ലോക കപ്പിലെ സെമി ഫൈനലിസ്റ്റുകളെ പരാജയപ്പെടുത്തി സ്‌പെയിന്‍


ലണ്ടന്‍: യുവേഫ നേഷന്‍സ് ലീഗിലെ എ ലീഗ് മല്‍സരത്തില്‍ ലോകകപ്പിലെ സെമിഫൈനലിസ്റ്റായ ഇംഗ്ലണ്ടിനെതിരേ ആവേശജയം സ്വന്തമാക്കി സ്‌പെയിന്‍. ഇംഗ്ലണ്ടിന്റെ തട്ടകമായ ലണ്ടനിലെ വെംബ്ലി സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു സ്പാനിഷ് പടയുടെ ജയം. കാളക്കൂറ്റന്‍മാര്‍ക്ക് വേണ്ടി സോളും റോഡ്രിഗോയും ലക്ഷ്യം കണ്ടപ്പോള്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് ഇംഗ്ലണ്ടിന്റെ ആശ്വാസ ഗോള്‍ നേടി. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് സ്‌പെയിന്‍ വെന്നിക്കൊടി നാട്ടിയത്.
ആന്ദ്രേസ് ഇനിയേസ്റ്റ, ഡേവിഡ് സില്‍വ, ജെറാര്‍ഡ് പിക്വെ തുടങ്ങിയവര്‍ വിരമിച്ചിന് ശേഷം നടക്കുന്ന സ്‌പെയിന്റെ ആദ്യ മല്‍സരം എന്ന പ്രത്യേകതയും ഇതിനുണ്ടായിരുന്നു. കൂടുതല്‍ യുവതാരങ്ങള്‍ക്കായിരുന്നു എന്റിക്വെ അവസരം നല്‍കിയതും.
ലോകകപ്പില്‍ ഇറങ്ങിയ ടീമില്‍ നിന്നും ചില മാറ്റങ്ങളുമായി, പുറത്തിരുന്ന താരങ്ങളെ ഉള്‍പ്പെടുത്തി കോച്ച് ലൂയിസ് എന്റികേ സ്‌പെയിനിനെ പരീക്ഷിച്ചപ്പോള്‍ പരീക്ഷണം വിജയം കണ്ടു.
റാഷ്‌ഫോര്‍ഡിനെയും ഹാരി കെയ്‌നെയും മുന്നില്‍ നിര്‍ത്തി ഇംഗ്ലണ്ട് കോച്ച് സൗത്ത്‌ഗേറ്റ് ഇംഗ്ലീഷ് പടയെ 3-5-2 എന്ന ശൈലിയില്‍ കളത്തിലിറക്കിയപ്പോള്‍ റോഡ്രിഗോ, ഇസ്‌കോ, ആസ്പാസ് ത്രയത്തെ മുന്നില്‍ നിര്‍ത്തി 4-3-3 എന്ന ശൈലിയിലാണ് എന്റികേ സ്‌പെയിനിനെ വിന്യസിച്ചത്.
ഗോള്‍ ശ്രമത്തില്‍ ഇരു ടീമും ഒപ്പത്തിനൊപ്പം നിന്നെങ്കിലും പന്തടക്കത്തില്‍ സ്‌പെയിനായിരുന്നു ആധിപത്യം.
ആദ്യ പകുതിയിലാണ് മല്‍സരത്തിലെ മൂന്നു ഗോളും പിറന്നത്. 11ാം മിനിറ്റില്‍ റാഷ്‌ഫോര്‍ഡിലൂടെയാണ് ഇംഗ്ലണ്ട് മുന്നിലെത്തിയത്. എന്നാല്‍ രണ്ട് മിനിറ്റുകള്‍ക്കുള്ളില്‍ അത്‌ലറ്റികോ മാഡ്രിഡ് താരം സോളിവൂടെ സ്‌പെയിന്‍ സമനില പിടിച്ചു. തുടര്‍ന്ന് റോഡ്രിഗോ സ്‌പെയിനിന്റെ വിജയഗോള്‍ നേടുകയായിരുന്നു.

RELATED STORIES

Share it
Top