Sub Lead

അമ്പിളിയുടെ കൊലപാതകം; ഭര്‍ത്താവും പെണ്‍സുഹൃത്തും കുറ്റക്കാര്‍; തെളിവായത് കഴുത്തിലെ 'തടിക്കെട്ട്'

അമ്പിളിയുടെ കൊലപാതകം; ഭര്‍ത്താവും പെണ്‍സുഹൃത്തും കുറ്റക്കാര്‍; തെളിവായത് കഴുത്തിലെ തടിക്കെട്ട്
X

മാവേലിക്കര: നൂറനാട് മറ്റപ്പള്ളി ഉളവുക്കാട് ആദര്‍ശ് ഭവനില്‍ അമ്പിളി (36)യെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് സുനില്‍ കുമാര്‍ (46), പെണ്‍സുഹൃത്ത് മറ്റപ്പള്ളി ഉളവുക്കാട് ശ്രീരാഗ് ഭവനം വീട്ടില്‍ ശ്രീലത (53) എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. അമ്പിളിയെ കെട്ടിത്തൂക്കാന്‍ കഴുത്തില്‍ കെട്ടിയ കെട്ടാണ് സുനിലിന് കുരുക്കായത്. ദൃക്‌സാക്ഷികളോ തെളിവുകളോ ഇല്ലാതിരുന്ന കേസില്‍, സുനില്‍ അമ്പിളിയുടെ കഴുത്തില്‍ കയര്‍ ഉപയോഗിച്ചു കെട്ടിയ കുരുക്കാണു പോലീസിനു പിടിവള്ളിയായത്. തടി വലിക്കാന്‍ ഉപയോഗിക്കുന്ന വടംകെട്ടുന്ന കയറാണ് അമ്പിളിയുടെ കഴുത്തില്‍ കാണപ്പെട്ടത്. സാധാരണ ആത്മഹത്യ ചെയ്യുന്നവരുടെ രീതിയിലായിരുന്നില്ല കഴുത്തിലെ കുരുക്ക്. മരംവെട്ടു തൊഴിലാളിയായ സുനില്‍ തടിയില്‍ കെട്ടുന്ന മാതൃകയില്‍ ആയിരുന്നു അമ്പിളിയുടെ കഴുത്തില്‍ കയര്‍ കെട്ടിയത്. ഈ കെട്ടാണു സംശയത്തിന് ഇടയാക്കിയത്.2018 മേയ് 27നാണ് വീടിന്റെ സ്‌റ്റെയര്‍കെയ്‌സിന് അടിയിലുള്ള ഹുക്കില്‍ തൂങ്ങിമരിച്ച നിലയില്‍ അമ്പിളിയെ കണ്ടെത്തിയത്.

അമ്പിളിയെ കെട്ടിത്തൂക്കിയ ശേഷം വീടിനു സമീപത്തുള്ള കടയില്‍ പോയി തിരികെയെത്തിയ സുനില്‍ മരണം ഉറപ്പിച്ചു. തുടര്‍ന്ന് സമീപവാസിയായ സ്ത്രീയോട് അമ്പിളി തൂങ്ങി മരിച്ചതായി പറഞ്ഞു. സമീപത്തുള്ളവരുടെ സഹായത്തോടെ അമ്പിളിയെ കെട്ടഴിച്ച് ഇറക്കി അടൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചതോടെ അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു. ശ്രീലതയ്‌ക്കൊപ്പം ജീവിക്കുന്നതിനായി അമ്പിളിയെ ആക്രമിച്ചു ബോധം കെടുത്തിയ ശേഷം സുനില്‍ കുമാര്‍ കയര്‍ കഴുത്തില്‍ കുരുക്കി കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്നാണു കേസ്. ശ്രീലതയുടെ പ്രേരണയിലാണു കൊലപാതകം ചെയ്തതെന്നും കണ്ടെത്തിയിരുന്നു. ഇരുവരും കുറ്റക്കാരാണെന്ന് അഡിഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി പി.ജി.ശ്രീദേവി വിധിച്ചു. ശിക്ഷ 12നു വിധിക്കും.

Next Story

RELATED STORIES

Share it