Sub Lead

അരുണാചലില്‍ ചൈനീസ് കൈയേറ്റമില്ലെന്ന് കേന്ദ്രം: കെട്ടിങ്ങള്‍ ബീജിങ് ജനതാ പാര്‍ട്ടി നിര്‍മിച്ചതാണോയെന്ന് മല്ലികാര്‍ജുന്‍ ഗാർഖെ

അരുണാചല്‍ പ്രദേശിലെ ഷിയോമി ജില്ലയില്‍ കെയേറ്റം നടത്തി ചൈന 60 കെട്ടിടങ്ങള്‍ നിര്‍മിച്ചതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. സാറ്റലൈറ്റ് ചിത്രങ്ങള്‍ പ്രകാരം 2019 ല്‍ ഈ കെട്ടിടങ്ങളുണ്ടായിരുന്നില്ല.

അരുണാചലില്‍ ചൈനീസ് കൈയേറ്റമില്ലെന്ന് കേന്ദ്രം: കെട്ടിങ്ങള്‍ ബീജിങ് ജനതാ പാര്‍ട്ടി നിര്‍മിച്ചതാണോയെന്ന് മല്ലികാര്‍ജുന്‍ ഗാർഖെ
X

ന്യൂഡല്‍ഹി: അരുണാചലില്‍ ചൈനീസ് സൈന്യം അതിര്‍ത്തി കൈയേറി നിര്‍മിച്ച വീടുകള്‍ ബീജിങ് ജനതാ പാര്‍ട്ടി പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിര്‍മിച്ചതാണോയെന്ന് കളിയാക്കി രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഗാർഖെ. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ കൈയേറ്റം നടന്നിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നുഴഞ്ഞുകയറ്റം നടന്നിട്ടില്ലെങ്കില്‍ ഗല്‍വാനിലൊന്നും സംഭവിച്ചിട്ടില്ലെന്നും നമ്മുടെ സൈനികര്‍ മരിച്ചിട്ടില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. അരുണാചല്‍ പ്രദേശിലെ ഷിയോമി ജില്ലയില്‍ കെയേറ്റം നടത്തി ചൈന 60 കെട്ടിടങ്ങള്‍ നിര്‍മിച്ചതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. സാറ്റലൈറ്റ് ചിത്രങ്ങള്‍ പ്രകാരം 2019 ല്‍ ഈ കെട്ടിടങ്ങളുണ്ടായിരുന്നില്ല. ഒരു വര്‍ഷം കൊണ്ടാണ് കെട്ടിടങ്ങള്‍ നിലവില്‍ വന്നത്. നേരത്തെ അരുണാചല്‍പ്രദേശില്‍ തന്നെ ചൈന ഭൂമി കൈയേറി ഒരു ഗ്രാമം നിര്‍മിച്ചിരുന്നു. ഇതില്‍ നിന്ന് 93 കിലോമീറ്റര്‍ കിഴക്കായാണ് പുതിയ കൈയേറ്റം. ചൈനയുടെ കൈയേറ്റം അമേരിക്കന്‍ പ്രതിരോധ കാര്യാലയമായ പെന്റഗണ്‍ സ്ഥിരീകരിച്ചിരുന്നു. യഥാര്‍ഥ നിയന്ത്രണരേഖയ്ക്കും അന്താരാഷ്ട്ര അതിര്‍ത്തിക്കും ഇടയില്‍ ഇന്ത്യ അവകാശവാദമുന്നയിക്കുന്ന പ്രദേശത്താണ് ചൈനയുടെ പുതിയ നിര്‍മാണം.


2020 ല്‍ ഗല്‍വാനില്‍ ചൈനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ മരിച്ചിരുന്നു. ഒരു കേണലും മൂന്നു വീതം സുബേദാര്‍മാരും ഹവില്‍ദാര്‍മാരും ഒരു നായ്ക്കും 12 ശിപായിമാരുമാണുണ്ടായിരുന്നത്. അരുണാചല്‍ പ്രദേശിലെ അതിര്‍ത്തിയില്‍ 1975 ല്‍ ഇന്ത്യാ-ചൈന സംഘര്‍ഷത്തില്‍ നാലു അസം റൈഫിള്‍ ഭടന്മാര്‍ കൊല്ലപ്പെട്ട ശേഷം ഇതാദ്യമായാണ് ചൈനീസ് സേനയുടെ ആക്രമണത്തില്‍ ഇത്രയധികം ഇന്ത്യന്‍ സൈനികര്‍ മരിക്കുന്നത്. നിരവധി ചൈനീസ് സൈനികരെ ഇന്ത്യ വധിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ നദിയോട് ചേര്‍ന്നുള്ള ഇന്ത്യന്‍ പ്രദേശങ്ങളിലേക്ക് 2020 മെയ് അഞ്ചിന് അയ്യായിരത്തോളം ചൈനീസ് സൈനികര്‍ അതിക്രമിച്ച് കയറിയിരുന്നു. മെയ് 12ന് പാങോങിലെ ലേക്ക് സെക്ടറിലെ തര്‍ക്ക പ്രദേശങ്ങളിലും സമാനമായ അതിക്രമങ്ങളുണ്ടായി. സമാനമായ തോതില്‍ ഇന്ത്യയും സൈനിക നീക്കം നടത്തി. ലഡാക്കിന് പുറമേ സിക്കിം, ഉത്തര്‍പ്രദേശ്, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചൈനീസ് അതിര്‍ത്തികളിലും ഇന്ത്യ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിരുന്നു. അരുണാചലിലെ കയ്യേറ്റം മാസങ്ങള്‍ക്ക് മുമ്പേ ചര്‍ച്ചയായിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറായിരുന്നില്ല.

Next Story

RELATED STORIES

Share it