Sub Lead

മുന്‍ കാമുകന്റെ ഭാര്യയുടെ ശരീരത്തില്‍ എച്ച്‌ഐവി കുത്തിവച്ചു; യുവതിയടക്കം നാലുപേര്‍ അറസ്റ്റില്‍

മുന്‍ കാമുകന്റെ ഭാര്യയുടെ ശരീരത്തില്‍ എച്ച്‌ഐവി കുത്തിവച്ചു; യുവതിയടക്കം നാലുപേര്‍ അറസ്റ്റില്‍
X

കുര്‍ണൂല്‍: വനിതാ ഡോക്ടറുടെ ശരീരത്തില്‍ എച്ച്‌ഐവി അടങ്ങിയ രക്തം കുത്തിവച്ച നാലുപേര്‍ അറസ്റ്റില്‍. ആന്ധ്രപ്രദേശിലെ കുര്‍ണൂലിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. സ്വകാര്യമെഡിക്കല്‍ കോളജില്‍ അസിസ്റ്റന്റ് പ്രഫസറായ ഡോക്ടറാണ് ആക്രമണത്തിന് ഇരയായത്. ഇവരുടെ ഭര്‍ത്താവ് മറ്റൊരു ആശുപത്രിയില്‍ ജനറല്‍ സര്‍ജനാണ്. ഇയാളുമായി മുമ്പ് ബന്ധമുണ്ടായിരുന്ന സ്ത്രീയും കൂട്ടുകാരിയും മക്കളുമാണ് അറസ്റ്റിലായിട്ടുള്ളത്. ബി ബോയ വസുന്ധര (34), നഴ്‌സായി ജോലി ചെയ്യുന്ന കോങ്ങെ ജ്യോതി(40), ജ്യോതിയുടെ പ്രായപൂര്‍ത്തിയാവാത്ത രണ്ടു മക്കള്‍ എന്നിവരാണ് പ്രതികള്‍. അപകടരമായ മാര്‍ഗം വഴി പരിക്കേല്‍പ്പിക്കുക, തടഞ്ഞുവയ്ക്കുക, ജീവന് ഭീഷണിയായ രോഗം പടര്‍ത്താന്‍ കാരണമായ പ്രവൃത്തി തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെന്ന് പോലിസ് അറിയിച്ചു.

തന്റെ മുന്‍ കാമുകന്‍ അടുത്തിടെ വിവാഹിതനായെന്ന് ബോയ വസുന്ധരയ്ക്ക് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് മുന്‍ കാമുകന്റെ ഭാര്യയെ അപായപ്പെടുത്താന്‍ തീരുമാനിച്ചു. ഇതിനായി തന്റെ സുഹൃത്തും നഴ്‌സുമായ കോങ്ങെ ജ്യോതി വഴി എച്ച്‌ഐവി അടങ്ങിയ രക്തം സംഘടിപ്പിച്ചു. കുര്‍ണൂല്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഒരു എയ്ഡ്‌സ് രോഗിയുടെ രക്തമാണ് ശേഖരിച്ചത്. ഗവേഷണത്തിന് വേണ്ടിയാണെന്നാണ് ആശുപത്രിയില്‍ ജ്യോതി പറഞ്ഞത്. പിന്നീട് അത് വസുന്ധരയുടെ വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ചു.

ജനുവരി ഒമ്പതിന് വനിതാ ഡോക്ടര്‍ ജോലി കഴിഞ്ഞ് സ്‌കൂട്ടിയില്‍ വീട്ടിലേക്ക് വരുമ്പോള്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ അവരെ തട്ടിയിട്ടു. നിലത്തുവീണ ഡോക്ടറെ സഹായിക്കാനെന്ന വ്യാജേന പ്രതികള്‍ അടുത്തെത്തി. ആശുപത്രിയില്‍ കൊണ്ടുപോവാമെന്ന് പറഞ്ഞ് ഓട്ടോറിക്ഷയില്‍ കയറ്റി എച്ച്‌ഐവി കലര്‍ന്ന രക്തം കുത്തിവച്ചു. ഇതിനെ ഡോക്ടര്‍ ചോദ്യം ചെയ്തതോടെ പ്രതികള്‍ രക്ഷപ്പെട്ടു. പ്രതികള്‍ രക്ഷപ്പെട്ട വാഹനത്തിന്റെ നമ്പര്‍ ഡോക്ടര്‍ എഴുതി സൂക്ഷിച്ചു. ഇതാണ് പ്രതികളെ പിടിക്കാന്‍ സഹായകമായത്. ഡോക്ടറുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ചികില്‍സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു. ശരീരത്തിന് പുറത്ത് രക്തത്തിലെ എച്ച്‌ഐവിക്ക് അധികസമയം അതിജീവിക്കാന്‍ കഴിയില്ലെന്നതാണ് കാരണം. ഫ്രിഡ്ജില്‍ സൂക്ഷിച്ചാലും രക്തത്തിലെ എച്ച്‌ഐവികള്‍ നശിക്കും. എന്നിരുന്നാലും മ്യൂട്ടേഷന്‍ പിരീഡായ മൂന്നാഴ്ച വരെ ശ്രദ്ധിക്കാന്‍ നിര്‍ദേശം നല്‍കി.

Next Story

RELATED STORIES

Share it