Sub Lead

പാലക്കാട്ടെ ആള്‍ക്കൂട്ട കൊലപാതകം; ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

പാലക്കാട്ടെ ആള്‍ക്കൂട്ട കൊലപാതകം; ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
X

പാലക്കാട്: ബംഗ്ലാദേശിയെന്നാരോപിച്ച് ഛത്തീസ്ഗഢ് സ്വദേശി രാം നാരായനെ (31) ആള്‍ക്കൂട്ടം തല്ലിക്കൊന്ന കേസില്‍ ജില്ലാ ക്രൈംബ്രാഞ്ച് പ്രാഥമികാന്വേഷണം തുടങ്ങി. കൊലപാതകം നടന്ന സ്ഥലം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. വാളയാര്‍ അട്ടപ്പള്ളത്ത് ബുധനാഴ്ചയാണ് രാംനാരായണ്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ അറസ്റ്റിലായ അട്ടപ്പള്ളം മഹാളിക്കാട് സ്വദേശികളായ സി പ്രസാദ് (34), സി മുരളി (38), കിഴക്കേ അട്ടപ്പള്ളം സ്വദേശികളായ കെ ബിബിന്‍ (30), അനന്തന്‍ (55), അട്ടപ്പള്ളം കല്ലങ്കാട് എ അനു (38) എന്നിവര്‍ റിമാന്‍ഡിലാണ്. ഇതില്‍ നാലുപേരും സജീവ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ്.

മുരളി, അനു എന്നിവര്‍ 15 വര്‍ഷം മുന്പ് സിഐടിയു-ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ പ്രതികളാണ്. കേസ് ഇപ്പോഴും വിചാരണയിലാണ്. പ്രതികളെ കോടതിയില്‍ എത്തിച്ചപ്പോള്‍ കാണാന്‍ വന്നവരും ബിജെപി പ്രവര്‍ത്തകരായിരുന്നു. എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിനെ കൊന്നകേസിലെ പ്രതിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ ആര്‍ ജിനീഷും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

പ്രതികളുടേതുള്‍പ്പെടെ സ്ഥലത്തുണ്ടായിരുന്നവരുടെ ഫോണുകള്‍ പോലിസ് പിടിച്ചെടുത്തിട്ടുണ്ട്. ഫോണുകളില്‍നിന്നു ശേഖരിക്കുന്ന വിവരങ്ങള്‍ വെച്ച് കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളും. 15 പേരെങ്കിലും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് നിഗമനം. സ്ത്രീകളും സംഘത്തിലുണ്ടെന്നാണ് വിവരം. ഇവിടെ പ്രാദേശിക വാട്സാപ്പ് ഗ്രൂപ്പുകളില്‍ പങ്കുവെച്ചിരുന്ന വീഡിയോകള്‍ ഫോണുകള്‍ പിടിച്ചെടുക്കുന്നതിനു മുന്‍പുതന്നെ ഡിലീറ്റ് ചെയ്യപ്പെട്ടിരുന്നതായാണു വിവരം. വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനെയടക്കം ചോദ്യം ചെയ്യും. ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചവര്‍ക്കെതിരേയും കേസെടുത്തേക്കും.

രാം നാരായണിന്റെ ഭാര്യയും മക്കളും ഇന്ന് കേരളത്തിലെത്തും. നിലവില്‍ തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സംസ്‌കരിക്കുന്ന കാര്യത്തില്‍ അതിനുശേഷമായിരിക്കും തീരുമാനം.

Next Story

RELATED STORIES

Share it