Sub Lead

കെ റെയില്‍:സര്‍വേ കുറ്റിക്ക് പകരം ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം;ഐതിഹാസിക സമര വിജയമെന്ന് വി ഡി സതീശന്‍

പദ്ധതിയില്‍ നിന്നും പിന്നോട്ട് പോയിട്ടില്ലെന്നും, സര്‍വേ രീതി മാത്രമാണ് മാറുന്നതെന്നും കെ റെയില്‍ എം ഡി അജിത് കുമാര്‍ വിശദീകരിച്ചു

കെ റെയില്‍:സര്‍വേ കുറ്റിക്ക് പകരം ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം;ഐതിഹാസിക സമര വിജയമെന്ന് വി ഡി സതീശന്‍
X

തിരുവനന്തപുരം:കെ റെയില്‍ പദ്ധതി സര്‍വേയ്ക്കായി കല്ലിടലിനു പകരം ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം.ഇതു സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി.കല്ലിടലിനെതിരേ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് നിര്‍ണ്ണായക തീരുമാനം.

സര്‍വേകള്‍ക്ക് ഇനി ജിയോ ടാഗ് ഉപയോഗിക്കണം. അല്ലെങ്കില്‍ കെട്ടിടങ്ങളില്‍ മാര്‍ക്ക് ചെയ്യണമെന്ന് ഉത്തരവില്‍ പറയുന്നു.കെ റെയില്‍ നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് നടപടി.പദ്ധതിയില്‍ നിന്നും പിന്നോട്ട് പോയിട്ടില്ലെന്നും, സര്‍വേ രീതി മാത്രമാണ് മാറുന്നതെന്നും കെ റെയില്‍ എം ഡി അജിത് കുമാര്‍ വിശദീകരിച്ചു.

പദ്ധതിയുടെ അലൈന്‍മെന്റ് നേരത്തെ ലിഡാര്‍ സര്‍വേ ഉപയോഗിച്ചു നിര്‍ണയിച്ചതാണെന്നും അതിനാല്‍ ജിപിഎസ് സംവിധാനം ഉപയോഗിച്ച് അതിര്‍ത്തി നിര്‍ണയിക്കാമെന്നും ആണ് കെറെയില്‍ റവന്യു വകുപ്പിനെ അറിയിച്ചത്. ജിയോ ടാഗിങ് സംവിധാനത്തോടെയുള്ള സോഫ്റ്റ്‌വെയര്‍ അല്ലെങ്കില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് അതിര്‍ത്തിനിര്‍ണയം നടത്താനും സ്ഥിരം നിര്‍മിതികള്‍ ഇതിനായി ഉപയോഗിക്കരുതെന്നും റവന്യു വകുപ്പ് നിര്‍ദേശിച്ചു.

സാമൂഹിക ആഘാത പഠനം നടത്തുന്ന സംഘങ്ങള്‍ക്ക് സ്ഥലം തിരിച്ചറിയാനും അലൈന്‍മെന്റ് മനസിലാക്കാനും ഡിഫറന്‍ഷ്യല്‍ ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം സംവിധാനം ഉള്ള സര്‍വേ ഉപകരണങ്ങളോ ജിപിഎസ് സംവിധാനം ഉള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനും ആവശ്യപ്പെട്ടു. ലാന്‍ഡ് റവന്യു കമ്മിഷണര്‍മാര്‍ക്കും ഭൂമി ഏറ്റെടുക്കുന്ന ജില്ലകളിലെ കലക്ടര്‍മാര്‍ക്കും കത്തിന്റെ വിശദാംശങ്ങള്‍ കൈമാറിയിട്ടുണ്ട്. റെയില്‍വേ ബോര്‍ഡില്‍ നിന്ന് പദ്ധതിക്ക് അന്തിമ അനുമതി ലഭിക്കുമ്പോള്‍ മാത്രമേ 2013ലെ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാനുള്ള പ്രാഥമിക നോട്ടിഫിക്കേഷനും തുടര്‍ന്നു സര്‍വേയും നടക്കുകയുള്ളുവെന്നും റവന്യു വകുപ്പിന്റെ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേ സമയം കെ റെയില്‍ കല്ലിടല്‍ നിര്‍ത്തിയതിനെ ഐതിഹാസിക സമര വിജയമെന്നാണ് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞത്. യുഡിഎഫും സമരസമിതിയും നടത്തിയ പ്രതിഷേധത്തിന്റെ ഒന്നാംഘട്ട വിജയമാണിത്. സര്‍ക്കാര്‍ തെറ്റ് സമ്മതിച്ചു. പ്രതിഷേധക്കാര്‍ക്കെതിരേ എടുത്ത കേസ് പിന്‍വലിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it