏതു രാജ്യക്കാരെയും ജയിലില്‍ അടയ്ക്കാന്‍ തയ്യാറെന്ന് എല്‍ സാല്‍വദോര്‍

ഗ്വാണ്ടനാമോ തടങ്കല്‍പ്പാളയത്തില്‍ കുടിയേറ്റക്കാരെ പൂട്ടിയിട്ടു തുടങ്ങി; യുഎസിന് വേണ്ടി ഏതു രാജ്യക്കാരെയും ജയിലില്‍ അടയ്ക്കാന്‍ തയ്യാറെന്ന് എല്‍ സാല്‍വദോര്‍
X

വാഷിങ്ടണ്‍: യുഎസിലെ അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോയിലെ കുപ്രസിദ്ധമായ തടങ്കല്‍പ്പാളയത്തില്‍ അടച്ചുപൂട്ടാന്‍ തുടങ്ങി. തടങ്കലില്‍ വെക്കേണ്ട കുടിയേറ്റക്കാരുമായി ആദ്യവിമാനം ഗ്വാണ്ടനാമോയിലേക്ക് പോയി. പത്തുപേരെ ഗ്വാണ്ടനാമോയിലെ തടങ്കല്‍ പാളയത്തില്‍ അടച്ചതായി യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി വക്താവ് ട്രിഷ്യ മക്‌ലോലിന്‍ അറിയിച്ചു. ഏകദേശം 30,000 പേരെ അവിടെ തടങ്കലിലാക്കാനാണ് യുഎസ് ഭരണകൂടത്തിന്റെ തീരുമാനം.

അതേസമയം, യുഎസിലെ അനധികൃത കുടിയേറ്റക്കാരെ തടവില്‍ സൂക്ഷിക്കാന്‍ തയ്യാറാണെന്ന് ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വദോറിന്റെ പ്രസിഡന്റ് നയീബ് ബുക്കേല യുഎസിനെ അറിയിച്ചു. ഏതു രാജ്യക്കാരെയും തടവില്‍ വെക്കാന്‍ സഹായിക്കാമെന്നാണ് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാര്‍ക്ക് റൂബിയോയുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം നയീബ് ബുക്കേല പറഞ്ഞിരിക്കുന്നത്. എല്‍ സാല്‍വദോറിലെ തീവ്രവാദ വിരുദ്ധ ജയിലായ സിഇസിഒടിയില്‍ കുടിയേറ്റക്കാരെ അടയ്ക്കാമെന്നാണ് വാഗ്ദാനം. ഇതിന് സാമ്പത്തിക പ്രതിഫലം നല്‍കിയാല്‍ മതിയാവും. ജനലുകളും കിടക്കകളും ഇല്ലാത്ത ജയിലിലാണ് ഇത്. സന്ദര്‍ശകരെ അനുവദിക്കുകയും ചെയില്ല.


നിയപരമായി സാധ്യതയുണ്ടെങ്കില്‍ എല്‍ സാല്‍വദോറിന്റെ വാഗ്ദാനം അംഗീകരിക്കുമെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. യുഎസില്‍ ആളുകളെ തടവില്‍ ഇടുന്നതിനേക്കാള്‍ ചെലവ് കുറവാണ് ഇതിനെന്നും തടവുകാരുടെ ശല്യം യുഎസിനുണ്ടാവില്ലെന്നും ട്രംപ് വിശദീകരിച്ചു.

2023ല്‍ എല്‍ സാല്‍വദോര്‍ സര്‍ക്കാര്‍ ആരംഭിച്ച സിഇസിഒടി ജയിലില്‍ 40,000 പേരെ തടവിലാക്കാനാവും. ഒരു സെല്ലില്‍ 65-70 പേരാണുണ്ടാവുക. തടവുകാര്‍ക്ക് ആകെ നല്‍കുക ഒരു ട്രൗസറും ഷര്‍ട്ടും മാത്രമാണ്. ഇവര്‍ക്ക് വിദ്യഭ്യാസം നല്‍കുകയോ തൊഴില്‍ പരിശീലിപ്പിക്കുകയോ ചെയ്യില്ല. മരണം വരെ ജയിലില്‍ ഇടുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സംഘടിത കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാനുള്ള നടപടിയാണ് ഇതെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. സംഘടിത കുറ്റകൃത്യങ്ങള്‍ കുറഞ്ഞതിനാല്‍ ജയിലുകളില്‍ സ്ഥലം ബാക്കിയുണ്ടെന്നും ഇതു അമേരിക്കക്കാര്‍ക്ക് ഉപയോഗിക്കാമെന്നുമാണ് എല്‍ സാല്‍വദോറിന്റെ നിലപാട്.

Next Story

RELATED STORIES

Share it