Sub Lead

ഏഴ് ജില്ലകളിലെ വിധിയെഴുത്ത് നാളെ; രാവിലെ ഏഴ് മുതല്‍ വോട്ടെടുപ്പ്

ഏഴ് ജില്ലകളിലെ വിധിയെഴുത്ത് നാളെ; രാവിലെ ഏഴ് മുതല്‍ വോട്ടെടുപ്പ്
X

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കും. വ്യാഴാഴ്ച രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ (ഗ്രാമപഞ്ചായത്ത് - 470, ബ്ലോക്ക് പഞ്ചായത്ത് - 77, ജില്ലാ പഞ്ചായത്ത് - 7, മുനിസിപ്പാലിറ്റി - 47, കോര്‍പ്പറേഷന്‍ - 3) 12391 വാര്‍ഡുകളിലേയ്ക്കാണ് (ഗ്രാമ പഞ്ചായത്ത് വാര്‍ഡ് - 9015, ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് - 1177, ജില്ലാ പഞ്ചായത്ത് വാര്‍ഡ് - 182, മുനിസിപ്പാലിറ്റി വാര്‍ഡ് - 1829, കോര്‍പ്പറേഷന്‍ വാര്‍ഡ് - 188) വോട്ടെടുപ്പ് നടക്കുന്നത്. ആകെ 1,53,37,176 വോട്ടര്‍മാരാണ് പട്ടികയിലുള്ളത് (പുരുഷന്‍മാര്‍ - 72,46,269, സ്ത്രീകള്‍ - 80,90,746, ട്രാന്‍സ്‌ജെന്‍ഡര്‍ - 161). 3,293 പ്രവാസി വോട്ടര്‍മാരും പട്ടികയിലുണ്ട്.

വ്യാഴാഴ്ച രാവിലെ ആറു മണിയോടെ പോളിങ് പ്രക്രിയകള്‍ക്ക് തുടക്കമാകും. ആറു മണിക്ക് ഹാജരുള്ള സ്ഥാനാര്‍ഥികളുടെയോ ഏജന്റുമാരുടെയോ സാന്നിധ്യത്തില്‍ മോക് പോള്‍ നടത്തും. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. വൈകീട്ട് ആറു മണിവരെ പോളിങ് സ്റ്റേഷനില്‍ വോട്ടുചെയ്യാന്‍ എത്തിയ മുഴുവന്‍ പേര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം നല്‍കും. ആറുമണിക്ക് ശേഷം ക്യൂവില്‍ നില്‍ക്കുന്നവര്‍ക്കെല്ലാം പ്രിസൈഡിങ് ഓഫീസര്‍ ഒപ്പിട്ട സ്ലിപ്പ് നല്‍കും. ഏറ്റവും അവസാനത്തെയാള്‍ക്ക് ഒന്ന് എന്ന ക്രമത്തിലാണ് സ്ലിപ്പ് നല്‍കുക. വരിയിലുള്ള എല്ലാവരും വോട്ട് ചെയ്തു കഴിയുന്നത് വരെ വേട്ടെടുപ്പ് തുടരും.

ത്രിതല പഞ്ചായത്തുകളിലേക്ക് ഒരു കണ്‍ട്രോള്‍ യൂണിറ്റും മൂന്ന് ബാലറ്റ് യൂണിറ്റുകളുമാണ് ഉണ്ടാവുക. ഗ്രാമപഞ്ചായത്തിലേക്കുള്ള ബാലറ്റ് ലേബലുകള്‍ വെള്ള നിറത്തിലും ബ്ലോക്ക് പഞ്ചായത്തിന്റേത് പിങ്ക് നിറത്തിലും ജില്ലാ പഞ്ചായത്തിന്റേത് ആകാശനീല നിറത്തിലുമായിരിക്കും. നഗരസഭകളില്‍ ഒരു ബാലറ്റ് യൂണിറ്റ് മാത്രമാണുണ്ടാവുക.

കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷന്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ്, സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷന്‍ നല്‍കിയ വോട്ടേഴ്‌സ് സ്ലിപ്പ് (തിരിച്ചറിയല്‍ രേഖ), കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നല്‍കുന്ന ഓഫീസ് തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്.എസ്.എല്‍.സി ബുക്ക്, തെരഞ്ഞെടുപ്പ് തീയതിക്ക് കുറഞ്ഞത് ആറു മാസം മുമ്പ് നല്‍കിയ ഏതെങ്കിലും ദേശസാല്‍കൃത ബാങ്കിന്റെ ഫോട്ടോ പതിച്ച പാസ്ബുക്ക് എന്നീ രേഖകള്‍ വോട്ട് ചെയ്യാന്‍ ഉപയോഗപ്പെടുത്താം.

Next Story

RELATED STORIES

Share it