Sub Lead

കുട്ടികള്‍ അടക്കം 48 ആദിവാസികളെ അടിമപ്പണിയില്‍ നിന്നും മോചിപ്പിച്ചു; ഒരാള്‍ക്കെതിരേ കേസ്

കുട്ടികള്‍ അടക്കം 48 ആദിവാസികളെ അടിമപ്പണിയില്‍ നിന്നും മോചിപ്പിച്ചു; ഒരാള്‍ക്കെതിരേ കേസ്
X

പൂനെ: കുട്ടികള്‍ അടക്കം 48 ആദിവാസികളെ അടിമപ്പണിയില്‍ നിന്നും മോചിപ്പിച്ചു. ഇവരെ കൊണ്ട് പണിയെടുപ്പിച്ച ചാര്‍ക്കോള്‍ ഫാക്ടറി ഉടമക്കെതിരെ കേസെടുത്തു. തൊഴിലാളി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എസ്എസ് എന്ന സംഘടനയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇവര്‍ക്ക് മോചനം ലഭിച്ചത്. പൂനെയിലെ ഇന്ദാപൂരിലെ ചാര്‍ക്കോള്‍ നിര്‍മാണ ഫാക്ടറിയില്‍ ഇവരെ പൂട്ടിയിട്ട് പണിയെടുപ്പിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. കട്കരി ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവരാണ് 48 പേരും. ചാര്‍ക്കോള്‍ ഫാക്ടറി ഉടമ ഷഹാജി ബാപു ബന്ദാല്‍ക്കര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി ആദിവാസികളെ പൂട്ടിയിട്ട് പണിയെടുപ്പിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം മറ്റൊരു ഫാക്ടറിയില്‍ നിന്നും മോചിപ്പിക്കപ്പെട്ട കൃഷ്ണ ജാദവ് എന്ന യുവാവില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിഷയത്തില്‍ ഇടപെട്ടതെന്ന് എസ്എസ് എന്ന സംഘടനയുടെ നേതാവായ ഗോകുല്‍ ഹിലാം പറഞ്ഞു. ഗോകുല്‍ ഹിലാം അടക്കമുള്ളവര്‍ ഫാക്ടറിയില്‍ നടത്തിയ പരിശോധനയിലാണ് ക്രൂരമായ ചൂഷണം കണ്ടെത്തിയത്. രാവിലെ നാലു മണിക്ക് തുടങ്ങുന്ന പണി രാത്രി 12 വരെ ചെയ്യണമായിരുന്നു. എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ പട്ടികകള്‍ കൊണ്ടുമര്‍ദ്ദിക്കും. ആഴ്ച്ചയില്‍ 800 രൂപയാണ് കൂലിയായി നല്‍കിയിരുന്നത്. നിത്യോപയോഗ സാധനങ്ങള്‍ ഷഹാജി ബാപു ബന്ദാല്‍ക്കറുടെ കടയില്‍ നിന്നു തന്നെ വാങ്ങണമായിരുന്നു. തുടര്‍ന്ന് ഏതാനും പേരെ മോചിപ്പിച്ച ശേഷം അക്‌ലുജ് പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. അടിമത്തൊഴില്‍ ഇല്ലാതാക്കല്‍ നിയമപ്രകാരമാണ് പോലിസ് കേസെടുത്തിരിക്കുന്നത്. പട്ടികജാതി-പട്ടികവര്‍ഗങ്ങളെ പീഡിപ്പിക്കുന്നത് തടയുന്നത് പ്രകാരമുള്ള നിയമം കേസില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഗോകുല്‍ ഹിലാം പറഞ്ഞു.

Next Story

RELATED STORIES

Share it