Sub Lead

രാഹുല്‍ പീഡിപ്പിച്ചത് തിരുവനന്തപുരത്തെ ഫ് ളാറ്റില്‍ വച്ചെന്ന് എഫ്‌ഐആര്‍

രാഹുല്‍ പീഡിപ്പിച്ചത് തിരുവനന്തപുരത്തെ ഫ് ളാറ്റില്‍ വച്ചെന്ന് എഫ്‌ഐആര്‍
X

തിരുവനന്തപുരം: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പോലിസ് ചുമത്തിയത് ഗുരുതരമായ വകുപ്പുകള്‍. ബലാത്സംഗം, നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തല്‍, മര്‍ദ്ദനം, വീടുകയറി ആക്രമിക്കല്‍, ഐടി ആക്ട് പ്രകാരമുള്ള കുറ്റങ്ങള്‍, വിശ്വാസവഞ്ചന എന്നിവയാണ് ചുമത്തിയിട്ടുള്ളത്. ഇതില്‍ ആറ് വകുപ്പുകളും ജീവപര്യന്തം കഠിനതടവ് വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ്.

ക്രൂരമായ പീഡനമാണ് രാഹുല്‍ നടത്തിയതെന്ന് യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ രേഖകള്‍ പറയുന്നു. തിരുവനന്തപുരത്തെ ഒരു ഫ്‌ലാറ്റില്‍ വച്ച് രണ്ടു തവണ ലൈംഗികമായി ബന്ധപ്പെട്ടെന്നും അത് ബലാല്‍സംഗമാണെന്നും യുവതി മൊഴി നല്‍കി.

ഈ ലൈംഗികബന്ധത്തിന്റെ ദൃശ്യങ്ങള്‍ രാഹുല്‍ ഫോണില്‍ ചിത്രീകരിച്ചെന്നും യുവതിയുടെ പരാതി പറയുന്നു. ദൃശ്യങ്ങളെ കുറിച്ച് പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അതിനുശേഷം പാലക്കാട്ടെ ഫ്‌ലാറ്റിലേക്ക് യുവതിയെ വിളിച്ചുവരുത്തി ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും ബലാത്സംഗം ചെയ്തു. പിന്നീടും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. യുവതി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ ഭീഷണി കൂടുതല്‍ രൂക്ഷമാവുകയും രാഹുല്‍ ഗര്‍ഭച്ഛിദ്രത്തിന് പ്രേരിപ്പിക്കുകയും ചെയ്തു. ഗര്‍ഭച്ഛിദ്രത്തിനുള്ള ഗുളിക യുവതിക്ക് എത്തിച്ചു നല്‍കിയത് രാഹുലിന്റെ സുഹൃത്തായ ജോബി ജോസഫ് ആണ്. ഇയാളെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. 2025 മെയ് 30നാണ് ഈ സംഭവം നടന്നത്. രാഹുലിന്റെ സുഹൃത്ത് ഗുളികയുമായി തിരുവനന്തപുരത്ത് എത്തി. കൈമനത്ത് വെച്ച് ഒരു ചുവന്ന കാറില്‍ കയറ്റി ഗുളിക കഴിപ്പിച്ചു. ഈ സമയത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍ വീഡിയോ കോളിലൂടെ ഗുളിക കഴിച്ചു എന്ന് ഉറപ്പുവരുത്തിയത്രെ.

തിരുവനന്തപുരം റൂറല്‍ എസ്പി.യുടെ നേതൃത്വത്തിലാണ് ഏകദേശം അഞ്ചര മണിക്കൂര്‍ എടുത്താണ് പരാതിക്കാരിയുടെ മൊഴിയെടുത്തത്. 20 പേജുള്ള ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ നെടുമങ്ങാട് വലിയമല പോലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തതെങ്കിലും കേസ് പിന്നീട് നേമം സ്റ്റേഷനിലേക്ക് കൈമാറി.

Next Story

RELATED STORIES

Share it