India

വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കൂട്ടി

19 കിലോ സിലിണ്ടറിന് 195 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചത്

വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കൂട്ടി
X

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില വര്‍ധിപ്പിച്ച് കമ്പനികള്‍. 19 കിലോ സിലിണ്ടറിന് 195 രൂപ 50 പൈസയാണ് കൂട്ടിയത്. വിമാന ഇന്ധനത്തിനും വില വര്‍ധിച്ചു. ഒരു മാസത്തിനുള്ളില്‍ ഇരട്ടിയോളം തുകയാണ് വര്‍ധിച്ചത്. ഇതോടെ വിമാനടിക്കറ്റ് നിരക്ക് കുതിച്ചുയരും. കടുത്ത പ്രതിസന്ധിയില്‍ നില്‍ക്കുന്ന ഹോട്ടല്‍ മേഖലയ്ക്ക് ഇരുട്ടടിയാണിത്. കേരളത്തിലെ പുതിയ വില 2,092 രൂപയാണ്. അതേസമയം ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. അഞ്ച് കിലോയുടെ മിനി സിലിണ്ടറുകള്‍ക്ക് 51 രൂപയും വര്‍ധിപ്പിച്ചിട്ടുണ്ട്.

19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില ഡല്‍ഹിയില്‍ 2,078.50 രൂപയായി വര്‍ധിച്ചെന്ന് എണ്ണക്കമ്പനികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു. മുംബൈയില്‍ 2,031 രൂപയായും ഉയര്‍ന്നു. മാര്‍ച്ചിലുണ്ടായ 114.5 രൂപയുടെ വര്‍ധനവിന് പിന്നാലെയാണ് കുത്തനെയുള്ള വില വര്‍ദ്ധന. തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ യാത്ര തടസ്സപ്പെട്ടതിനെ തുടര്‍ന്നാണിത്. മാര്‍ച്ച് ഏഴിന് അവസാനമായി പരിഷ്‌കരിച്ചതിന് ശേഷവും ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. ഡല്‍ഹിയില്‍ ഗാര്‍ഹിക എല്‍പിജി നിരക്ക് അവസാനമായി 14.2 കിലോഗ്രാം സിലിണ്ടറിന് 60 രൂപ വര്‍ധിപ്പിച്ചിരുന്നു. നിലവില്‍ 14.2 കിലോഗ്രാം സിലിണ്ടറിന് 913 രൂപയാണ് വില.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് എല്ലാ മാസവും ഒന്നാം തീയതിയാണ് എണ്ണ കമ്പനികള്‍ വില പുനര്‍നിര്‍ണ്ണയിക്കുന്നത്. ഹോട്ടലുകള്‍, മറ്റ് വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയെ എല്‍പിജി ക്ഷാമത്തിനൊപ്പം വിലക്കയറ്റം കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന സ്ഥിതിയാണ്. അതേസമയം എല്‍പിജി വിപണിയില്‍ വലിയ മാറ്റങ്ങളുണ്ടാകുമ്പോഴും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു.

ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ നീക്കത്തിന്റെ ഏകദേശം 20 ശതമാനവും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗത തടസം ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വലിയ ഊര്‍ജ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നിലവിലെ തടസങ്ങള്‍ കാരണം ആഗോള വിപണിയില്‍ എണ്ണവില കുത്തനെ ഉയരാന്‍ ഇത് കാരണമായിട്ടുണ്ട്. വിതരണത്തിലെ കുറവ് അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിക്കാന്‍ ഇടയാക്കി.

Next Story

RELATED STORIES

Share it