World

മഡൂറോയേയും ഭാര്യയേയും ന്യൂയോര്‍ക്കിലെത്തിച്ചു; യുഎസ് കോടതിയില്‍ ഹാജരാക്കുമെന്ന് ട്രംപ്

മഡൂറോയേയും ഭാര്യയേയും ന്യൂയോര്‍ക്കിലെത്തിച്ചു; യുഎസ് കോടതിയില്‍ ഹാജരാക്കുമെന്ന് ട്രംപ്
X

ന്യൂയോര്‍ക്ക്: വെനസ്വേലയില്‍ കടന്നുകയറി വ്യോമാക്രമണം നടത്തി അമേരിക്ക തട്ടിക്കൊണ്ടുപോയ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്ളോറസിനെയും ന്യൂയോര്‍ക്കിലെത്തിച്ചു. ന്യൂയോര്‍ക്കിലെ സ്റ്റുവര്‍ട്ട് എയര്‍ നാഷണല്‍ ഗാര്‍ഡ് ബേസിലെത്തിച്ച ഇരുവരേയും വൈദ്യപരിശോധനകള്‍ക്ക് വിധേയമാക്കി. ന്യൂയോര്‍ക്ക് സിറ്റിയിലെ ബ്രൂക്ലിനിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഫെഡറല്‍ അഡ്മിനിസ്ട്രേറ്റീവ് ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് ഇരുവരെയും മാറ്റും. ന്യൂയോര്‍ക്കില്‍ വച്ച് ഇരുവരെയും ചോദ്യം ചെയ്യുമെന്ന് ട്രംപ് പറഞ്ഞു.

ഇരുവരുമായുള്ള വിമാനം ന്യൂയോര്‍ക്കിലെ സ്റ്റുവാര്‍ട്ട് എയര്‍ നാഷണല്‍ ബേസില്‍ ലാന്‍ഡ് ചെയ്തതായും അവിടെ നിന്നും ഹെലികോപ്റ്ററില്‍ നഗരത്തിലെത്തിക്കുകയും ചെയ്തതായാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. യുഎസ് ഡ്രഗ് എന്‍ഫോഴ്സ്മെന്റ് അഡ്മിനിസ്‌ട്രേഷന്റെ ഓഫീസിലെത്തിക്കുന്ന മഡൂറോയെ വൈകാതെ മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററിലെ ജയിലിലേക്ക് മാറ്റും.

മഡൂറോയ്‌ക്കെതിരെ രണ്ട് കേസുകള്‍ മന്‍ഹാട്ടന്‍ ഫെഡറല്‍ കോടതിയില്‍ രജിസ്റ്റര്‍ ചെയ്‌തെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ആയുധ-ലഹരിക്കടത്താണ് വെനസ്വേലിയന്‍ പ്രസിഡന്റിനെതിരേ ചുമത്തിയിരിക്കുന്നത്. മഡൂറോയേയും ഭാര്യയേയും പ്രസിഡന്‍ഷ്യല്‍ പാലസില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം അമേരിക്കന്‍ യുദ്ധക്കപ്പലില്‍ എത്തിച്ചുവെന്നാണ് ട്രംപ് പ്രസംഗത്തില്‍ പറഞ്ഞത്. കൈകള്‍ ബന്ധിച്ച് കണ്ണുകെട്ടിയ നിലയിലുള്ള മഡൂറോയുടെ ചിത്രവും ട്രംപ് പങ്കുവച്ചിരുന്നു.

വെനസ്വേലയില്‍ ഭരണമാറ്റം സാധ്യമാകുന്നതുവരെ അമേരിക്ക വെനസ്വേലയുടെ ഭരണം ഏറ്റെടുക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്നലെ വ്യക്തമാക്കിയിരുന്നു. വെനസ്വേലയുടെ എണ്ണപ്പാടങ്ങള്‍ പിടിച്ചെടുക്കുമെന്നും വ്യവസായം പുനസ്ഥാപിക്കാന്‍ അമേരിക്കന്‍ കമ്പനികളെ നിയമിക്കുമെന്നും ട്രംപ് പറഞ്ഞു.

Next Story

RELATED STORIES

Share it