Sub Lead

അമ്മ പുഴയില്‍ എറിഞ്ഞ് കൊന്ന കുഞ്ഞ് ഒരു വര്‍ഷത്തിലധികം പീഡനത്തിനിരയായെന്ന് പോലിസ്

അമ്മ പുഴയില്‍ എറിഞ്ഞ് കൊന്ന കുഞ്ഞ് ഒരു വര്‍ഷത്തിലധികം പീഡനത്തിനിരയായെന്ന് പോലിസ്
X

കൊച്ചി: അമ്മ പുഴയില്‍ എറിഞ്ഞ് കൊന്ന മൂന്നര വയസുകാരി കഴിഞ്ഞ ഒരു വര്‍ഷമായി പീഡനത്തിന് ഇരയായിരുന്നുവെന്ന് പോലിസ്. പീഡനത്തിന് കുട്ടിയുടെ പിതാവിന്റെ അടുത്തബന്ധുവിനെ അറസ്റ്റ് ചെയ്ത പോലിസിന് ഇക്കാര്യത്തില്‍ അമ്മയ്ക്ക് അറിവുണ്ടായിരുന്നോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല. പീഡന വിവരം സംബന്ധിച്ച ഒന്നും ഇതുവരെ അമ്മ പോലിസിനോട് പറഞ്ഞിട്ടില്ല. കുട്ടിയുടെ മാതാപിതാക്കള്‍ തമ്മിലുള്ള അസ്വാരസ്യം മൂലം കുടുംബാന്തരീക്ഷം കുത്തഴിഞ്ഞ നിലയിലായിരുന്നെന്ന് പോലിസ് കണ്ടെത്തിയിട്ടുണ്ട്. ഇത് പ്രതി മുതലെടുക്കുകയായിരുന്നുവെന്നാണ് പോലിസ് കരുതുന്നത്.

മകളെ പുഴയില്‍ എറിഞ്ഞു കൊന്നെന്ന് കുറ്റസമ്മതം നടത്തിയ അമ്മയെ റിമാന്‍ഡ് ചെയ്യാന്‍ ചെങ്ങമനാട് സ്‌റ്റേഷനില്‍ നിന്നു കൊണ്ടുപോയതിനു ശേഷമാണു പീഡനം സംബന്ധിച്ച പോസ്റ്റ്‌മോര്‍ട്ടത്തിലെ നിഗമനങ്ങള്‍ പോലിസ് അറിഞ്ഞത്. ഇതോടെ അമ്മയെ സ്‌റ്റേഷനിലേക്ക് തിരികെ കൊണ്ടുവന്ന് ഒരു മണിക്കൂര്‍ ചോദ്യം ചെയ്തു. ഈ ചോദ്യം ചെയ്യലാണു കേസിനു വഴിത്തിരിവുണ്ടാക്കിയ അറസ്റ്റിലേക്ക് നീങ്ങിയത്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പുത്തന്‍കുരിശ് പൊലിസ് അടുത്ത ബന്ധുക്കളെ നിരീക്ഷിക്കാന്‍ തുടങ്ങിയിരുന്നു. കുഞ്ഞുമായി അടുത്ത് ഇടപഴകിയവരെ സംസ്‌കാര ചടങ്ങുകള്‍ക്കിടയിലും നിരീക്ഷിച്ചു. കുഞ്ഞ് താമസിച്ചിരുന്ന ചെറിയ വീട്ടില്‍ മാതാപിതാക്കള്‍ക്കു പുറമേ ഏകസഹോദരനും ഉണ്ടായിരുന്നെങ്കിലും കുടുംബത്തിലെ പ്രശ്‌നങ്ങള്‍ കാരണം കുട്ടികള്‍ രണ്ടുപേരും പലപ്പോഴും തൊട്ടടുത്തുള്ള കുടുംബവീട്ടിലാണ് തങ്ങിയിരുന്നത്. മുത്തച്ഛനും മുത്തശ്ശിക്കും പുറമേ പിതാവിന്റെ അവിവാഹിതരായ രണ്ടു സഹോദരന്മാരാണ് അവിടെ താമസിച്ചിരുന്നത്.

കൊല്ലപ്പെടുന്നതിന് 24 മണിക്കൂര്‍ മുന്‍പു പോലും പീഡനം നടന്നതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞതിനെത്തുടര്‍ന്ന് കുട്ടിയോട് ആ സമയം അടുത്തിടപഴകിയവരിലേക്കുള്ള അന്വേഷണമാണ് അടുത്ത ബന്ധുവിലേക്ക് എത്തിയത്. സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതിനാല്‍ പുത്തന്‍കുരിശ് പൊലിസിനു പ്രതിയെ കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ കഴിഞ്ഞില്ല. എന്നാല്‍ ചടങ്ങുകള്‍ക്കു ശേഷം പ്രതി കടന്നുകളയുന്നത് തടയാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിരുന്നു.

ചടങ്ങുകള്‍ അവസാനിച്ച ശേഷം മൂന്നു ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. ഇതിനൊപ്പമാണു പ്രതിയെയും പൊലിസ് ചോദ്യം ചെയ്തത്. 19നാണു കൊലപാതകം നടന്നത്. കുട്ടിയെ പീഡിപ്പിച്ച പ്രതിയെ 20നു രാത്രിയോടെ പൊലീസ് ഏതാണ്ടു തിരിച്ചറിഞ്ഞെങ്കിലും അറസ്റ്റ് ഒഴിവാക്കി. പ്രതിയെ മാത്രം പിറ്റേന്നു രാവിലെ വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്തു. അപ്രതീക്ഷിതമായ ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ പ്രതി കുറ്റസമ്മതം നടത്തി. കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാന്‍ ഫൊറന്‍സിക് സംഘം കുട്ടിയും പ്രതിയും താമസിച്ചിരുന്നു വീടുകളിലെത്തി. പ്രതിയുടെ വസ്ത്രങ്ങളും കുട്ടിയുടെ ഉടുപ്പുകള്‍, കിടക്കവിരി എന്നിവയും പരിശോധനയ്ക്കു വേണ്ടി ശേഖരിച്ചു.

Next Story

RELATED STORIES

Share it