Sub Lead

രേഷ്മയുടെ ആത്മഹത്യ; ബ്ലേഡ് മാഫിയക്ക് പങ്കെന്ന് കുടുംബം

രേഷ്മയുടെ ആത്മഹത്യ; ബ്ലേഡ് മാഫിയക്ക് പങ്കെന്ന് കുടുംബം
X

സുല്‍ത്താന്‍ബത്തേരി: ഇസ്രായേലില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച ജിനേഷിന്റെ ഭാര്യ രേഷ്മയുടെ ആത്മഹത്യക്കുപിന്നില്‍ ബ്ലേഡ് മാഫിയക്ക് പങ്കെന്ന് ആരോപിച്ച് കുടുബം. രേഷ്മയുടെ അമ്മ ഷൈല ബത്തേരി പോലിസില്‍ പരാതിനല്‍കി.

രേഷ്മയുടെ ഭര്‍ത്താവ്‌ പഴുപ്പത്തൂര്‍ സ്വദേശി പെലക്കുത്ത് ജിനേഷ് സുകുമാരന്‍ കഴിഞ്ഞ ജൂലൈ നാലിന് ഇസ്രയേലില്‍ മരണപ്പെട്ടെന്ന് ഷൈലയുടെ പരാതി പറയുന്നു. മരണവിവരങ്ങളൊന്നും ഇതുവരെ വെളിവായിട്ടില്ല. ഇതിനുപിന്നാലെ ഡിസംബര്‍ 30-ന് മകള്‍ രേഷ്മയും ആത്മഹത്യചെയ്തു. മെഡിക്കല്‍ മേഖലയില്‍ ജോലിചെയ്തിരുന്ന ജിനേഷ് കൊറോണക്കാലത്ത് കടുത്ത സാമ്പത്തികബാധ്യതയുണ്ടായതിനെത്തുടര്‍ന്ന് പഴുപ്പത്തൂര്‍ സ്വദേശികളായ സഹോദരന്മാരില്‍നിന്ന് അഞ്ചുശതമാനം പലിശയില്‍ 20 ലക്ഷം രൂപ കടമായി വാങ്ങിയിരുന്നു. വ്യവസ്ഥയ്ക്കുവിധേയമായി നാല് ബ്ലാങ്ക് ചെക്ക്ലീഫുകളും സ്റ്റാമ്പ് പേപ്പറുകളുമടക്കം സെക്യൂരിറ്റിയായി നല്‍കി. തുടര്‍ന്ന് 14,76,961 രൂപ ഇവര്‍ നിര്‍ദേശിച്ച ചുള്ളിയോട് സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കി. ബാക്കിതുകയും പലിശയുംചേര്‍ത്ത് പലതവണയായി നല്‍കിയതായും ജിനേഷ് പറഞ്ഞിട്ടുണ്ട്.

പിന്നീട് ചുള്ളിയോട് സ്വദേശി തനിക്ക് പണംകിട്ടാനുണ്ടെന്ന് പരാതിപ്പെട്ട് ജിനേഷിന്റെപേരില്‍ 20 ലക്ഷം രൂപയുടെ ചെക്കുപയോഗിച്ച് എറണാകുളത്ത് കേസ് ഫയല്‍ചെയ്തു. പഴുപ്പുത്തൂര്‍ സ്വദേശികളിലൊരാള്‍ മറ്റൊരുചെക്ക് ഉപയോഗിച്ച് 20 ലക്ഷം രൂപയ്ക്ക് ബത്തേരി കോടതിയിലും കേസ് ഫയല്‍ചെയ്തു. കൂടാതെ ജിനേഷിന്റെപേരില്‍ കോളിയാടിയിലുണ്ടായിരുന്ന വീട് അന്യായം ഫയല്‍ചെയ്ത് അറ്റാച്ച്‌ചെയ്ത് വെച്ചിരിക്കുകയുമാണ്.

തന്റെയും പത്തുവയസ്സുള്ള മകളുടെയും ഏക ആശ്രയമായ വീട് നഷ്ടമായതിന്റെ മാനസികവിഷമത്തിലായിരുന്നു രേഷ്മ. ഒപ്പം പണംനല്‍കിയ സംഘത്തിന്റെ ഇടപെടലും ഭീഷണിയുംകാരണമാണ് മകള്‍ രേഷ്മ ആത്മഹത്യചെയ്തത്. അതിനുമുന്‍പ് ചില നമ്പറുകളില്‍നിന്ന് വിളിച്ചും ആളുകളെവിട്ടും ഭീഷണിപ്പെടുത്തിയിരുന്നു. കൂടാതെ പത്തുവയസ്സുള്ള മകളെ അപായപ്പെടുത്തുമെന്നും പേടിയുണ്ടായിരുന്നു. കടബാധ്യതമൂലം ജിനേഷ് വിദേശത്തേക്കുപോകുന്നതിന് മുന്‍പും ഈ സംഘം ബീനാച്ചിയില്‍വെച്ച് ജിനേഷിന്റെ കാര്‍ തടഞ്ഞുനിര്‍ത്തി ഇരുവരെയും മര്‍ദിച്ചതായും രേഷ്മ പറഞ്ഞിട്ടുണ്ട്. വിദേശത്തേക്ക് പോകേണ്ടതിനാല്‍ കേസൊഴിവാക്കാനാണ് ശ്രമിച്ചത്. ജിനേഷിനെ ബീനാച്ചിയിലെ ഒരു വീട്ടില്‍ തടഞ്ഞുവെച്ച് രേഖകള്‍ ഒപ്പിട്ടുവാങ്ങുകയും പലസ്ഥലത്തുവെച്ചും മര്‍ദിക്കുകയുംചെയ്തു.

കളവായി കേസുകൊടുത്തതിനും മാനസികമായി ഭീഷണിപ്പെടുത്തിയതിനും ജിനേഷിന്റെ മരണശേഷം 2025 ആഗസ്റ്റ് 27-ന് രേഷ്മ പോലീസില്‍ പരാതിനല്‍കിയെങ്കിലും നടപടിയുണ്ടായില്ല. 2025 ജനുവരി എട്ടിന് ജിനേഷ് പോലീസില്‍നല്‍കിയ പരാതിയും പോലീസ് അവഗണിച്ചു. തുടര്‍ന്നാണ് രണ്ട് ആത്മഹത്യയും നടന്നത്. ബ്ലേഡ് മാഫിയാസംഘം പ്രദേശത്ത് വ്യാപകമായി പണം കൊള്ളപ്പലിശയ്ക്കുകൊടുക്കുകയും അതുവഴി ധാരാളംപേര്‍ കടുത്ത സാമ്പത്തികക്കെടുതിയില്‍ അകപ്പെട്ടിട്ടുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇസ്രയേലില്‍ കെയര്‍ഗിവറായി ജോലിചെയ്യുകയായിരുന്ന ജിനേഷിനെയും വീട്ടുടമയായ വയോധികയെയുമാണ് അഞ്ചുമാസം മുന്‍പ് ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്ത്രീയെ കുത്തേറ്റനിലയിലും ജിനേഷിനെ തൂങ്ങിമരിച്ചനിലയിലുമാണ് കണ്ടത്.

Next Story

RELATED STORIES

Share it