യുഎഇയോട് രണ്ട് ഗോളിന് തോറ്റ് ഇന്ത്യ

93 മിനിറ്റും നിര്‍ഭാഗ്യം പിന്തുടര്‍ന്നതോടെ സുനില്‍ ഛെത്രിയും ആശിഖ് കരുണിയനും ജെജെയും മെനഞ്ഞെടുത്ത അവസരങ്ങളൊന്നും ലക്ഷ്യം കണ്ടില്ല.

യുഎഇയോട് രണ്ട് ഗോളിന് തോറ്റ് ഇന്ത്യ

അബൂദബി: കളം നിറഞ്ഞ് കളിച്ചെങ്കിലും വിജയം തുണക്കാതെ ഇന്ത്യ. എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ യുഎഇ ഇന്ത്യയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്തു. അബൂദബിയിലെ സെയ്ദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ ഇന്ത്യന്‍ കാണികളുടെ ആവേശവും ടീമിനെ തുണച്ചില്ല.

93 മിനിറ്റും നിര്‍ഭാഗ്യം പിന്തുടര്‍ന്നതോടെ സുനില്‍ ഛെത്രിയും ആശിഖ് കരുണിയനും ജെജെയും മെനഞ്ഞെടുത്ത അവസരങ്ങളൊന്നും ലക്ഷ്യം കണ്ടില്ല. യുഎഇ ഗോളി ബിലാലിന്റെ മാസ്മരിക പ്രകടനത്തിന് മുന്നില്‍ ഇന്ത്യന്‍ ശ്രമങ്ങളെല്ലാം അവസാനിക്കുകയായിരുന്നു. 11ാം മിനിറ്റില്‍ ആഷിഖും 22ാം മിനിറ്റില്‍ ഛെത്രിയും നടത്തിയ ശ്രമങ്ങള്‍ ബിലാലില്‍ തട്ടിത്തകര്‍ന്നു.

42ാം മിനിറ്റില്‍ ഖല്‍ഫാന്‍ മുബാറക്കും 88ാം മിനിറ്റില്‍ മക്ബൗത്തും യുഎഇക്ക് വേണ്ടി വലകുലുക്കി. വിജയത്തോടെ നാല് പോയിന്റുമായി യുഎഇ ഗ്രൂപ്പില്‍ ഒന്നാമതെത്തി. മൂന്ന് പോയിന്റുമായി ഇന്ത്യ രണ്ടാമതാണ്. ആദ്യ മല്‍സരത്തില്‍ ഇന്ത്യ തായ്‌ലന്റിനെ പരാജയപ്പെടുത്തിയിരുന്നു.

RELATED STORIES

Share it
Top