Sub Lead

ബില്‍ജിത്തിന്റെ ഹൃദയം 13കാരിയില്‍ തുടിച്ചു, 48 മണിക്കൂര്‍ നിര്‍ണായകം

ബില്‍ജിത്തിന്റെ ഹൃദയം 13കാരിയില്‍ തുടിച്ചു, 48 മണിക്കൂര്‍ നിര്‍ണായകം
X

കൊച്ചി: അങ്കമാലി സ്വദേശി ബില്‍ജിത്തിന്റെ ഹൃദയം ഇനി കൊല്ലം അഞ്ചല്‍ സ്വദേശിയായ പതിമൂന്നുകാരിയില്‍ സ്പന്ദിക്കും. ലിസി ആശുപത്രിയില്‍ നടന്ന ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഇന്നു വെളുപ്പിനെ 6.30ഓടെ പൂര്‍ത്തിയായി. പുലര്‍ച്ചെ ഒരു മണിയോടെ അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയില്‍ നിന്നും ഹൃദയവുമായി തിരിച്ച ആംബുലന്‍സ് 20 മിനിറ്റ് കൊണ്ട് ലിസി ആശുപത്രിയില്‍ എത്തി. 1.25 ന് ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തില്‍ ശസ്ത്രക്രിയ ആരംഭിച്ചു. 3.30ന് ഹൃദയം കുട്ടിയില്‍ സ്പന്ദിച്ച് തുടങ്ങി.

ഇന്നലെ വൈകിട്ട് ഏഴു മണിക്കാണ് വന്ദേഭാരത് എക്‌സ്പ്രസില്‍ അച്ഛനും അമ്മയ്ക്കുമൊപ്പം 13കാരി എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെത്തിയത്. അവിടെ നിന്ന് ആശുപത്രിയില്‍ എത്തി. റോഡപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച, അങ്കമാലി മള്ളുശ്ശേരി പാലമറ്റത്ത് ബിജുവിന്റെയും ലിന്റയുടേയും മകന്‍ ബില്‍ജിത്തിന്റെ ഹൃദയമാണ് 13കാരിക്കു വേണ്ടി കണ്ടെത്തിയത്. മണിക്കൂറുകള്‍ നീണ്ട പരിശോധനകള്‍ക്കൊടുവില്‍ ഹൃദയം ഏറ്റുവാങ്ങാന്‍ പെണ്‍കുട്ടിയുടെ ശരീരം സജ്ജമാണെന്ന് ഉറപ്പാക്കിയതോടെ ഡോക്ടര്‍മാരുടെ സംഘം അങ്കമാലിയിലേക്ക്. അവിടെയെത്തി ബില്‍ജിത്തിന്റെ ശരീരത്തില്‍ അവസാനവട്ട പരിശോധനകള്‍. വെള്ളിയാഴ്ച മസ്തിഷ്‌കമരണം സംഭവിച്ച ബില്‍ജത്തിന്റെ ഹൃദയവുമായി കൊച്ചിയിലേക്ക്. തുടര്‍ന്ന് ആരംഭിച്ച ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് വെളുപ്പിന് ആറരയോടെ അവസാനിച്ചത്.

കാലടി ആദിശങ്കര എന്‍ജിനിയറിങ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു ബില്‍ജിത്ത്. ഈ മാസം രണ്ടിനു രാത്രി അത്താണി കരിയാട് വച്ച് ബൈക്കില്‍ ലോറി ഇടിച്ച് ബില്‍ജിത്തിനെ ആശുപത്രിയിലെത്തിക്കുന്നത്. തലയ്ക്ക് ഗുരുതരമായ പരുക്കേറ്റ ബില്‍ജിത്തിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും വെള്ളിയാഴ്ച മസ്തിഷ്‌കമരണം സംഭവിച്ചു.

Next Story

RELATED STORIES

Share it